Friday 18 May 2018 12:48 PM IST : By സ്വന്തം ലേഖകൻ

‘മണൽ മാഫിയ ജീവിതം തകർത്ത രാജൻ എസ്.ഐ വിരമിക്കുകയാണ്’; നിങ്ങൾ അയാളോട് ചെയ്തത് നീതിയാണോ?

raja-cover

‘പോക്കില്ലെങ്കിൽ പോയി പൊലീസിൽ ചേരെന്ന’ പതിവു പല്ലവി ഒരുപാട് കേട്ടിട്ടുണ്ട് രാജൻ. പക്ഷേ കാക്കിയിട്ടേ അടങ്ങൂ എന്ന നിശ്ചയദാർഢ്യത്തിനു മുന്നിൽ ആ വാക്കുകൾ വെറും വാക്കുകളായി.

സർവ്വീസിലുടനീളം ഒരു ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല രാജൻ എസ്.ഐ. സർക്കാർ നൽകുന്ന ശമ്പളത്തിനപ്പുറം നയാപ്പൈസയ്ക്ക് ആരുടെ മുന്നിലും ഇരക്കാനും പോയിട്ടില്ല. പക്ഷേ എന്നിട്ടും പൊലീസ് ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ രാജന് പിഴച്ചു. നേരും നെറിയോടെയും ജീവിക്കാനുള്ള നിശ്ചയദാർഢ്യം അയാളുടെ ജീവിതം തന്നെ മാറ്റി മറിച്ചു.

വിധി അയാളെ ഇന്ന് നിത്യരോഗിയാക്കിയിരിക്കുന്നു. ഭക്ഷണം പോലും കഴിക്കാനാതെ മൂന്ന് വർഷമായി തുടരുന്ന നരകയാതന. ഒരിക്കലും അത് ജീവിതം സമ്മാനിച്ച അനിവാര്യമായ വിധിയായിരുന്നില്ല. മുഖം നോക്കാതെ നടപടിയെടുത്തതിന് ഒരു കൂട്ടം ഗുണ്ടാ സംഘം നൽകിയ സമ്മാനം. രാജന്റെ ജീവിതം തന്നെ അവതാളത്തിലാക്കിയ ഇന്നത്തെ ഈ ദുരിത ജീവിതത്തെക്കുറിച്ച് അറിയണമെങ്കിൽ കുറച്ചു കാലം പിന്നോട്ടു പോകണം.

രാജൻ എസ്.ഐ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. കള്ളൻമാർക്ക് പേടി സ്വപ്നവും. എന്തിനും ഏതിനും മുഖം നോക്കാതെ നടപടിയെടുക്കും. അങ്ങനെയിരിക്കെയാണ് കണ്ണൂർ പരിയാരത്തെ അനധികൃത മണൽമാഫിയയെക്കുറിച്ച് രാജന് വിവരം ലഭിക്കുന്നത്.

നിനച്ചിരിക്കാതെ, ആരുടെയും വാക്കുകൾക്ക് ചെവിയോർക്കാതെ മണൽ മാഫിയക്ക് പിന്നാലെ പായുകയായിരുന്നു. ഒരു വട്ടമല്ല പലവട്ടം, രാജൻ മണൽ മാഫിയക്കെതിരെ നടപടിയുമായി രംഗത്തെത്തി. ചുരുക്കിപ്പറഞ്ഞാൽ മണൽ കടത്തുന്നവരുടെ പേടി സ്വപ്നമായി രാജൻ.

എന്നാൽ മറ്റൊരു ദിവസം വിധി അയാൾക്കായി കരുതി വച്ചിരുന്നത് ദുർവ്വിധിയായിരുന്നു. 2015 മെയ് മാസത്തിലെ മഴയുള്ള ഒരു ദിനത്തിലാണ് രാജന്റെ ജീവിതം തകർത്തെറിഞ്ഞ ആ ഇരുണ്ട സംഭവം നടന്നത്.

