Tuesday 05 June 2018 05:38 PM IST

നാലു സിനിമകൾ പൊളിഞ്ഞു, എന്നിട്ടും ജോലി രാജി വച്ച് സിനിമയ്ക്കു പിന്നാലെ പോയി! തിരക്കഥാകൃത്തിന്റെ ജീവിതം സിനിമയേക്കാൾ ട്വിസ്റ്റ്

Binsha Muhammed

rajesh-raghvan

‘ഞാൻ ഈ ജോലി വിടുകയാണ്. പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിന് ഇപ്പോഴുള്ള ഈ ജോലി തടസമാണ്. അതു മാത്രമല്ല മുഴുവൻ സമയ സിനിമ പ്രവർത്തനത്തിന് ഈ ജോലിയും അലച്ചിലുമൊന്നും പറ്റില്ല.’– കോട്ടയത്തെ വാടക മുറി വീടിന്റെ ഉമ്മറക്കോലായിരിലിരുന്ന് അയാൾ ഭാര്യയോട് പറഞ്ഞു. അത്ര ശ്രദ്ധിക്കപ്പെടാതെ പോയ നാലു സിനിമകളുടെ തിരക്കഥാകൃത്തായ ഭർത്താവിന്റെ വാക്കുകൾ കേട്ട് അവർ ചിരിച്ചതേയുള്ളൂ. സിനിമയിലെ നായികയാണെങ്കിൽ ‘നിങ്ങൾക്കിനിയും മതിയായില്ലേ’ എന്നാകും മറു ചോദ്യം. അല്ലെങ്കിൽ ‘എന്ത് ധൈര്യത്തിന്റെ പുറത്താണ് വീണ്ടും ട്രെയിനിന് തല വയ്ക്കുന്നത്’ എന്നായിരിക്കും പരിഹാസം. പക്ഷേ ഇവിടെ അതുണ്ടായില്ല. ‘വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ധൈര്യമായി മുന്നോട്ട് പോകൂ’ എന്നായിരുന്നു ഭാര്യയുടെ മറുപടി.

രാശിയില്ലാത്തവൻ എന്ന പേരു നൽകിയ സിനിമാക്കാർക്കിടയിൽ അയാൾ തന്റെ പുതിയ പ്രോജക്ടുമായി മുന്നോട്ടു പോയി. മാണിക്യകല്ല്, കഥപറയുമ്പോൾ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ എം മോഹനനാണ് സംവിധായകൻ. നായകൻമാരായി ശ്രീനിവാസനും വിനീത് ശ്രീനിവാസനും. സംഗതി തരക്കേടില്ല. ബാക്കിയെല്ലാം എഴുത്തുകാരന്റെ ചുണ പോലെയിരിക്കും സെറ്റിൽ ആരൊക്കെയോ അടക്കം പറഞ്ഞു. സിനിമയെങ്ങാനും പരാജയപ്പെട്ടാൽ രാശിയില്ലാത്ത ആ എഴുത്തുകാരന്റെ മേലായിരിക്കും പലരുടെയും ആക്രമണം.

പക്ഷേ എല്ലായ്പ്പോഴും പരാജയം രുചിക്കുന്ന ആ എഴുത്തുകാരൻ ഇക്കുറി ജയിച്ചു. സിനിമ സൂപ്പർ ഹിറ്റായി. ‘അരവിന്ദന്റെ അതിഥികളായി’ പ്രേക്ഷകരുടെ മനസ്സിൽ പുതിയ അതിഥിയായി തീയറ്ററുകൾ കീഴടക്കുമ്പോൾ യഥാർത്ഥ കഥയിലെ നായകൻ മനസു നിറഞ്ഞു ചിരിക്കുകയാണ്. ഒരും കംപ്ലീറ്റ് ഫാമിലി എന്റർ ടെയ്നറിന്റെ തിരക്കഥാകൃത്തിന്റെ പെരുമയും പേറിക്കൊണ്ട്. രാശിയില്ലാത്തവന്‍ എന്ന ദുഷ്്പ്പേരിൽ നിന്നും ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തായി മാറിയ ആ എഴുത്തുകാരന്റെ പേര് രാജേഷ് രാഘവൻ. അയാൾ കഥ പറയുകയാണ്, തലവര മാറ്റിയെഴുതിയ തന്റെ സിനിമയെക്കുറിച്ചും ജിവിതാനുഭവങ്ങളെക്കുറിച്ചും.

