Friday 14 May 2021 12:02 PM IST : By സ്വന്തം ലേഖകൻ

ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകും; 60 മുതൽ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും! ആലപ്പുഴ മുതൽ മലപ്പുറം വരെ കനത്ത മഴയ്ക്ക് സാധ്യത

heavvbb646r6fyvhv

ന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നും മുന്നറിയിപ്പുണ്ട്. മധ്യകേരളം മുതൽ വടക്കൻ കേരളം വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. ഇന്നു പ്രഖ്യാപിച്ചിരുന്ന റെ‍ഡ് അലർട്ട് പിൻവലിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാലു ക്യാംപുകളിലായി 87 പേരെ മാറ്റിപാർപ്പിച്ചതായി ലാൻഡ് റവന്യു കമ്മിഷണറേറ്റ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ക്യാംപുകൾ ആരംഭിച്ചത്.

തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. ധര്‍മമുടമ്പ്, കാലടി പ്രദേശങ്ങളില്‍ 15 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ന്യൂനമര്‍ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. 60–70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശും, തിരമാല തീരത്ത് ഒരു മീറ്റര്‍ വരെ ഉയരാം. തിരുവനന്തപുരത്തും കൊല്ലത്തും ഇന്നത്തെ വാക്സീനേഷന്‍ ക്യാംപുകള്‍ റദ്ദാക്കി. തെക്കന്‍ ജില്ലകളില്‍ രാത്രി തുടങ്ങിയ മഴ തുടരുകയാണ്. ആലപ്പുഴ കുട്ടനാട് മേഖലയില്‍ വെള്ളം കയറി, കാവാലത്ത് മടവീഴ്ച. കൊല്ലം ആലപ്പാട്, പരവൂര്‍ മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.

അതേസമയം, കോവി‍ഡ് മാനദണ്ഡം പാലിച്ചാണ് ക്യാംപുകള്‍, രോഗികളും അല്ലാത്തവരും രണ്ടിടത്താണ്. സംസ്ഥാനത്ത് ക്യാംപുകളിലേക്ക് മാറാന്‍ ആശങ്കവേണ്ടെന്നും ദുരന്തനിവാരണ കമ്മീഷണര്‍ എ. കൗശിഗന്‍ പറഞ്ഞു. ലോക്ഡൗണ്‍ മൂലം ആശയവിനിമയം തടസ്സപ്പെടാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വേണമെന്നും ദുരന്തനിവാരണ കമ്മീഷണര്‍ പറ‍ഞ്ഞു.

latest updates... 

Tags:
  • Spotlight
  • Social Media Viral