Saturday 04 September 2021 11:44 AM IST

ആദ്യഭാര്യ ഉപേക്ഷിച്ചു പോയി, രണ്ടുതവണ ഹൃദയ സ്തംഭനം, ഒടുവിൽ പക്ഷാഘാതവും: സങ്കടക്കടൽ നീന്തി രാജീവ് തിരികെ വരുന്നു

Shyama

Sub Editor

rajeev-kalamaseri

മുറിയുന്ന ഓർമകൾ ചേർത്തു തുന്നി രാജീവ് രണ്ടാം വരവിനൊരുങ്ങുന്നു...

എ.ഏർ. എ.കെ. ആന്റണി, വെള്ളാപ്പള്ളി നടേശൻ, ഒ. രാജഗോപാൽ, കെ. ആർ. ഗൗരിയമ്മ, കൊടിയേറ്റം ഗോപി തുടങ്ങിയവരുടെ അപരനായി വർഷങ്ങളോളം വേദിയിൽ തിളങ്ങി നിന്നപ്പോഴാണ് ഹൃദയാഘാതവും പക്ഷാഘാതവും വന്ന് രാജീവ് കളമശേരി എന്ന് കലാകാരന്റെ ഓർമ നഷ്ടപ്പെടുന്നത്...

‘‘ഞാൻ പറയുന്ന പേര് ഇപ്പോ തന്നെ ആ നോട്ട് ബുക്കിൽ എഴുതി വയ്ക്ക്...’’ രാജീവ് ആവർത്തിച്ച് മകളോട് പറഞ്ഞ വാചകമിതാണ്. ഓർമകൾ അടുക്കി വച്ച് ഡയലോഗുകൾ മാറി മാറി ആ ഓർമയടരുകളിൽ നിന്നെടുത്ത് അമ്മാനമാടിയൊരാളാണ് ഇന്ന് മറവിയെ ഏറെ ഭയക്കുന്നത്. താൻ സംസാരിക്കുമ്പോൾ വാക്കുകൾ മുറിയുന്നത് പോലെ... ഓർമകൾ വരാൻ മടിക്കുന്നത് പോലെ എല്ലാവരും പേരുകളും സംഭവങ്ങളും മറന്നാലോ എന്നോ മറ്റോ ഉള്ള വെപ്രാളമാകാം ആ പറച്ചിലിനു പിന്നിൽ ‘‘അതിപ്പോൾ തന്നെ എഴുതി വയ്ക്കൂ...’’

‘‘ഏഴാം ക്ലാസിൽ പഠിക്കുമ്പോ നാടകത്തിൽ ബാലനടനായിട്ടായിരുന്നു തുടക്കം. അഭിനയത്തിനൊപ്പം പിന്നീട് നാടക സംവിധാനവും തുടങ്ങി.’’ പറഞ്ഞു വരുന്നതിനിടയ്ക്ക് കുറച്ച് നേരം കണ്ണടച്ചിരുന്ന് മുറിഞ്ഞ ഓർമയെ കഷ്ടപ്പെട്ട് തിരികെ വിളിച്ചെടുത്താണ് രാജീവ് കളമശ്ശേരി സംസാരിക്കുന്നത്.‘‘അമച്വർ നാടകങ്ങൾ പിന്നീട് വേദികളിലും ദൂരദർശനിലും ഒക്കെ ചെയ്തു. അതിനു ശേഷം കെ. എൽ മോഹനവർമ സാറിനൊപ്പവും എം.ടി. സാറിനൊപ്പവും ഒക്കെ പ്രവർത്തിച്ചിട്ടുണ്ട്. ഡോക്യുമെന്ററികളും ആഡുകളും ഒക്കെ ചെയ്തിരുന്നു. അതൊക്കെ വഴിയാണ് ടെലി ഫിലിമുകളിലേക്ക് വരുന്നത്.’’ ഇടയ്ക്കിടെയുള്ള നിശ്ബദ... ഓർക്കാനുള്ള ശ്രമങ്ങൾ... ‘‘ടെലി സിനിമകള‍്‍ കഴിഞ്ഞാണ് ഞാൻ കാണാക്കഥ.കോം, ഭൂലോകം തരികിട തിമിർതതെയ്യ് തുടങ്ങിയ പരിപാടികളുടെ സംവിധാനവും നിർമാണവും ചെയ്യുന്നത്.’’

