Friday 10 July 2020 12:27 PM IST

വയ്യാത്ത കാലും വച്ച് വഞ്ചിയിൽ കുപ്പി നിറച്ചാലും ആ പാവത്തിന് കിട്ടുന്നത് 12 രൂപ! മീനച്ചിലിന്റെ കാവൽക്കാരൻ രാജപ്പന്റെ ജീവിതം ഇങ്ങനെ

Binsha Muhammed

rajappan ചിത്രത്തിന് കടപ്പാട്; നന്ദു കെഎസ്

കുത്തിയൊലിച്ചു പോകുന്ന മീനച്ചിലാറ്റിൽ കൊതുമ്പുവള്ളത്തിൽ നീങ്ങുന്ന ആ കുറിയ മനുഷ്യൻ കോട്ടയം കൈപ്പുഴമുട്ടുകാർക്ക് സുപരിചിതനാണ്. സോഷ്യൽ മീഡിയ തിരിച്ചറിയുന്നത് ഇപ്പോഴാണെന്ന് മാത്രം. മീനച്ചിലിന്റെ നെഞ്ചിലേക്ക് നിർദാക്ഷിണ്യം വലിച്ചെറിയുന്ന കുപ്പികൾ ഉറുമ്പ് കൂനകൂട്ടും പോലെ പെറുക്കിയെടുത്ത് ശേഖരിക്കുന്ന മനുഷ്യൻ ആദ്യം പലർക്കും കൗതുകമായിരുന്നു. പക്ഷേ ആ ജീവിതമറിഞ്ഞപ്പോൾ, കഷ്ടപ്പാട് കണ്ടപ്പോൾ മനസൊന്നു പിടഞ്ഞു. ഒരു നേരത്തെ അന്നത്തിനായി കുപ്പി പെറുക്കി ജീവിക്കുന്ന രാജപ്പനെന്ന മനുഷ്യനെ മീനച്ചിലിന്റെ രക്ഷകനെന്ന് സോഷ്യൽ ലോകം വാഴ്ത്തുമ്പോൾ അധികമാർക്കുമറിയാത്ത ആ പൊള്ളുന്ന ജീവിത യാഥാർത്ഥ്യം ‘വനിത ഓൺലൈൻ’ വായനക്കാർക്കു മുന്നിലേക്ക് വയ്ക്കുകയാണ്. വികലാംഗനായ...വിവാഹം കഴിച്ചിട്ടില്ലാത്ത... സഹോദരിയുടെ തണലിൽ ജീവിതം തള്ളിനീക്കുന്ന രാജപ്പന്റെ ജീവിതം അദ്ദേഹത്തിന്റെ സഹോദരി വിലാസിനിയുടെ വാക്കുകളിലൂടെ....

മീനച്ചിലിന്റെ കാവൽക്കാരൻ

എന്റെ ചേട്ടനാണ് രാജപ്പൻ. വയസെത്രയായി എന്ന് ചോദിച്ചാൽ എനിക്കും വലിയ നിശ്ചയമില്ല. 68 ആയിക്കാണും എന്ന് പറയാം. ചേട്ടന്റെ കാലുകൾക്ക് സ്വാധീനമില്ല. നേരാംവണ്ണം ഒരു ജോലി ചെയ്യാനുള്ള ആവതില്ലാത്ത മനുഷ്യനാണ്. രണ്ട് കാലും മടങ്ങിയ നിലയിലാണ്. വയ്യാത്ത കാലുള്ളത് കൊണ്ട് തന്നെ പെണ്ണ് കെട്ടാനും മെനക്കെട്ടിട്ടില്ല. രാവിലെ ആ കൊച്ചു വള്ളത്തിൽ മീനച്ചിലിലേക്ക് ഇറങ്ങുന്നതോടെയാണ് ചേട്ടന്റെ ഒരു ദിനം തുടങ്ങുന്നത്. ആറ്റിലേക്ക് വലിച്ചെറിയുന്ന കുപ്പിയും മറ്റു സാമാനങ്ങളും പെറുക്കിയെടുത്ത് അത് വിറ്റു കിട്ടുന്നതിൽ നിന്നുമാണ് അദ്ദേഹം കഞ്ഞികുടിക്കുന്നത്. ഒരു കിലോ കുപ്പിക്ക് 12 രൂപയാണ് ആകെ കിട്ടുന്നത്. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ആ കുഞ്ഞ് കൊതുമ്പു വള്ളം നിറച്ചാലും കഷ്ടിച്ച് ഒരു കിലോ മാത്രമേ വരൂ. അത് കൊണ്ട് ഒന്നുമാകില്ല എന്ന് ആ മനുഷ്യനറിയാം. എന്നാലും വീണ്ടും വള്ളവുമായി ഇറങ്ങുക തന്നെ ചെയ്യും.

rajappan-3

ഒരു കൊച്ചു കൂരയുണ്ട്. എങ്കിലും എന്റെ വീട്ടിൽ വന്നാണ് ഭക്ഷണമൊക്കെ കഴിക്കുന്നത്. വയ്യാത്ത കാലും വച്ച് ഈ പെടാപ്പാട് പെടേണ്ട എന്ന് ഞാൻ പറയും. എന്നാലും പോകുക തന്നെ ചെയ്യും. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. അതുകൊണ്ട് എന്താകാൻ എന്ന് ഞാൻ പറയേണ്ടല്ലോ? എനിക്ക് തൊഴിലുറപ്പാണ് ജോലി. ഭർത്താവിന് കൂലിപ്പണിയും. ഇങ്ങനെ കഷ്ടപ്പെടുന്ന ചേട്ടന് നല്ലൊരു ജീവിതം കൊടുക്കണം എന്നാഗ്രഹമുണ്ട്. പക്ഷേ ഞങ്ങളും പാവങ്ങളല്ലേ... ഞങ്ങളെക്കൊണ്ടും ഒന്നും കൂട്ടിയാൽ കൂടില്ല.

ചേട്ടനെക്കുറിച്ചുള്ള വാർത്ത ഇന്റർനെറ്റിലൊക്കെ വന്നെന്നറിഞ്ഞു. അങ്ങനെയെങ്കിലും ആ പാവത്തിന് എന്തെങ്കിലും സഹായം കിട്ടിയാൽ അത് വലിയകാര്യം. പ്രതീക്ഷയുണ്ട്... ഈ പ്രായത്തിലും ആ പാവത്തിന്റെ കഷ്ടപ്പാട് വെറുതെയാകില്ല.– വിലാസിനി പറഞ്ഞു നിർത്തി.

rajappan-1