Saturday 13 February 2021 11:17 AM IST : By സ്വന്തം ലേഖകൻ

ഒത്തൊരുമ കണ്ട അന്തേവാസികൾ ചോദിച്ചു, നിങ്ങൾക്ക് ഒന്നിച്ചു ജീവിച്ചു കൂടേ?; പ്രണയകാലത്തിന്റെ തുടക്കമായി ആ ചോദ്യം, നാളെ വിവാഹം

rajan-sawwss445

നാളെ വാലന്റൈൻസ് ദിനമാണ്. ഈ പ്രണയദിനത്തിൽ ഏറ്റവും സന്തോഷകരമായ ഒരു ചടങ്ങ് നടക്കും മഹാത്മാ ജനസേവന കേന്ദ്രത്തിൽ. പ്രണയസാഫല്യമായി രാജൻ സരസ്വതിയുടെ കഴുത്തിൽ മിന്നു ചാർത്തും. ജീവിതവഴിയിൽ കൂടും കൂട്ടും വേർപിരിഞ്ഞ രണ്ടുപേരെ കാലം നാളെ ചേർത്തുവയ്ക്കും. ഇനിയുള്ള വഴിയിൽ അവർ ഭാര്യയും ഭർത്താവുമാണ്. പ്രണയ ദിനത്തിൽ രാജന്റെ കൈകളിൽ സരസ്വതി കൈകോർക്കുമ്പോൾ വൈകിയെഴുതിത്തുടങ്ങുന്ന പ്രണയകാവ്യത്തിന്റെ ആദ്യ വരികളാകുമത്. 

തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി രാജൻ (58) വർഷങ്ങൾക്കു മുൻപ് കേരളത്തിലെത്തിയതാണ്. ശബരിമല തീർഥാടന വേളയിൽ കടകളിൽ ജോലി ചെയ്താണ് ഉപജീവനം കണ്ടെത്തിയിരുന്നത്. സഹോദരിമാർക്കു വേണ്ടി ജീവിച്ച രാജൻ ഒരിക്കലും സ്വന്തം ജീവിതത്തെക്കുറിച്ചു ചിന്തിച്ചില്ല. കിട്ടിയ പണമെല്ലാം വീട്ടുകാർക്കു നൽകി, രാജൻ സന്നിധാനത്തു തന്നെ കഴിഞ്ഞു കൂടി. ലോക്ഡൗൺ കാലത്ത് വരുമാനം മുടങ്ങിയ രാജനെ പമ്പാ സിഐ ആയിരുന്ന പി.എം. ലിബി അടൂരിലെ മഹാത്മ ജനസേവന കേന്ദ്രത്തിൽ എത്തിച്ചു. അവിടെ വയോജനങ്ങളുടെ സംരക്ഷണവും പാചകവും രാജൻ സ്വയം ഏറ്റെടുത്തു. 

ഇവിടെ വച്ചാണ് രാജന്റെ ജീവിതത്തിലേക്ക് മണ്ണടി പുളിക്കൽ വീട്ടിൽ സരസ്വതി (65) കടന്നു വരുന്നത്. മാതാപിതാക്കൾ മരിച്ചതോടെ തനിച്ചായ സരസ്വതിയെ പൊതുപ്രവർത്തകരും പൊലീസും ചേർന്ന് 2018 ഫെബ്രുവരി ആദ്യം മഹാത്മയിൽ എത്തിച്ചതാണ്. അവിവാഹിതയും സംസാര വൈകല്യവുമുള്ള സരസ്വതി രോഗബാധിതരായ വയോജനങ്ങളെ ശുശ്രൂഷിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്.

രാജൻ എത്തിയതോടെ ഇരുവരും ചേർന്നായി വയോജന പരിപാലനം. ഇവരുടെ ഒത്തൊരുമ കണ്ട അന്തേവാസിയാണ് സരസ്വതിയെ രാജനു വേണ്ടി വിവാഹം ആലോചിച്ചത്. നിങ്ങൾക്ക് ഒന്നിച്ചു ജീവിച്ചു കൂടേ..? എന്ന ചോദ്യമായിരുന്നു വിവാഹ ആലോചനയിലേക്കുള്ള ആദ്യ ചുവട്. ജീവിതത്തിൽ ആരും ഇതുവരെ ചോദിക്കാതിരുന്ന ചോദ്യം കേട്ട ഇവർ ആദ്യമായി സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി. അതൊരു പ്രണയ കാലത്തിന്റെ തുടക്കമായിരുന്നു. 

ഒടുവിൽ രാജൻ സ്ഥാപനത്തിന്റെ ചെയർമാൻ രാജേഷ് തിരുവല്ലയെ ആഗ്രഹം അറിയിച്ചു. സരസ്വതിയുടെയും രാജന്റെയും ബന്ധുക്കളെ വിവരമറിയിച്ചപ്പോൾ ഇരുകൂട്ടർക്കും സമ്മതം. ബന്ധുക്കളുടെ അനുഗ്രഹാശിസ്സുകളോടെ ആ പ്രണയം നാളെ വിവാഹപ്പന്തലിലേക്ക് എത്തുകയാണ്. നാളെ രാവിലെ 11നും 11.30നും ഇടയിലുളള മുഹൂർത്തത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം.

ചിറ്റയം ഗോപകുമാർ എംഎൽഎ, അടൂർ നഗരസഭാ ചെയർമാൻ ഡി. സജി, പളളിക്കൽ പഞ്ചായത്തംഗം സുശീല കുഞ്ഞമ്മ കുറുപ്പ്, സാമൂഹികനീതി ഓഫിസർ എസ്. ജാഫർഖാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം. കൊടുമൺ ജീവകാരുണ്യ ഗ്രാമത്തിൽ നിർമിച്ചിട്ടുളള വീടുകളിൽ ഒന്നിൽ ഇവർക്ക് താമസം ഒരുക്കും. ഇരുവർക്കും ജോലി ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കുമെന്ന് മഹാത്മാ ജനസേവന കേന്ദ്രം സെക്രട്ടറി എ. പ്രീഷിൽഡ പറഞ്ഞു.

Tags:
  • Spotlight
  • Relationship