Thursday 17 November 2022 02:50 PM IST : By സ്വന്തം ലേഖകൻ

പാളത്തിൽ വിള്ളൽ, ശ്രീകുമാർ അലറിവിളിച്ചുകൊണ്ട് ചുവന്ന കൊടി ഉയർത്തി വീശി പാളത്തിലൂടെ ഓടി; ഒഴിവായത് വൻദുരന്തം

railway66447677

ഓച്ചിറ ചങ്ങൻകുളങ്ങര പോംപ്സി റെയിൽവേ ക്രോസിനും കൊറ്റമ്പള്ളി തഴക്കുഴി റെയിൽവേ‍ ക്രോസിനും ഇടയിൽ റെയിൽവേ പാളത്തിൽ വിള്ളൽ.‍ കീ മാൻ ട്രെയിൻ കടന്നുപോകുന്നതിനു മുൻപ് വിള്ളൽ കണ്ടെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. 

ഇന്നലെ രാവിലെ 9.15ന് ആയിരുന്നു സംഭവം. ട്രെയിൻ കടന്നുപോകുന്നതിനു മുൻപ് പാളം പരിശോധിച്ച തഴവ സ്വദേശി ശ്രീകുമാർ എന്ന കീ മാൻ ആണ് വിള്ളൽ‍ കണ്ടെത്തിയത്. അപ്പോഴേക്കും പാളത്തിലൂടെ കടന്നുപോകുന്നതിനു ചെന്നൈ മെയിൽ 750 മീറ്റർ ദൂരെ എത്തിയിരുന്നു. ശ്രീകുമാർ അലറി വിളിച്ചുകൊണ്ട് ചുവന്ന കൊടി ഉയർത്തി വീശി പാളത്തിൽ കൂടി ഓടുകയായിരുന്നു. 

ട്രെയിനിന്റെ ലോക്കോ പൈലറ്റ് കീ മാനെ കണ്ട് ട്രെയിൻ തഴക്കുഴി ക്രോസിനു സമീപം നിർത്തി. ഓട്ടത്തിനിടയിൽ പാളത്തിൽ വീണെങ്കിലും വീണ്ടും എഴുന്നേറ്റ് ഓടിയാണു ശ്രീകുമാർ ട്രെയിൻ നിർത്തിച്ചത്. പാളങ്ങൾ തമ്മിൽ വെൽഡ് ചെയ്തു ബന്ധിപ്പിച്ച ഭാഗം അകന്നു മാറി വശങ്ങളിലെ ഉരുക്ക് പ്ലേറ്റുകൾ അടർന്നു പോയതാണു പാളത്തിലെ വിള്ളലിനു കാരണം. പാളത്തിൽ‍ ഏകദേശം 5 സെന്റിമീറ്ററോളം ഉരുക്ക് പ്ലേറ്റ് അകന്നു മാറിയിരുന്നു. 

വഞ്ചിനാട് എക്സ്പ്രസ് പാളത്തിലൂടെ കടന്നു പോയ ശേഷമാണു കീ മാൻ ട്രാക്ക് പരിശോധന നടത്തിയത്. ചെന്നൈ മെയിൽ അര മണിക്കൂറോളം നിർത്തിയിട്ട ശേഷം പാളത്തിലെ തകരാറ് ഭാഗികമായി പരിഹരിച്ച് വേഗം കുറച്ച് ട്രെയിനുകൾ കടത്തി വിട്ടു. വൈകിട്ട് 5 മണിയോടെ റെയിൽവേ മാവേലിക്കര സീനിയർ സെക്‌ഷൻ എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾ പരിശ്രമിച്ചാണ് പാളത്തിലെ തകരാറ് പൂർണമായി പരിഹരിച്ചത്. റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരും കീമാൻ ശ്രീകുമാറിനെ അഭിനന്ദിച്ചു.

Tags:
  • Spotlight