Saturday 17 April 2021 12:05 PM IST : By സ്വന്തം ലേഖകൻ

‘ഈ വീട്ടിലേക്ക് എന്റെ മകളെ തരില്ലെന്ന് അന്ന് അച്ഛന് പറയാമായിരുന്നു’: സ്വപ്നത്തിന് തറക്കല്ലിട്ട നിമിഷം: കുറിപ്പ്

raghunath

വിവാഹാലോചനകളിൽ ചെക്കന്റെ വീടിനും ചുറ്റുപാടുകൾക്കും വലിയ പ്രാധാന്യമുള്ളത്. മരുമകന്റെ വീടിന്റെ വലുപ്പവും തറവാട്ടു മഹിമയും കണക്കാക്കി കല്യാണാലോചനകൾ നടക്കുന്ന കാലത്ത് വേറിട്ടൊരു കഥ പറയുകയാണ് രഘുനാഥ്. ആഗ്രഹിച്ച പ്രണയം സ്വന്തമായപ്പോഴും ഇത്തിരിപ്പോന്ന തന്റെ വീടായിരുന്നു പലരേയും അസ്വസ്ഥരാക്കിയതെന്ന് രഘുനാഥ് പറയുന്നു. പക്ഷേ എല്ലാ ബുദ്ധിമുട്ടുകളേയും മറികടന്ന് തന്റെ സ്വപ്നവീടിന് തറക്കല്ലിട്ടുവെന്നും രഘുനാഥ് കുറിക്കുന്നു. എന്റെ വീട് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് തന്റെ സ്വപ്നത്തെക്കുറിച്ച് രഘുനാഥ് പങ്കുവച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഒരു 26 വയസ്സുകാരന്റെ എടുത്തുചാട്ടം ! അല്ല ധൈര്യം എന്നു പറയാൻ ആണ് എനിക്ക് ഇപ്പോൾ ഇഷ്ടം. പഠനകാലത്തെ പ്രണയം 2 വീട്ടിലും അവതരിപ്പിച്ചു വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ കടന്നു പോയി എന്നാൽ എന്റെ വീടിനെ പറ്റി അവളുടെ ബന്ധുകളുടെ മുറുമുറുപ്പ് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. സാമ്പത്തികമായി അവരുടെ അത്ര ഉന്നതി ഇന്നത്തെ ചുറ്റുപാടിൽ ഇല്ല. എന്നാലും എല്ലാം അറിഞ്ഞ് ആ അച്ഛൻ പഴയ വീട്ടിലേക്ക് അണെങ്കിലും എന്റെ മോളെ തരുന്നതിൽ സന്തോഷമേ ഉള്ളൂ എന്നു പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

ഏതൊരു അച്ഛനും വളരെ എളുപ്പം പറയാവുന്ന ഒരു കാര്യം ഉണ്ടായിരുന്നു ഈ വീട്ടിലേക്ക് എന്റെ മകളെ തരില്ല എന്ന് ! പക്ഷേ അദ്ധേഹം അത് പറഞ്ഞില്ല. ഞാൻ ആ അച്ഛന് ഒരു വാക് കൊടുത്തു. വീട് കെട്ടിയിട്ട് മതി വിവാഹം എന്ന് ! ഫെബ്രുവരിയിൽ കല്യാണം നിശ്ചയിച്ചു. നവംബറിൽ കല്യാണം . മാർച്ചിൽ വീടു പണി തുടങ്ങി ഇന്നലെ തറയുടെ പണി കഴിഞ്ഞു. തടസ്സങ്ങൾ ഒന്നും ഇല്ലാതെ പൂർത്തിയാവാൻ എല്ലാരുടെയും അനുഗ്രവും പ്രാർത്ഥനയും വേണം.