Saturday 09 February 2019 03:10 PM IST

കാൻസറിനോട് രാജീവ് റോഷന്റെ 10 ഇയർ ചലഞ്ച്! വേദനകളെ ചിരി കൊണ്ടു മായിച്ച കുടുംബനായകൻ

V.G. Nakul

Sub- Editor

rajeev-new

രാജീവ് റോഷന് പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. മലയാളി കുടുംബപ്രേക്ഷകർ കഴിഞ്ഞ ഇരുപത്തിനാലു വർഷമായി രാജീവിനെ കാണുന്നു. മലയാളം സീരിയൽ രംഗത്തെ ഈ താരനായകനു പക്ഷേ അഭിനയം ഒരു ലക്ഷ്യമേ ആയിരുന്നില്ല. ബിസിനസ്സ് കുടുംബത്തിൽ ജനിച്ചു വളർന്ന് ബിസിനസ്സ് മേഖലയിൽ തന്നെ തുടരാൻ കൊതിച്ച രാജീവ് അഭിനയ രംഗത്തേക്കെത്തിയതിനെ ‘തികച്ചും യാദൃശ്ഛികം’ എന്നേ പറയാനാകൂ.

ആ യാദൃശ്ഛികമായ വഴിത്തിരിവുകളിൽ ജീവനും ജീവിതവും കൈവിട്ടു പോകുമായിരുന്ന ഒരു ഘട്ടമുണ്ട്. അതേക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ, അശാന്തമായ മൂന്നു വർഷത്തെ ദിനരാത്രങ്ങൾ തനിക്കു മുന്നില്‍ ഒരു മെഗാ പരമ്പരയിലെ എപ്പിസോഡുകൾ പോലെ വേഗത്തിൽ തെളിഞ്ഞു മാഞ്ഞതായി രാജീവിനു തോന്നിയിട്ടുണ്ടാകും.

ആ വലിയ ദുരിതത്തെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തോടെ അക്കാലത്തെ അനുഭവങ്ങൾ ‘വനിത ഓൺലൈനു’മായി പങ്കു വയ്ക്കുകയാണ് രാജീവ് റോഷൻ.

‘‘പത്തു വർഷം മുൻപാണ്. ശരീരത്തിനു ചെറിയ ചില അവശതകൾ തോന്നി ഒരു ഡീറ്റെയിൽഡ് ചെക്കപ്പ് നടത്തി. രക്തം പരിശോധിച്ചു. ബയോപ്സി ചെയ്തു. റിസൾട്ട് വന്നത് ഒരാഴ്ച കഴിഞ്ഞാണ്. ഞാൻ ഷൂട്ടിലായതിനാൽ ഭാര്യയാണ് ഡോക്ടറെ കണ്ട് റിസൾട്ട് വാങ്ങാന്‍ പോയത്. റിസൾട്ടിൽ ചില പ്രശ്നങ്ങൾ കണ്ടു. തൈറോയ്ഡ് കാൻസർ. സീരിയസാണ്. ഉടൻ സർജറി വേണം. വൈകുന്നേരം നാലു മണിയായിട്ടുണ്ടാകും. ഞാൻ ഷൂട്ടിങ്ങിന്റെ തിരക്കിലാണ്. ഭാര്യ എന്നെ വിളിച്ചു. കരഞ്ഞു കൊണ്ടാണ് അവൾ കാര്യം പറഞ്ഞത്. ഞാനാകെ തകർന്നു പോയി. ആരോടും ഒന്നും പറഞ്ഞില്ല. അടുത്തതായി അഭിനയിക്കേണ്ടത് ഒരു പ്രണയ രംഗത്തിലാണ്. ഞാനും നായികയും കൂടി ഒരു ഡൈനിങ് ടേബിളിനു ചുറ്റും ഒാടുന്നതും കെട്ടിപ്പിടിക്കുന്നതുമൊക്കെയാണ് സീൻ. ആ സമയത്ത് എന്റെ സങ്കടം പറഞ്ഞിട്ടു കാര്യമില്ല. ഒരു ദിവസത്തെ ഷൂട്ടു മുടങ്ങിയാൽ വലിയ നഷ്ടം സംഭവിക്കും. എന്നിട്ടും ഇതു നാളെ എടുത്താലോ എന്നു മടിച്ചു മടിച്ചു ചോദിച്ചു നോക്കി. പക്ഷേ, സംവിധായകൻ നിസ്സഹായനായിരുന്നു. ഒടുവിൽ ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമേ ചിരിച്ച് ഞാനാ സീൻ അഭിനയിച്ചു തീർത്തു. പിന്നീടങ്ങോട്ട് ചികിത്സയുടെ കാലമായിരുന്നു. പ്രിയപ്പെട്ടവരും ഈശ്വരനും ഒപ്പം നിന്നു. ശസ്ത്രക്രിയ വിജയമായി. മരുന്നും തുടർ പരിശോധനകളുമായി ദിവസങ്ങൾ പലതും കൊഴിഞ്ഞു. സർജറി കഴിഞ്ഞ് മൂന്നു വർഷം കടന്നാൽ പിന്നീട് ഭയക്കാനില്ല. ആ മൂന്നു വർഷങ്ങൾ ആശങ്കയുടെതായിരുന്നു. അപ്പോഴേക്കും ഞാൻ മാനസികമായി കരുത്തു നേടിയിരുന്നു. അഭിനയത്തിൽ സജീവമായി. കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങള്‍ പങ്കിട്ടു. ഇപ്പോൾ പത്തു വർഷം കഴിഞ്ഞു. പിന്നീടൊരിക്കലും ആ രോഗമോ അതിന്റെ ബുദ്ധിമുട്ടുകളോ എന്നെ തേടിയെത്തിയിട്ടില്ല. എല്ലാം ദൈവാനുഗ്രഹം. സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയുടെ ശക്തി...’’.

