Saturday 12 January 2019 12:52 PM IST : By സ്വന്തം ലേഖകൻ

ആ സെൽഫി സുന്ദരി യുഎഇക്കാരിയല്ല; രാഹുലിനൊപ്പമുള്ള `മൊഞ്ചത്തിയെ` കണ്ടെത്തി സോഷ്യൽമീഡിയ

rg

കോൺഗ്രസ് അധ്യക്ഷൻരാഹുൽ ഗാന്ധിയുടെ ദുബായി സന്ദർശനമാണ് ഇപ്പോൾ വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ദുബായിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. എന്നാൽ രാഹുലിന്റെ സന്ദർശനം ഒരു മൊഞ്ചത്തിക്ക് അപ്രതീക്ഷിതമായൊരു താരപദവി സമ്മാനിച്ചിരിക്കുകയാണ്. ഒരു സെൽഫിയിൽ നിന്നുമാണ് ആ വൈറൽ കഥയുടെ ഫ്ലാഷ്ബാക്ക് തുടങ്ങുന്നത്.

ദുബായിയിൽ രാഹുല്‍ എത്തിയപാടെ സുന്ദരിയായ ഒരു പെൺകുട്ടിക്കൊപ്പം നിന്ന് ഉഗ്രനൊരു സെൽഫിയെടുത്തിരുന്നു. സെൽഫി ഞൊടിയിട കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. സെൽഫി ചിത്രം രാഹുൽ തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചതോടെ പല തരത്തിലുള്ള അഭ്യൂഹങ്ങളും പിറന്നു. ഫൊട്ടോ കണ്ടപാടെ രാഹുലിനൊപ്പം സെൽഫിയെടുത്ത ആ സുന്ദരിയാര് എന്നറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു സോഷ്യൽമീഡിയ.

യുഎഇ സ്വദേശിയായ യുവതിയാണെന്നും വിമാനത്താവള ജീവനക്കാരിയാണ് എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയകമന്റുകൾ. ഒടുവിൽ ആ സുന്ദരിയെ കണ്ടുപിടിച്ചു. അതൊരു മലയാളിയാണ്. കാസർകോട് മേൽപറമ്പ് സ്വദേശി ഹസിൻ അബ്ദുല്ല. സഹോദരൻ നൗഫൽ അബ്ദുല്ലയ്ക്കൊപ്പം രാഹുലിനെ കാണാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും തിരക്കു കാരണം ഫോട്ടോ എടുക്കാൻ സാധിച്ചില്ല.

തുടർന്ന് അനുവാദം വാങ്ങിയ ശേഷം കുടുംബത്തിനൊപ്പം രാഹുൽ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലിൽ എത്തുകയും സെൽഫി എടുക്കുകയും ചെയ്തു. ഈ ചിത്രം രാഹുലിന്റെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്നോ ഇത്രയധികം ചർച്ചയാകുമെന്നോ ഈ പെൺകുട്ടി കരുതിയിരുന്നില്ല.

സെൽഫിയെടുക്കുന്ന ഫോട്ടോ രാഹുൽ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തിയിരുന്നു. സുരക്ഷാ ആവശ്യങ്ങൾക്കായി എടുത്തതാണെന്നായിരുന്നു ഹസിൻ മനസിലാക്കിയിരുന്നത്. താനുമായുളള സെൽഫി രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് സ്വപനത്തിൽ പോലും കരുതിയിരുന്നില്ലെന്നും ഹസിൻ പറയുന്നു. ദുബായിൽ സഹോദരനൊപ്പം ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ് ഹസിൻ.