Thursday 13 June 2019 09:40 AM IST : By സ്വന്തം ലേഖകൻ

വീണ്ടും ക്രൂരത! കൺസഷൻ ചോദിച്ച പ്ളസ് വൺ വിദ്യാർഥിനിയെ മഴയത്ത് ഇറക്കി വിട്ടു

rain-new

വെഞ്ഞാറമൂട് ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ളസ് വൺ വിദ്യാർഥിനിയെ കൺസഷൻ നിഷേധിച്ച് സ്വകാര്യ ബസ് ജീവനക്കാരൻ ബസിൽ നിന്നും മഴയത്ത് വഴിയിൽ ഇറക്കി വിട്ടതായി പരാതി. ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം കോംപ്ലക്‌സിൽ താമസിച്ച് കായിക പരിശീലനം നേടുന്ന കുട്ടിയെയാണ് സ്കൂളിൽ നിന്നും സ്റ്റേഡിയം കോംപ്ളക്സിലേക്കുള്ള യാത്രക്കിടെ അശ്വതി ബസിൽ നിന്നും ഇറക്കി വിട്ടത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി വെഞ്ഞാറമൂട്ടിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുവാൻ ബസിൽ കയറിയ ഉടൻ ബസ് ജീവനക്കാർ ഐ.ഡി.കാർഡ് കാട്ടണമെന്നും കാർഡില്ലെങ്കിൽ കൺസഷൻ അനുവദിക്കില്ലെന്നും പറഞ്ഞു.

പുതിയതായി പ്രവേശനമെടുത്തതിനാൽ കാർഡില്ലെന്ന് പറഞ്ഞപ്പോൾ എട്ട് രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.  എന്നാൽ തന്റെ കൈയ്യിൽ ആകെ 3 രൂപയെ ഉള്ളൂവെന്ന് പെൺകുട്ടി പറഞ്ഞു.  ആ മൂന്ന് രൂപയും വാങ്ങി ബസ് ജീവനക്കാരൻ വഴിയിൽ ഇറക്കി വിട്ടുവെന്നാണ് പരാതി. ശക്തമായ മഴയുണ്ടായിരുന്ന സമയത്ത് റോഡിൽ നിന്നും കരയുന്ന പെൺകുട്ടിയെ നാട്ടുകാർ ശ്രദ്ധിച്ചു.

തുടർന്ന്  കാര്യം അന്വേഷിച്ചു.അപ്പോഴാണ് സ്വകാര്യ ബസ് ജീവനക്കാർ വഴിയിൽ ഇറക്കി വിട്ടതാണന്ന് അറിയുന്നത്. നാട്ടുകാർ ഫോൺ  വിളിച്ച് രക്ഷിതാക്കളെ വിവരം അറിയിച്ചു. മാതാവ് എത്തി പിന്നീട് പെൺകുട്ടിയെ കൂട്ടി കൊണ്ട് പോവുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.