Monday 19 April 2021 02:37 PM IST : By സ്വന്തം ലേഖകൻ

കുതിച്ചെത്തി ട്രെയിൻ, ട്രാക്കിൽ നിലതെറ്റി വീണ് കുഞ്ഞ്! തലനാരിഴയ്ക്ക് രക്ഷപ്പെടുത്തി റെയിൽവേ ജീവനക്കാരൻ: വിഡിയോ

train-run

നെഞ്ചിടിപ്പേറ്റുന്ന കാഴ്ച... എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ. അതിനിടയിലേക്ക് ദൈവത്തിന്റെ കരസ്പർശമെന്ന പോലെ ഒരു രക്ഷകൻ. മഹാരാഷ്ട്രയിലെ വംഗാനി റെയില്‍വേ സ്റ്റേഷനിൽ നിന്നാണ് ചങ്കുപിടയ്ക്കുന്ന ആ ദൃശ്യങ്ങൾ പുറത്തു വരുന്നത്.

ഒരു സ്ത്രീക്കൊപ്പം റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോകുകയായിരുന്നു കുഞ്ഞ്. കണ്ണൊന്നുപാളിയ നിമിഷം അതു സംഭവിച്ചു, കാൽതെറ്റി കുഞ്ഞ് റെയിൽവേ പാളത്തിലേക്ക് വീണു. ‌അപ്പോഴാണ് എതിര്‍ ദിശയില്‍ നിന്ന് ഒരു ട്രെയിന്‍ കുതിച്ചെത്തിയത്‍. എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ, സ്ത്രീയാകട്ടെ നിസഹായയും പരിഭ്രാന്തയുമായി നിലവിളിക്കുകയാണ്. ഈ നിമിഷമാണ് രക്ഷകന്റെ രംഗപ്രവേശം. സ്ത്രീയുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ട റെയില്‍വെ ജീവനക്കാരന്‍ പാളത്തിലൂടെ ഓടിവന്ന് കുഞ്ഞിനെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി. സെക്കന്റുകളുടെ വ്യത്യാസത്തിൽ ട്രെയിൻ അതുവഴി കടന്നുപോകുകയും ചെയ്തു.

റെയില്‍വേയില്‍ പോയിന്റ്‌സ്മാനായി ജോലി ചെയ്യുന്ന മയൂര്‍ ഷെല്‍ക്കയാണ് കുഞ്ഞിന്റെ രക്ഷകനായെത്തിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് കുഞ്ഞിനെ മയൂര്‍ ഷെല്‍ക്ക രക്ഷിച്ചത്. കുഞ്ഞിനെ രക്ഷിച്ച മയൂര്‍ ഷെല്‍ക്കയുടെ വീഡിയോ എഎന്‍ഐ ആണ് പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ മയൂര്‍ ഷെല്‍ക്കയുടെ ധീരമായ ഇടപെടലിന് വിവിധ കോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്.