ഇതൊക്കെയാണെങ്കിലും രാജീവിനെ ആളുകൾ ഏറെ ഓർക്കുന്നത് എ.കെ.ആന്റണിയുടെ അപരനായി എത്തിയതോടെയാണ്. ടി.വി. പരിപാടിക്കു വേണ്ടിയാണ് രാജീവ് ആദ്യമായി ആ വേഷം ചെയ്യുന്നത്. അത്ര തന്മയത്ത്വത്തോടെ ചെയ്ത ആ വേഷം ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ‘‘തലസ്ഥാനത്തു വച്ചു നടന്ന ഒരു പരിപാടിക്ക് ടിനി ടോം എന്നെ കൊണ്ടുപോയി. ആന്റണി സാറിന്റെ വേഷത്തിലാണ് എന്റെ എന്റട്രി. അന്ന് പെയ്യുന്ന മഴ പോലും വക വയ്ക്കാതെ ആളുകൾ എനിക്ക് ചുറ്റും പൊതിഞ്ഞു. അതെനിക്ക് മറക്കാനാവാത്തൊരു ഓർമയാണ്.’’ രാജീവ് കണ്ണടച്ച് ചിരിക്കുന്നു...

ഒരു കുപ്രസിദ്ധ പയ്യൻ, ലീഡർ, തോപ്പിൽ ജോപ്പൻ, പത്തേമാരി തുടങ്ങിയ 25 സിനിമകളിലൂടെ രാജീവ് ബിഗ് സ്ക്രീനിലും തിളങ്ങിയിരുന്നു. ഒപ്പം നാട്ടിലും വിദേശത്തുമായി ധാരാളം ഷോസും ചെയ്തു.

rajeev-4

ഒന്നിനു പുറകെ ഒന്നായി പരീക്ഷണങ്ങൾ

ഒരിക്കെ ഒരു ചടങ്ങിനെത്താനുള്ള തിടുക്കത്തിൽ ട്രെയ്നിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ പെട്ടിയിൽ കാലുടക്കി വീണ് മൂന്ന് ദിവസത്തോളം ആശുപത്രിയിലായി. അന്ന് അതിൽ നിന്ന് രാജീവ് എളുപ്പത്തിൽ സുഖം പ്രാപിച്ചു പോന്നു... അതിനിടയിൽ സ്വന്തമായി ഇറക്കാൻ വച്ചൊരു ഷോ മൂന്നോളം എപ്പിസോഡുകൾ ഷൂട്ട് ചെയ്തിട്ടും മുടങ്ങിയതോടെ കടബാധ്യതയായി. എന്നാലും തട്ടിയും മുട്ടിയും മുന്നോട്ട് പോയി.

അതിനിടെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയി. ആ ബന്ധത്തിലുണ്ടായ മൂന്ന് മക്കളേയും നോക്കിയത് രാജീവിന്റെ ഉമ്മയായിരുന്നു. അപ്പോൾ തന്നയാണ് ഉമ്മ കാൻസർ രോഗബാധിതയാകുന്നത്. വീട് പണയം വച്ചു. സഹോദരി സജീദയുടേയും സഹോദരന്‍ നജീബിന്റേയും വീടുകളിലായി പിന്നീട് താമസം.

rajeev-4

പിന്നെയും ചെറിയ ഷോസും വർക്കുകളുമായി ജീവിതം തട്ടിയും മുട്ടിയും മുന്നോട്ട് നീങ്ങി. ഇതിനിടയിൽ രണ്ടാം വിവാഹം അതിലൊരു മകളുമുണ്ടായി. എല്ലാമൊന്ന് ശാന്തമായി വരുമ്പോഴേക്കായിരുന്നു അടുത്ത പരീക്ഷണം...