rajeev-new-2

പറഞ്ഞു തീർത്തതും രാജീവ് ചിരിച്ചു. ആത്മവിശ്വാസം നിറഞ്ഞ ആ ചിരിയിൽ അദ്ദേഹം കടന്നുപോയ ദുർഘട സന്ധികളുടെ ദിശാഭൂപടം തെളിഞ്ഞു.

അഭിനേതാവാകാൻ കൊതിച്ചിട്ടില്ല

അച്ഛന്റെ നാട് കാഞ്ഞിരപ്പള്ളിയിലും അമ്മയുടെത് തൃശൂരുമാണ്. രണ്ടിടങ്ങളിലുമായായിരുന്നു കുട്ടിക്കാലം. അച്ഛന് ബിസിനസ്സായിരുന്നു. ടയറും ട്യൂബുമുണ്ടാക്കുന്ന ഒരു ഫാക്ടറിയുൾെപ്പടെ പല സംരംഭങ്ങളുമുണ്ടായിരുന്നു. പഠനം കഴിഞ്ഞ്, ബിസിനസ്സിന്റെ ഭാഗമായി ഞാന്‍ എറണാകുളത്ത് സെറ്റിലായി. അക്കാലത്ത് എന്റെ സുഹൃത്തായ സുനിലിന്റെ ഹോട്ടലിൽ ‘കഥ പറയുന്ന കണ്ണുകൾ’ എന്ന സീരിയലിന്റെ ക്യാംപുണ്ടായിരുന്നു. സുനിലാണ് എന്നെ അതിന്റെ സംവിധായകൻ മനോജിന് പരിചയപ്പെടുത്തിയത്. മനോജ് എന്നോട് അഭിനയിക്കാമോ എന്നു ചോദിച്ചു. ഞാൻ ഒഴിഞ്ഞു മാറി. അഭിനയിക്കാൻ ഇഷ്ടമാണോ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നു പറഞ്ഞു. പ്രധാനമായും എനിക്ക് അഭിനയത്തിന്റെ എ.ബി.സി.ഡി അറിയില്ല. മറ്റൊരു പ്രശ്നം ചമ്മലാണ്. പക്ഷേ, മനോജ് വിട്ടില്ല. ‘അഭിനയിക്കാൻ അറിയില്ല എന്നു കരുതണ്ട, ഞാൻ അഭിനയിപ്പിച്ചോളാം’ എന്നു പറഞ്ഞു. അങ്ങനെ ആ സീരിയലിൽ നായകന്റെ സുഹൃത്തായി അഭിനയിച്ചു.