ഒരിക്കൽ കൂടി തങ്ങളുടെ വഴിമുടക്കിയ എസ്.ഐയെ മണൽ മാഫിയ നേരിട്ടു. മണൽക്കടത്ത് ലോറിക്ക് കൈകാണിച്ച രാജനെ ലോറിക്കുള്ളിൽ വലിച്ചിട്ട്, ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടു പോയി ജാക്കിലിവർ കൊണ്ട് സംഘം തലക്കടിച്ച് വീഴ്ത്തി. മരിച്ചുവെന്ന് കരുതി മണൽക്കടത്തുകാർ രക്ഷപ്പെട്ടു.

ജീവനൊരു തരി ബാക്കിയായ രാജനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിച്ചു. നാളുകൾ നീണ്ട പരിശ്രമം, ഒടുവിൽ രാജൻ ജീവിതത്തിലേക്ക് തിരിച്ചു വന്നു.

പക്ഷേ എല്ലാം പഴയ പോലെയായില്ല രാജന്റെ ജീവിതത്തിലെ തീരാ വേദനയുടെ നാളുകൾ ആ ആശുപത്രി വരാന്തയിൽ നിന്നും അന്നു തുടങ്ങി.

തലയോട്ടി തകർന്ന്, ശരീരം വലതുവശം തളർന്നു. ഭക്ഷണം കുഴലീലൂടെ മാത്രം. സംസാരിക്കാനാവില്ല. ചികിത്സാഭാരം വേറെ. മണൽക്കടത്തുകാരിൽ നിന്ന് മാസപ്പടി വാങ്ങി റെയ്ഡ് വിവരങ്ങൾ ചോർത്തി നൽകിയവർ സ്വന്തം സ്റ്റേഷനിൽ ഉണ്ടായിരിക്കെയാണ് ചതിയറിയാതെ സ്വന്തം ജീവിതം നൽകിയതെന്ന് കൂടി അറിഞ്ഞപ്പോൾ രാജന്റെ വേദന ഇരട്ടിച്ചു.

ഭക്ഷണം പോലും കഴിക്കാനാകാതെ മൂന്നു വർഷമായി നരകയാതന അനുഭവിക്കുകയാണ് രാജൻ. യൂണിഫോം അണിഞ്ഞിട്ടും അത്രയും നാളുകളായിട്ടുണ്ടാകും. സഹായിക്കാൻ ആരുമില്ലാത്ത ദയനീയാവസ്ഥ.

സംഭവം നടന്ന് നാളുകളേറെയായിട്ടും കേസിലെ പ്രധാന പ്രതികളിൽ ഒരാളെ ഇനിയും പിടികൂടിയിട്ടില്ല. പിടിയിലായ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളവരെല്ലാം ജാമ്യത്തിലിറങ്ങി. ഹക്കീം എന്ന പ്രധാന പ്രതിയെ ഇനിയും പിടികൂടിയിട്ടുമില്ല. രണ്ട് പേർ വിദേശത്ത്. നീതിയുടെ കിരണം ഇനിയും അകലെയെന്ന് രാജൻ പറയുന്നു.

തകർന്ന ശരീരവുമായി ഈ മാസം 30ന് സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കുകയാണ് രാജൻ. കാലങ്ങളോളം പൊലീസ് കുപ്പായമണിഞ്ഞ് ഇപ്പോൾ ദുരിതക്കിടക്കയിൽ കിടക്കുമ്പോൾ ഒരാവശ്യം മാത്രമേ രാജന് അധികാരികൾക്ക് മുന്നിൽ വയ്ക്കാനുള്ളൂ.

മകന് ഒരു ജോലി വേണം. കുടുംബത്തിന്റെ ഭാരം താങ്ങാൻ തയാറായി നിൽക്കുന്ന മകനും ആ പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു നീക്കുന്നത്. വിരമിക്കുന്ന നാളിലെങ്കിലും ആ അറിയിപ്പ് സർക്കാരിൽ നിന്നുമെത്തുമെന്ന പ്രതീക്ഷയിലാണ് രാജന്റെ ജീവിതം.