2019 ജൂലൈയിൽ വന്നൊരു കൈവേദന പരിശോധിക്കാൻ ആശുപത്രിയിലെത്തിയപ്പോഴാണ് രണ്ട് തവണ ഹാർട്ട് അറ്റാക്ക് വന്നു എന്നറിയുന്നത്. ആ ഹൃദയസ്തംഭനമായിരുന്നു രാജീവിന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചത്. ഹൃദയവാൽവുകളിൽ ബ്ലോക്ക് വന്നതോടെ ആൻജിയോപ്ലാസ്റ്റി ചെയ്തു. ആശുപത്രി വാസം കഴിഞ്ഞ് വീട്ടിലെത്തി അടുത്ത ദിവസം കുളിമുറിയിൽ തലയിടിച്ചു വീണു. ആശുപത്രിയിലെത്തിച്ചപ്പോൾ പക്ഷാഘാതമാണെന്ന് അറിഞ്ഞു. സ്വന്തം കുട്ടികളുടേയും വീട്ടുകാരുടേയും പേരുകൾ പോലും മറക്കുന്ന അവസ്ഥ! വരുന്ന കൂട്ടുകാരുടെയൊക്കെ മങ്ങിയ ഓർമകൾ മനസ്സിലുണ്ട്... നാവിനറ്റത്തേക്ക് വരുന്നത് മൗനം മാത്രം! വർഷങ്ങൾ അങ്ങനെ കടന്നു പോയി.

rajeev-7

ഓർമകളിലേക്കുള്ള തിരിഞ്ഞു നടത്തം

ഒരുപാട് സുമനസ്സുകളുടെ കനിവ് കൊണ്ടാണ് രാജീവ് ഇന്നും ജീവിച്ചിരിക്കുന്നത്. എം.എ.യൂസഫലി , ടിനി ടോം, ജെ. മുരളി, ശ്രീകണ്ഠൻ നായർ , ശാന്തിവിള ദിനേശൻ, പോൾ കറുകപ്പിള്ളി തുടങ്ങി പലരും ഈ കുടുംബത്തെ സഹായിച്ചു. ചികിത്സയിലൂടെയും പാട്ടുകളിലൂടെയും നിരന്തരമായുടെ ഡയലോഗുകൾ പറഞ്ഞ് പഠിച്ചും ഓർമകളെ വരുതിയിലാക്കാനുള്ള ശ്രമത്തിലാണ് രാജീവ്. ‘‘മുൻപ് പത്രത്തിലേക്ക് നോക്കാൻ പോലും പറ്റില്ലായിരുന്നു. വായിച്ചതും പറയുന്നതും ഒക്കെ ഇടയ്ക്ക് വച്ച് മറന്ന് പോകുമ്പോൾ എല്ലാത്തിനോടും ദേഷ്യം വരും. ഇപ്പോ അത് കുറയ്ക്കാനുള്ള ശ്രമവും നടക്കുന്നു. പണ്ടത്തെ പോലെ ആന്റണി സാറായി പരിപാടികൾ ചെയ്യണം. ഇനിയും സ്ക്രിപ്റ്റ് എഴുതണം...’’ രാജീവ് ആഗ്രഹങ്ങളുടെ ചിറകുകൾ വീണ്ടും തന്നിലേക്ക് തുന്നിച്ചേർക്കുന്നു... ഭാര്യയും ചിത്രശലഭങ്ങലായി നാല് പെൺകുട്ടികളും രാജീവിന്റെ ഓരോ ചലനങ്ങൾക്കും ഒപ്പമുണ്ട്...

rajeev-2