എന്റെ മനസ്സിൽ അഭിനയ മോഹം ഉണ്ടായിരുന്നില്ല. ബിസിനസ്സിൽ തുടരാനായിരുന്നു തീരുമാനം. അങ്ങനെ ഉറപ്പിച്ചിരുന്നതുമാണ്. കുടുംബത്തിൽ അഭിനയിക്കുന്നവരോ അതുമായി ബന്ധപ്പെട്ടവരോ ഇല്ല.

ആദ്യ സീരിയൽ കഴിഞ്ഞും ബിസിനസ്സുമായി ബന്ധപ്പെട്ടു മുന്നോട്ടു പോകുകയായിരുന്നു. പക്ഷേ, ആ സീരിയലിലെ ബന്ധങ്ങൾ വഴി വീണ്ടും അവസരങ്ങൾ വന്നു. അങ്ങനെ ചില ടെലിഫിലിമുകളിലും ആൽബങ്ങളിലുമൊക്കെ അഭിനയിച്ചു. അങ്ങനെ ഞാൻ പോലുമറിയാതെ അത്തരമൊരു ഒഴുക്കിലേക്കു സ്വാഭാവികമായി വീണു.

rajeeve-new-3

വഴി മാറ്റിയ ‘വാത്സല്യം’

‘കഥ പറയുന്ന കണ്ണുകളിൽ’ ഒരു ചെറിയ വേഷമായിരുന്നു. അത് 1995ൽ ആണ്. കരിയർ ബ്രേക്കായത് ‘വാത്സല്യ’മാണ്. പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് സെവൻ ആർട്സ് നിർമ്മിച്ച സീരിയലാണത്. തിരക്കഥാകൃത്ത് ബാബു പള്ളാശ്ശേരി വഴിയാണ് അവസരം കിട്ടിയത്. 50 –ാം എപ്പിസോഡു മുതൽ ഞാനുണ്ടായിരുന്നു. നെഗറ്റീവാണെങ്കിലും ത്രൂ ഔട്ട് വേഷമായിരുന്നു. അത് 1999 ൽ ആണ്. സുധീന്ദ്രൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ‘സ്ത്രീ ഒരു സാന്ത്വനം’ എന്ന അടുത്ത സീരിയലിൽ നായകനായി. ചിപ്പിയായിരുന്നു നായിക. ഹരികൃഷ്ണൻ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 2000 ൽ ആണ്. തുടർന്ന് നായകനായി മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. ഇതുവരെ എത്ര സീരിയൽ ചെയ്തുവെന്ന് കൃത്യമായി ഓർമ്മയില്ല. ഫീൽഡിൽ 24 വർഷം തികയുന്നു. ‘സ്ത്രീധന’മൊക്കെ 4 വർഷം കൊണ്ട് 1200 എപ്പിസോഡ് പോയി. ഇപ്പോൾ ‘അരയന്നങ്ങളുടെ വീട്’, ‘പരിശുദ്ധൻ’ എന്നിവയിലാണ് അഭിനയിക്കുന്നത്. ‘അരയന്നങ്ങളുടെ വീടി’ൽ രാഹുൽ എന്ന കഥാപാത്രം രണ്ടു നായകൻമാരിലൊരാളാണ്.

കലയും കച്ചവടവും

ഞങ്ങൾ മൂന്ന് സഹോദരൻമാരാണ്. ചേട്ടൻ മരിച്ചു പോയി, 48 – ാം വയസ്സിൽ. ഞാനും അനിയനും ചേർന്നാണ് ബിസിനസ്സ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ അഭിനയവും ബിസിനസ്സും ഒന്നിച്ചു കൊണ്ടു പോകുന്നു. ഇടയ്ക്ക്, 2008 മുതൽ 2012 വരെ 4 വർഷം അഭിനയ രംഗത്തു നിന്നു മാറി, ചെറിയ ഇടവേളയെടുത്തു. ദുബായിൽ ഒരു റസ്റ്ററന്റ ് തുടങ്ങി. കുടുംബത്തോടൊപ്പം അവിടെ സെറ്റിലായി. പക്ഷേ, അതു വിജയമായില്ല. ഇപ്പോൾ വണ്ടികളുടെ സർവീസ് സെന്ററും ഷെയർ ട്രേഡിങ്ങും കൺസ്ട്രക്ഷൻ കമ്പനിയുമുണ്ട്.

