Thursday 15 February 2018 02:39 PM IST : By രൂപാ ദയാബ്ജി

നദിയേ... കടലിൽ സേരാതേ.. എന്നുൾ കലൈന്ത് വിട്...! ഉള്ളിലൊളിപ്പിച്ച പ്രണയമധുരം

rahul_riji_nair

‘‘നദിയേ... കടലിൽ സേരാതേ...

എന്നുൾ കലൈന്ത് വിട്...

മഴയേ... മണ്ണൈ സേരാതേ...

നെഞ്ചുൾ നിറൈന്ത് വിട്... ’’

പറയാതെ ഉള്ളിൽ വയ്ക്കുന്ന പ്രണയത്തിന് മധുരം അൽപം കൂടുതലാണ്. കാണുമ്പോഴും അടുത്തിരിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം നമ്മുടേതാണെന്ന് മനസ്സു പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ, നമ്മുടേത് മാത്രമാണോ എന്ന് ഉറപ്പിക്കാനാകില്ല. ഒരിക്കൽ ഈ പ്രണയം തുറന്നുപറഞ്ഞാൽ പിന്നെ കടലും തിരയും പോലെയാകുമത്, വേർപിരിക്കാനാകാതെ ഒന്നുചേർന്നിരിക്കും.

പറയാതെ പറയുന്ന പ്രണയത്തിന്റെ തീവ്രത അറിയണമെന്നുണ്ടെങ്കിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ‘മൗനം സൊല്ലും വാർത്തൈകൾ’ എന്ന മ്യൂസിക് ആൽബം കാണണം. ‘ഹ്യൂമൻ ബൗണ്ടറീസ്’ എന്ന ആദ്യ ഷോർട്ട് ഫിലിം കൊണ്ടുതന്നെ അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയനായ രാഹുൽ റിജി നായരാണ് ഈ ആൽബത്തിനു പിന്നിൽ. ഹിറ്റ് ചാർട്ടിലും മനസ്സിലും പ്രണയം തൊട്ട നിമിഷങ്ങളെ കുറിച്ച് രാഹുൽ ‘വനിത ഓൺലൈനോ’ട് സംസാരിക്കുന്നു.

∙ പ്രണയഗാനത്തിന് തമിഴിൽ വരികൾ ?

പ്രണയത്തിനു ഭാഷയോ വേഷമോ നിറമോ ഒന്നും മാനദണ്ഡമല്ല എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ‘കാതൽ റോജാവേ...’ എന്ന എ.ആർ റഹ്മാൻ മെലഡി പ്രണയിനിയെ കുറിച്ചോർക്കുമ്പോൾ തമിഴകം മാത്രമല്ല, ഇങ്ങ് മലയാളവും മൂളിയിട്ടുണ്ട്. ഈ പാട്ട് മൂളി ക്യാംപസിൽ പ്രണയിച്ചുനടന്ന ആളാണ് ഞാൻ. കൊല്ലം അമൃത സ്കൂൾ ഓഫ് എൻജിനിയറിങ്ങിൽ പഠിക്കുമ്പോൾ പ്രണയിച്ച സഹപാഠി നിത്യയാണ് ഇന്ന് എന്റെ നല്ല പാതി. എ.ആർ റഹ്മാന്റെ ഹാർഡ് കോർ ഫാൻ കൂടിയായ ഞാൻ മ്യൂസിക് ആൽബം ചെയ്യുമ്പോൾ അതിൽ പ്രണയം തരിയെങ്കിലുമില്ലാതെ വരില്ലല്ലോ. ഈ ആൽബത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ ഗാനരചയിതാവ് ഒഴികെ ബാക്കിയെല്ലാവരും മലയാളികളാണ്. അതായത് പക്കാ മല്ലു മ്യൂസിക് ആൽബം.

∙ ‘മൗനം സൊല്ലും വാർത്തൈകൾ’ക്ക് പിന്നിലെ കഥകൾ എന്തൊക്കെയാണ് ?

ഈ ആൽബത്തിന്റെ സൗണ്ട് ട്രാക്ക് അയച്ചുതന്നിട്ട് എന്തെങ്കിലും ചെയ്താലോ എന്നു ചോദിക്കുന്നത് മ്യൂസിക് ഡയറക്ടർ കൂടിയായ സിദ്ധാർഥ പ്രദീപ് ആണ്. കേട്ടപ്പോൾ തന്നെ ഇഷ്ടമായി, കുറച്ച് സെമി ക്ലാസിക്കൽ ടച്ച് ഒക്കെയുണ്ട്. എൻ. ജയകുമാറിന്റെ വരികൾ കൂടിയായപ്പോൾ സംഗതി സൂപ്പർ. നല്ല അർഥമുള്ള, ഹൃദയത്തിൽ തൊടുന്ന വരികൾ. പക്ഷേ, ഞങ്ങളുടെ കൂട്ടത്തിലാർക്കും തമിഴ് സംസാരിക്കാനറിയില്ല. അതുകൊണ്ട് പാടുമ്പോൾ ഉച്ചാരണം കൃത്യമാണോ എന്നറിയില്ല. പിന്നെ കൂടെ പഠിച്ച സുഹൃത്തുക്കളെയും പരിചയക്കാരെയമൊക്കെ ട്രാക്ക് കേൾപ്പിച്ച് കറക്ട് ചെയ്യുകയായിരുന്നു.

