Tuesday 17 July 2018 05:23 PM IST

‘വെള്ളത്തിൽ മുങ്ങിയ വാഹനം സ്റ്റാർട്ട് ചെയ്യാമോ?, ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ?’; വണ്ടിക്ക് ‘പണികിട്ടാതിരിക്കാൻ’ ശ്രദ്ധിക്കണം ഈ ആറ് കാര്യങ്ങൾ

Binsha Muhammed

vehicle-rain

കാലവർഷം ഇടിച്ചുകുത്തി പെയ്യുകയാണ്. റോഡുകൾ മുഴുവൻ തോടാകുന്ന അവസ്ഥ. കാറും ബൈക്കും എന്നു വേണ്ട വള്ളം പുറത്തിറക്കണമെങ്കിൽ പോലും രണ്ടാമതൊന്ന് ചിന്തിക്കണം.

ഇനി മഴ നനയുമെന്ന് പേടിച്ച് വല്ല വിധേനയും ഒന്നു കാറുമെടുത്ത് പുറത്തിറങ്ങാമെന്ന് വിചാരിച്ചാലോ? മഴയത്ത് തണുത്തുറഞ്ഞിരിക്കുന്ന വണ്ടി സ്റ്റാർട്ടാക്കിയെടുക്കാൻ ഒരു ഭഗീരഥ പ്രയത്നം തന്നെ വേണ്ടിവരും. ഒന്ന് അടുത്തേക്ക് ചെല്ലാൻ പോലുമാകാത്ത വിധം പല വണ്ടികളും വെള്ളത്തിനടിയിലാണെന്നുള്ളതും മറ്റൊരു സത്യം.

മഴയത്ത് കാറും ബൈക്കുമെല്ലാം സ്റ്റാർട്ടാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരും, മഴവെള്ളത്തിനടിയിൽ വണ്ടി മുങ്ങിപ്പോയതു കണ്ട് നെടുവീർപ്പിടുന്നവരും ശ്രദ്ധിക്കേണ്ട ചില സംഗതികളുണ്ട്. മഴവെള്ളം കയറിയ വണ്ടി സ്റ്റാർട്ട് ആക്കാമോ?, സൈലൻസറിൽ വെള്ളം കയറി വണ്ടി നിശ്ചലാവസ്ഥയിലായാൽ എന്ത് ചെയ്യണം?

എവിജി മോട്ടോഴ്സ് റീജിയണൽ മാനേജർ ഫിലിപ്പ് തോമസ് വാഹനപ്രേമികളുടെ ഇത്തരം ആശങ്കകൾക്ക് മറുപടി പറയുകയാണ്.

ശ്രദ്ധിക്കാം ഈ ആറ് കാര്യങ്ങൾ:

  • വെള്ളം കയറാത്ത വിധം സുരക്ഷിതമായ സ്ഥലത്തേക്ക് വാഹനം മാറ്റാൻ കഴിയുമെങ്കിൽ നന്ന്. ഡോറിനകത്തൂടെ വെള്ളം അകത്തു കയറാതിരിക്കാൻ ശ്രദ്ധിക്കുക.

  • യാത്രയ്ക്കിടയിൽ വണ്ടി വെള്ളക്കെട്ടിലൂടെ പോകുമ്പോൾ എൻജിൻ ഓഫാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കയറിയ റോഡിലൂടെ പോകുമ്പോൾ ശ്രദ്ധയോടെ മിനിമം സ്പീഡിൽ വണ്ടി ഓടിക്കുക. വണ്ടിയുടെ വേഗത കുറയുമ്പോൾ സൈലൻസർ വഴി വെള്ളം അകത്തു കയറാനുള്ള സാധ്യതയുണ്ട്. ഇത് എൻജിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.

  • മഴവെള്ളം കയറിയ വാഹനം ഒരു കാരണവശാലും തിടുക്കപ്പെട്ടും ആവർത്തിച്ചും സ്റ്റാർട്ട് ആക്കാൻ ശ്രമിക്കരുത്. കഴിയുമെങ്കിൽ വണ്ടി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് തള്ളിമാറ്റുക.

  • മഴവെള്ളം കയറി നിശ്ചലമായ വാഹനത്തിന്റെ എൻജിൻ ഓയില്‍ നിർബന്ധമായും മാറ്റണം. പ്ലഗും എയർ ഫിൽട്ടറും പുതിയത് ഘടിപ്പിച്ച ശേഷമേ വണ്ടി പൂർവ്വ സ്ഥിയിൽ പ്രവർത്തിപ്പിക്കാവൂ.

  • ഇന്റീരിയറിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ സമയബന്ധിതമായി ക്ലീൻ ചെയ്യേണ്ടതാണ്.

  • വെള്ളം കയറി നിശ്ചലാവസ്ഥയിലുള്ള വണ്ടിക്ക് ഇൻഷുറൻസ് പരിരക്ഷ വിവിധ കമ്പനികൾ ഉറപ്പുവരുത്തുന്നുണ്ട്. വണ്ടി സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചാൽ ഈ ആനുകൂല്യം ലഭിക്കുന്നതല്ല. നിശ്ചലാവസ്ഥയിലുള്ള വണ്ടിയുടെ ഫൊട്ടോ ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറി ആനുകൂല്യം ഉറപ്പിക്കാവുന്നതാണ്.