സീരിയലുകാർ കഥാപാത്രങ്ങൾ മാത്രം

സിനിമയിൽ കുറേ ശ്രമിച്ചതാണ്. ഒരുപാടു സംവിധായകരെ കണ്ടു ചാൻസ് ചോദിച്ചു. പക്ഷേ, സീരിയൽ ആക്ടർ എന്ന ലേബൽ വന്നാൽ പിന്നെ സിനിമാക്കാർ വിളിക്കാൻ കുറച്ചു പാടാണ്. ഒരിക്കൽ ലോഹിതദാസ് സാർ എന്നോടതു പറഞ്ഞു. ‘സ്ത്രീ ഒരു സാന്ത്വനം’ സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തെ ഷൊർണൂർ ഗസ്റ്റ് ഹൗസിൽ പോയി കണ്ടു. ഇന്നയാളാണ് എന്നൊക്കെ വിളിച്ചു പറഞ്ഞിട്ടാണ് ചെന്നത്. അന്നു പക്ഷേ എന്റെ പേരത്ര എസ്റ്റാബ്ലിഷ് ആയിട്ടില്ല. എന്നെ കണ്ടതും ‘ഓ താങ്കളായിരുന്നോ... രാജീവ് റോഷൻ എന്നു കേട്ടപ്പോൾ എനിക്കു മനസ്സിലായില്ല, അതാണ് നേരിൽ കാണണം എന്നു പറഞ്ഞത്’ എന്നു പറഞ്ഞു.

അദ്ദേഹത്തൊടൊപ്പം കുറേ നേരം സംസാരിച്ചു. സാർ പറഞ്ഞത്, സിനിമാക്കാരേക്കാൾ നന്നായി പെർഫോം ചെയ്യുന്ന, ഒരുപാടു കഴിവുള്ള അഭിനേതാക്കളെ സീരിയലിൽ കണ്ടിട്ടുണ്ടെന്നാണ്. പക്ഷേ, സിനിമയിലേക്ക് പലരും വിളിക്കാത്തത് ദിവസവും സ്ക്രീനിൽ കാണുന്നതിനാൽ തിയേറ്ററിലും അതേ മുഖങ്ങൾ തന്നെ വരുമ്പോൾ പ്രേക്ഷകർക്ക് അൽപ്പം മടുപ്പുണ്ടാകും എന്നതിനാലാണത്രേ.

ഫാസിൽ സാറിന്റെ ഒരു തമിഴ് സിനിമയിൽ അഭിനയിച്ചു. ‘കാര്യസ്ഥനി’ലും നല്ല വേഷം കിട്ടി. ഒരു സീരിയൽ നടന്റെ കഥാപാത്രമായിരുന്നു അതിൽ. പക്ഷേ, ഒത്തിരി ശ്രമിച്ചിട്ടുണ്ടെങ്കിലും ആഗ്രഹിച്ച തരത്തിൽ ഒരു അവസരം കിട്ടിയില്ല. സീരിയൽ അഭിനേതാക്കൾ അറിയപ്പെടുന്നത് കഥാപാത്രങ്ങളുടെ പേരിലാണ്. സീരിയലുകാർ കഥാപാത്രങ്ങൾ മാത്രമാണ് പ്രേക്ഷകർക്ക്.

കുടുംബം എന്ന ശക്തി

കുടുംബമാണ് എന്റെ ശക്തി. ഭാര്യ – ബീന. പ്രണയ വിവാഹമായിരുന്നു. എന്റെ 23 – ാം വയസ്സിലായിരുന്നു ഞങ്ങളുടെ വിവാഹം. എറണാകുളത്ത് ലിസി ഹോസ്പിറ്റലിനടുത്ത് ഞങ്ങൾക്ക് ഒരു മെഡിക്കൽ ഷോപ്പ് ഉണ്ടായിരുന്നു. അതിനടുത്താണ് ബീന പഠിച്ചിരുന്നത്. അങ്ങനെയാണ് പരിചയപ്പെട്ടത്. രണ്ടു മക്കൾ, കെവിനും സാന്ദ്രയും. മോൻ ഡിഗ്രി കഴിഞ്ഞ് ദുബായിൽ. മോൾ കാനഡയിൽ പഠിക്കുന്നു.