mounam

നമ്മൾ പ്രണയിക്കുമ്പോൾ രണ്ടുപേർക്കും ഒരേ സ്വഭാവമാകണമെന്നില്ല. മിക്കപ്പോഴും കോൺട്രാസ്റ്റിലാണ് പ്രണയത്തിന്റെ കെമിസ്ട്രി വർക്ക് ഔട്ട് ആകുന്നത്. ഈ ആൽബത്തിലെ വിഷ്വലുകളും ആ തരത്തിലാണ് ചെയ്തത്. വളരെ പൊക്കം കൂടിയ, തടിയനായ നായകൻ. മെലിഞ്ഞ്, പൊക്കം കുറഞ്ഞ സുന്ദരിയായ നായിക. നായകൻ നന്നായി സംസാരിക്കുന്ന, ഈസി ഗോയിങ് കാരക്ടറാണ്. പക്ഷേ, നായിക അധികം സംസാരിക്കാത്ത പക്വതയുള്ള പെൺകുട്ടി. ഇങ്ങനെയുള്ളവർ ഒന്നിക്കുമ്പോഴാണ് പ്രണയം വർക്ക് ഔട്ട് ആകുന്നത്. അതായിരുന്നു ഈ ആൽബത്തിന്റെ വിജയവും. ആനന്ദം ഫെയിം വിനീത കോശിയാണ് നായിക. എന്റെ തന്നെ ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചിട്ടുള്ള അഭിമന്യു രാമാനന്ദാണ് നായകൻ. ഇവരുടെ സുഹൃത്തുക്കളായി വരുന്നത് രഞ്ജിത്തും സുജിത്തുമാണ്.

mounam02

∙ ആൽബത്തിന്റെ പിന്നണിയിലുള്ളവരും മികച്ച രീതിയിൽ പ്രവർത്തിച്ചു ?

2011ലാണ് ഞാനും കുറച്ച് കൂട്ടുകാരും ചേർന്ന് ഫസ്റ്റ് പ്രിന്റെ സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസ് സ്ഥാപിക്കുന്നത്. ഞങ്ങൾ സുഹൃത്തുക്കളുടെ സിനിമാ മോഹങ്ങളായിരുന്നു അതിനു പിന്നിൽ. പലയിടത്തായി ജോലി ചെയ്യുന്ന ഞങ്ങൾ റീയൂണിയൻ പോലെയാണ് ഓരോ വർക്കിനും ഒന്നിക്കുന്നത്. അതുകൊണ്ട് സൗഹൃദത്തിന്റെ കെമിസ്ത്രി കൂടി ഓരോ വർക്കിനു പിന്നിലുമുണ്ട്.

mounam_sollum

ഈ ആൽബത്തിന്റെ വിഷ്വൽസിനാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കമന്റുകൾ കിട്ടിയത്. ക്യാമറ ചെയ്ത ലൂക്ക് ജോസിന് 20 വയസ്സേയുള്ളൂ, പക്ഷേ, ഇതിനകം ഇരുപതിലധികം ഷോർട്ട് ഫിലിമുകളും മ്യൂസിക് ആൽബങ്ങളുമൊക്കെ ലൂക്ക് ചെയ്തു. അമൃതജയകുമാറും നിതിൻ രാജുമാണ് പാടിയിരിക്കുന്നത്. സംവിധായകൻ ജയരാജിന്റെ പുതിയ ചിത്രം ‘വീരം’ എഡിറ്റ് ചെയ്ത അപ്പു ഭട്ടതിരിയാണ് ഇതിന്റെയും എഡിറ്റർ. ജോമോന്റെ സുവിശേഷങ്ങൾ ഉൾപ്പെടെയുള്ള സിനിമകളുടെ മ്യൂസിക് റൈറ്റ്സുള്ള മ്യൂസിക് 247 ആണ് ഈ ആൽബവും റിലീസ് ചെയ്തത്.

∙ ഐടി ജോലിയിൽ നിന്ന് സിനിമയിലേക്കുള്ള രാഹുലിന്റെ ട്വിസ്റ്റിലും അൽപം നാടകീയതയുണ്ട് ?

പഠിക്കുന്ന കാലം മുതലേ സിനിമയും പാട്ടുമൊക്കെയായിരുന്നു ഇഷ്ടം. അന്ന് നാടകമൊക്കെ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ക്യാംപസ് പ്ലേസ്മെന്റ് കിട്ടി മൈസൂരു ഇൻഫോസിസില്‍ ജോലിക്ക് ചേർന്നെങ്കിലും സിനിമ വിളിച്ചുകൊണ്ടേയിരുന്നു. ‘ഹ്യൂമൻ ബൗണ്ടറീസ്’ ആണ് ബ്രേക്ക് നൽകിയത്. ഇന്ത്യയിലും യൂറോപ്പിലും പല ഫെസ്റ്റിവലുകളിൽ അത് അവാർഡുകളും അംഗീകാരങ്ങളും നേടി. യുഎൻ ഹെഡ്ക്വാർട്ടേഴ്സിലുൾപ്പെടെ അത് പ്രദർശിപ്പിച്ചു. പിന്നീട് ചെയ്ത ‘ട്രോൾ ലൈഫ്’ എന്ന ഷോർട്ട് ഫിലിം ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം മേക്കിങ് ചാലഞ്ചിൽ പ്ലാറ്റിനം ഫിലിം ഓഫ് ദ് ഇയർ പദവി നേടി. നിത്യയുമായുള്ള വിവാഹം 23–ാം വയസ്സിലായിരുന്നു. നാട്ടിൽ ഞാൻ ടിസിഎസിൽ ജോയിൻ ചെയ്തെങ്കിലും പിന്നീട് രാജിവച്ചു. നിത്യ ഇപ്പോൾ യുഎസ്ടി ഗ്ലോബലിലാണ്. ഞങ്ങൾ തിരുവനന്തപുരത്ത് താമസിക്കുന്നു.

rahul_nithya
രാഹുലും ഭാര്യ നിത്യയും