rajesh-mid4

ജീവിതം വച്ചു നീട്ടിയ സിനിമ

‘ജീവിക്കാൻ തക്ക വണ്ണം മാന്യമായ ശമ്പളമുണ്ട്. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ മാർക്കറ്റിംഗ് ഉദ്യോഗസ്ഥനാണ്. സുരക്ഷിതമായ ജോലി. അങ്ങനെയുള്ള ഒരാൾ ഒരു സുപ്രഭാതത്തിൽ ജോലി വിട്ടെറിഞ്ഞ് സിനിമയുടെ പിന്നാലെ പോയാൽ നാട്ടുകാരും വീട്ടുകാരും എന്ത് പറയും, അവന് ഭ്രാന്താണെന്നേ പറയൂ’– രാജേഷ് പറഞ്ഞു തുടങ്ങുകയാണ്.

ഭാര്യ മാത്രമല്ല, രണ്ടു കുട്ടികളുമുണ്ട്. വാടക വീട്ടിലാണ് കഴിയുന്നത്, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് ഉള്‍പ്പെടെയുള്ള ഭാരമുണ്ട്. ആ യാഥാര്‍ത്ഥ്യങ്ങളെല്ലാം മനസിലാക്കി തന്നെയാണ് രാജി വച്ചത്. സിനിമയാണ് തന്റെ വഴിയെന്ന് തീരുമാനിച്ച് ബാഗും തൂക്കി വീട്ടിൽ നിന്നിറങ്ങിയ അയാൾ ഗേറ്റു കടക്കും മുമ്പ് തിരിഞ്ഞു നിന്ന് ഭാര്യയോട് പറഞ്ഞു, ‘എന്തായാലും നീയും മക്കളും പട്ടിണി കിടക്കേണ്ടി വരില്ല. അതിനു ഞാൻ ഇടവരുത്തില്ല.’ – തെളിഞ്ഞ ചിരിയായിരുന്നു മറുപടി.

പാലക്കാട് ജോലിനോക്കുമ്പോഴാണ് കലശലായ സിനിമാ മോഹം മനസിൽ കടന്നു കൂടുന്നത്. അവിടുത്തെ സുഹൃദ് വലയങ്ങളിലൊരാൾ ‘മകന്റെ അച്ഛന്‍’ എന്ന സിനിമ എഴുതിയ സംജദ് നാരായണനായിരുന്നു. ആ ബന്ധമാണ് സിനിമ ചര്‍ച്ചകളിലേക്ക് എന്നെ കൂട്ടുന്നത്. സംജദിനെ കാണാന്‍ സിനിമാക്കാര്‍ പലരും വരും. അവര്‍ക്കൊപ്പം ഇരിക്കാനും സംസാരിക്കാനുമെല്ലാം ക്ഷണം കിട്ടിയത് നല്ലൊരു അനുഭവമായി. പുതിയ പരിചയങ്ങൾ, കൂടിക്കാഴ്ചകൾ, പ്രോത്സാഹനങ്ങൾ എന്നിലെ സിനിമാക്കാരന് വളമാകാൻ ഇതൊക്കെ തന്നെ ധാരാളമായിരുന്നു.

