Friday 19 July 2019 04:15 PM IST : By സ്വന്തം ലേഖകൻ

കനത്ത മഴ 24 വരെ തുടരും; പുഴയിൽ ഇറങ്ങിയുള്ള കുളി, അലക്ക് എന്നിവ നാലു ദിവസത്തേക്ക് വേണ്ട!

Slocan-River Representative Image

കേരളത്തിൽ ശക്തമായ മഴ ഈ മാസം 24 വരെ തുടരും. ഇന്നലെ രാത്രി മുതൽ പടിഞ്ഞാറൻ കാറ്റ് വേഗത കൂടിയിട്ടുണ്ട്. സൊമാലിയൻ ജെറ്റ് സ്ട്രീം സ്വാധീനവും കേരളത്തിൽ എത്തിയതായി മനസിലാക്കുന്നു. എം.ജെ.ഒ ഫേസ് 3 ലേക്ക് ( ഇന്ത്യൻ മഹാ സമുദ്രത്തിലേക്ക്) എത്തുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെടുന്നതോടെ മഴ കനക്കും. ഇന്ന് എല്ലാ ജില്ലകളിലും മഴ തുടരും. എന്നാൽ എവിടെയും ഇന്ന് അതിതീവ്ര (extreme Rain) മഴ കേരള വെതർ.ഇൻ പ്രതീക്ഷിക്കുന്നില്ല. 

കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് മലപ്പുറം, എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായതോ അതിശക്തമായതോ (heavy /very heavy rain) മഴ പ്രതീക്ഷിക്കാം. മറ്റു ജില്ലകളിൽ തുടർച്ചയായി അധികം ശക്തമല്ലാത്ത മഴ തുടരുമെന്നാണ് കേരള വെതർ നിഗമനം.

. ശക്തമായ കാറ്റ്

മധ്യ, തെക്കൻ കേരളത്തിന്റെ തീരദ്ദേശത്തും കടലിലും ശക്തമായ മഴക്കൊപ്പം കാറ്റും പ്രതീക്ഷിക്കാം. കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി തീരങ്ങളിൽ മണിക്കൂറിൽ 40-50 KM വരെ ശക്തിയുള്ള കാറ്റിന് സാധ്യതയുണ്ടെന്ന് കേരള വെതർ നിരീക്ഷിക്കുന്നു. കടലിൽ കാറ്റിന്റെ വേഗം 60 KM വരെ ആകാം. കടൽ പ്രക്ഷുബ്ദമാകും. മൽസ്യ തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് കേരള വെതർ അഭ്യർഥിക്കുന്നു.

. പുഴയോരത്തും ജാഗ്രത വേണം

ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ശക്തമോ, അതിശക്തമോ ആയ മഴ പ്രതീക്ഷിക്കുന്നതിനാൽ ചില പുഴകളിൽ പെട്ടെന്ന് വെള്ളം കൂടാനും മലവെള്ളപാച്ചിലിനും സാധ്യതയുണ്ട്. പുഴയിൽ ഇറങ്ങിയുള്ള കുളി, അലക്ക് എന്നിവ നാലു ദിവസത്തേക്ക് പാടില്ല. പുഴ മുറിച്ചു കടക്കാൻ ശ്രമിക്കരുത്. പശ്ചിമഘട്ട മേഖലയിൽ പ്രത്യേകം ജാഗ്രത പാലിക്കണം. ശക്തമായി മഴ തുടരുന്ന ഉരുൾപ്പൊട്ടൽ സാധ്യതാ പ്രദേശത്തുള്ളവരും മഴ തുടർന്നാൽ അധികൃതർ നൽകുന്ന നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കുക.

NB: This is based on keralaweather.in observation. Please follow IMD website for official forecast. ©Kerala Weather

Tags:
  • Spotlight