Thursday 15 April 2021 11:05 AM IST : By സ്വന്തം ലേഖകൻ

‘ഇനിയീ ചെറിയ കെട്ടിടം ഒന്ന് വീടാക്കി മാറ്റണം’; രാജമ്മയുടെ മുന്നിൽ ദൈവമായി അവതരിച്ച് സുശീല, ജപ്തി ചെയ്യാൻ വന്നയാൾ പോയി തിരികെവന്നത് ആധാരവുമായി! കുറിപ്പ്

rajammabbhf44555

"രാജമ്മയുടെ മുൻപിൽ സുശീല ദൈവമായി അവതരിക്കുകയായിരുന്നു. ജപ്തി ചെയ്യാൻ വന്നയാൾ തന്നെ, ആധാരവുമായി അതേ വീട്ടിലേക്ക് ചെന്ന് അവർക്ക് തുണയായപ്പോൾ, നമ്മൾ മനസ്സിലാക്കേണ്ടത് മനുഷ്യർക്ക് അദ്‌ഭുതം സൃഷ്ടിക്കാൻ കഴിയും, 'മനുഷ്യർ'ക്കേ കഴിയൂ. പക്ഷേ, മനസ്സാണ് പ്രധാനം."- ഡാനിഷ് റിയാസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.

ഡാനിഷ് റിയാസ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

"ആകെയുള്ള ഇടിഞ്ഞു പൊളിഞ്ഞ ഒരു കൂര ശരിയാക്കാനാണ് കൂലിപ്പണിക്ക് പോകുന്ന രാജമ്മ ഒരു ലക്ഷം രൂപ ലോണെടുത്തത്. പ്രതിസന്ധികൾക്കിടയിൽ രാജമ്മയുടെ തിരിച്ചടവ് മുടങ്ങി. കാലങ്ങൾ പിന്നിട്ടപ്പോൾ എടുത്ത ഒരു ലക്ഷം, രണ്ടര ലക്ഷമായി. ഒടുക്കം ജപ്തിയായി.

ജപ്തി ചെയ്യാനായി ചെന്ന ബാങ്ക് മാനേജർ സുശീല, രാജമ്മയുടെ ദുരിത ജീവിതം കണ്ട് തിരിച്ചു പോയി. എന്താണ് പോംവഴി എന്നാലോചിച്ചു. ബാങ്ക് അദാലത്ത് വഴി തുക പകുതിയായി കുറച്ചു. ശേഷം തന്റെ ബാങ്കിലുള്ള ജീവനക്കാരെയും മുൻ ജീവനക്കാരെയും ഉൾപ്പെടുത്തി ഒരു വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. വിഷയം അവതരിപ്പിച്ചു. ഒരു ലക്ഷത്തിനടുത്ത് പൈസ വന്നു, കാര്യങ്ങൾ ഏകദേശം ശരിയായി. ശേഷം ഇന്നലെ നടപടികൾ എല്ലാം തീർത്ത് രാജമ്മക്ക് അവരുടെ വസ്തുവിന്റെ ആധാരം കൈമാറി, ശുഭം..!

രാജമ്മയുടെ മുൻപിൽ സുശീല ദൈവമായി അവതരിക്കുകയായിരുന്നു. ജപ്തി ചെയ്യാൻ വന്നയാൾ തന്നെ, ആധാരവുമായി അതേ വീട്ടിലേക്ക് ചെന്ന് അവർക്ക് തുണയായപ്പോൾ, നമ്മൾ മനസ്സിലാക്കേണ്ടത് മനുഷ്യർക്ക് അദ്‌ഭുതം സൃഷ്ടിക്കാൻ കഴിയും, 'മനുഷ്യർ'ക്കേ കഴിയൂ. പക്ഷേ, മനസ്സാണ് പ്രധാനം. 

മനോരമയിൽ നിന്നും നമ്പർ എടുത്ത് ഞാൻ വെറുതെ ആ ബാങ്ക് മാനേജർ സുശീല ചേച്ചിയെ ഒന്ന് വിളിച്ചു. അപൂർവമായിട്ടല്ലേ ഇത്തരം സംഭാഷണങ്ങൾക്ക് അവസരങ്ങൾ ഒള്ളൂ, എന്തിന് മടിക്കണം. വിശേഷങ്ങൾ അറിയിച്ച് ഫോൺ വയ്ക്കുന്നതിന് മുൻപ് ഒരു ആഗ്രഹം കൂടെ അവർ പറഞ്ഞു. "ഇനി രാജമ്മക്ക് സുരക്ഷിതമായി കിടന്നുറങ്ങാൻ പാതിവഴിയിൽ നിൽക്കുന്ന ആ ചെറിയ കെട്ടിടം ഒന്ന് 'വീടാക്കി' മാറ്റാനും കൂടി കഴിഞ്ഞാൽ നന്നായിരിക്കും. അതിനുള്ള ശ്രമത്തിലാണ്''

"തുടങ്ങുമ്പോൾ അറിയിക്കണം, ആ കുഞ്ഞു വീടിന് വേണ്ട ബാക്കി പ്ലാനും എലവേഷനും ഡിസൈനിങ്ങും സൂപ്പർവിഷനുമടങ്ങിയ കാര്യങ്ങൾ സൗജന്യമായി ഞങ്ങളും ചെയ്ത് തരാം''. ഞാനും വാക്ക് കൊടുത്തു.

ആരാണ് സന്തോഷമാഗ്രഹിക്കാത്തത്. അല്ലേ... 

Tags:
  • Spotlight
  • Motivational Story