ജീവിതത്തിൽ ഞാൻ കണ്ട ഫ്രെയിമുകൾ

സിനിമാക്കാരനാകാൻ അല്ലെങ്കിൽ തിരക്കഥാകൃത്താകാൻ എന്തുണ്ട് കൈയ്യിലെന്നു ചോദിച്ചാൽ കലയോടുള്ള അഭിരുചിയും കുറച്ച് വായനയും മാത്രമേ കൈയ്യിലുള്ളൂ എന്ന് രാജേഷ് പറയും. ചെറിയ ചെറിയ കഥകൾക്കായി അണിയറയിൽ സമയം മാറ്റി വച്ചു. പലതും പലരോടും പറഞ്ഞു നോക്കി. അവർക്കെല്ലാം വേണ്ടത് വെറൈറ്റി ആയിരുന്നു. എന്താണ് ഈ വെറൈറ്റി എന്നു ചോദിച്ചാൽ മാത്രം ആർക്കും ഉത്തരമില്ല. പക്ഷേ ഞാൻ ഉറച്ചു വിശ്വസിക്കുന്നത് ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ് സിനിമ എന്നാണ്. എന്റെ സിനിമകളും അങ്ങനെയുള്ളതായിരിക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു.

rajesh-mid1

അങ്ങനെയിരിക്കെയാണ് ഒരു സർക്കാർ സ്കൂൾ നേരിടുന്ന പ്രതിസന്ധികൾ എന്റെ ശ്രദ്ധയിൽപ്പെടുന്നത്. പൊതു വിദ്യാഭ്യാസം കണ്മുന്നിൽ തകരുന്നതും സ്വകാര്യ സ്കൂൾ മേഖലയിൽ കുട്ടികളെ ചേർക്കാൻ ആൾക്കാർ മത്സരിക്കുന്നതും സിനിമയിലെന്ന പോലെ ഞാനെന്റെ ജീവിതത്തിൽ നേരിട്ടു കാണുകയാണ്. ആ കഥാതന്തുവിൽ നിന്നാണ് ‘വാദ്ധ്യാർ’ എന്ന ജയസൂര്യ ചിത്രം പിറക്കുന്നത്. എന്റെ കഥ കേട്ട് ജയസൂര്യ അന്ന് പറഞ്ഞത് ‘മലയാള സിനിമയിലേക്ക് ഞാനൊരു തിരക്കഥാകൃത്തിനെ സ്വാഗതം ചെയ്യുന്നു’ എന്നാണ്. പക്ഷേ ആ ചിത്രം ദയനീയമായി പരാജയപ്പെട്ടു. എന്ത് ചെയ്യാൻ എന്റെ നമ്പർ വന്നാലല്ലേ രക്ഷുള്ളൂ– രാജേഷ് ചിരിക്കുന്നു.

തോറ്റവന്റെ വിഷമം തോറ്റവനെ അറിയൂ ...’

‘മടുപ്പും നിരാശയും എല്ലാം കൂടി കൂടിക്കലർന്ന കുറേ നാളുകൾ, അതങ്ങനെ പോയി. തുടക്കം തന്നെ പാളിയല്ലേ എന്ന കളിയാക്കലും അനവസരത്തിലുള്ള കുറേ ഉപദേശങ്ങളും വേറെ. അങ്ങനെയിരിക്കെയാണ് സംവിധായകൻ സുഗീതിനെ സമീപിക്കുന്നത്. അന്ന് ഓർഡിനറി റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതിനിടെ സുഗീത് പറഞ്ഞു, ‘നീ എനിക്കു വേണ്ടി സിനിമയെഴുതണം’.

rajesh-mid2

അങ്ങനെ സുഗീതിന്റെ കഥയിൽ വിരിഞ്ഞ തിരക്കഥയായിരുന്നു ത്രീ ഡോട്സ്. കുഞ്ചാക്കോ ബോബൻ, പ്രതാപ് പോത്തൻ, ബിജുമോനോൻ തുടങ്ങിയ നായകൻമാരെ അണിനിരത്തി ഒരുക്കിയ ചിത്രം. ചിത്രം കൊമേഴ്സ്യലി വലിയ വിജയം നേടിയിരുന്നെങ്കിലും പഴയ പേരു ദോഷം മാറ്റാൻ അതു മതിയാകുമായിരുന്നില്ല. പിന്നാലെ എന്റെ തിരക്കഥയിൽ ജയറാം– മീരാ ജാസ്മിൻ എന്നിവരെ അണിനിരത്തി ഒരുക്കിയ ഒന്നും മിണ്ടാതെ, ശ്രീനിയേട്ടനെ നായകനാക്കിയ സ്വര്‍ഗത്തേക്കാള്‍ സുന്ദരം എന്നീ ചിത്രങ്ങള്‍ കൂടി പരാജയം രുചിച്ചപ്പോൾ, ആ പേരു ദോഷം പതിച്ചുകിട്ടി, രാശിയില്ലാത്ത എഴുത്തുകാരൻ!’ എന്നിട്ടും ഭാര്യ മഞ്ജു നൽകിയ പിന്തുണയാണ് മുന്നോട്ടു നയിച്ചത്.

