Wednesday 24 February 2021 03:50 PM IST : By സ്വന്തം ലേഖകൻ

ടീഷർട്ട് ഊരി കടലിലേക്ക് ഒറ്റച്ചാട്ടം, കടലിൽ നീന്തി: ഞങ്ങൾക്കൊപ്പം ഭക്ഷണം കഴിച്ചു: ആ ബോട്ടുടമ പറയുന്നു

rahul-sea

കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര ചെയ്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു വാടി തുറമുഖത്ത് നിന്നാണ് രാഹുല്‍ കടലിലേക്ക് പോയത്. രണ്ടു മണിക്കൂറോളം കടലില്‍ ചെലവിട്ട രാഹുൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു. തൊഴിലാളികൾക്കൊപ്പം കടലിൽ വലവലിച്ച അനുഭവവും രാഹുൽ പങ്കുവച്ചിരുന്നു.

‘ഞങ്ങൾ ഇന്ന് കടലിൽ പോയി വല വിരിച്ചു. ഞാൻ കരുതിയത് ഒരുപാട് മൽസ്യങ്ങൾ ലഭിക്കുമെന്നാണ്. പക്ഷേ, വല വലിച്ചപ്പോൾ അതിൽ വളരെ കുറച്ച് മൽസ്യമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ നേരിട്ടു മനസിലാക്കി നിങ്ങൾ നേരിടുന്ന പ്രശ്നം. ഞാൻ ഇന്ന് മാത്രമാണ് ഇത് നേരിട്ടുകണ്ടത്. എന്നാൽ നിങ്ങൾ എന്നും ഇത് അനുഭവിക്കുന്നു.’– സമുദ്രയാത്രയ്ക്കു ശേഷം രാഹുൽ പറഞ്ഞു.

ഇപ്പോഴിതാ രാഹുലിനൊപ്പം ബോട്ടിൽ നിമിഷങ്ങൾ പങ്കുട്ട ബോട്ടുടമ ബിജു ലോറൻസിന്റെ വാക്കുകളും വൈറലാകുകയാണ്. ‘എന്തിനാണ് ഇവർ കടലിൽ ചാടുന്നത്? രാഹുൽ തിരക്കി. സാർ, ഇപ്പോൾ മീൻ കുറവാണ്. കുടുങ്ങിയ മീൻ ചാടി പോകാതിരിക്കാൻ വല ഒതുക്കാനാണ് അവർ കടലിൽ ചാടിയത്. ഞാനും അവർ‌ക്കൊപ്പം കൂടുന്നു. ധരിച്ചിരുന്ന ടീഷർട്ട് ഉൗരി മാറ്റിയ ശേഷം രാഹുൽ ഗാന്ധി അവർക്കൊപ്പം കടലിൽ ചാടി. പിന്നീട് ആ വല വലിച്ച് കയറ്റി. കടലിൽ അദ്ദേഹം നന്നായി നീന്തി. ബോട്ടിൽ കയറിയ ശേഷവും വല വലിക്കാൻ അദ്ദേഹം ഒപ്പം കൂടി. ഒരു വേർതിരിവും കാണിക്കാതെ തൊഴിലാളികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. ഞങ്ങളോട് വിശേഷങ്ങൾ ചോദിച്ചു.’- ബിജു ലോറൻസ് പറയുന്നു.

‘വലയിൽ അധികം മീൻ കിട്ടാതെ ഇരുന്നത് അദ്ദേഹത്തെ നിരാശനാക്കി. പുലർച്ച നാലുമണിക്ക് തന്നെ അദ്ദേഹം വാടി കടപ്പുറത്ത് എത്തി ഞങ്ങൾക്കൊപ്പം കടലിലേക്ക് വരികയായിരുന്നു. ബോട്ടിൽ വച്ച് ഞങ്ങളോട് കുടുംബത്തെ പറ്റിയും വരുമാനത്തെ പറ്റിയും ഞങ്ങളുടെ മക്കളെ പറ്റിയും അദ്ദേഹം ചോദിച്ചറിഞ്ഞു. ഞാനൊരു ഇടതുപക്ഷക്കാരനാണ്. പക്ഷേ രാഹുലിനെ പോലെ ഒരു നേതാവ് വരുമ്പോൾ നമുക്ക് രാഷ്ട്രീയമല്ല. അത്രമാത്രം അടുത്തിടപഴകി അദ്ദേഹം’. ബിജു പറയുന്നു.