അരവിന്ദൻ എന്റെ ജീവിതത്തിലേയും അതിഥി

‘പരാജയപ്പെട്ട ചിത്രങ്ങളെ പലരും പഴിക്കുമ്പോഴും ഞാൻ അതിൽ സങ്കടപ്പെട്ടില്ല. എന്റെ ചിത്രങ്ങളുടെ കഥാതന്തുവിലും അതിൽ ഞാൻ ചമച്ച തിരക്കഥയിലും ഞാൻ സംതൃപ്തനായിരുന്നു. എന്നാൽ അവസരങ്ങൾ മാത്രം അകലെ നിന്നു.’– ഒടുവിൽ അരവിന്ദന്റെ അതിഥിയിലൂടെ വിജയും രാജേഷ് രാഘവനെ കൈപിടിച്ച് അനുഗ്രഹിച്ചു. ‘ഞാൻ മനസിൽ കുറിച്ചിട്ട ആദ്യത്തെ സിനിമയാണ് അരവിന്ദന്റെ അതിഥികൾ എന്നു പറഞ്ഞാൽ എത്ര പേർ വിശ്വസിക്കും? സത്യമതാണ്, അന്ന് ആ ചിത്രം എന്റെ മനസിലിട്ട് പാകപ്പെടുത്തുന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെ നിനിച്ചിരിക്കാതെ വന്നു കയറിയ മറ്റു ചിത്രങ്ങളുടെ തിരക്കുകൾ. മനസിൽ കുറിച്ചിട്ട ആദ്യചിത്രം നാലാമത്തെ ചിത്രമായത് സ്വാഭാവികം മാത്രം– രാജേഷിന്റെ ജീവിതത്തിലും സിനിമയുടെ അതേ ട്വിസ്റ്റ്’.

rajesh-mid3

അങ്ങനെയിരിക്കെയാണ് സംവിധായകൻ എം മോഹനൻ കഥയന്വേഷിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുന്നത്. കഥ വികസിപ്പിച്ച് തിരക്കഥയാക്കി മോഹനു മുന്നിൽ അവതരിപ്പിച്ചു. സ്ക്രിപ്റ്റിൽ പൂർണ സ്വാതന്ത്ര്യം അദ്ദേഹം തന്നു എന്നുള്ളത് എനിക്കു കിട്ടിയ ബോണസായിരുന്നു. ശ്രീനിയേട്ടനും വിനീതും പച്ചക്കൊടി കാട്ടിയതോടെ മറ്റൊരു ഹിറ്റ് ജനിക്കുകയായിരുന്നു.– രാജേഷിന്റെ മുഖത്ത് തികഞ്ഞ ചാരിതാർത്ഥ്യം.

നമുക്ക് ചുറ്റുമുണ്ട് അരവിന്ദൻമാർ’

‘ജീവിതങ്ങളാണ് ഞാൻ കണ്ട മികച്ച ഫ്രെയിമെന്ന വാചകം ഒരിക്കല്‍ കൂടിയാവർത്തിക്കട്ടേ? അനിർവചനീയമായ ഭക്തിക്കൊപ്പം മൂകാമ്പിക നമ്മുടെ മനസിൽ കോറിയിടുന്ന കുറേ ചിത്രങ്ങളുണ്ട്, പരിചിതമായ കുറേ മുഖങ്ങളുണ്ട്. കടന്നു പോകുന്ന വഴിത്താരയിൽ, ജീവിതത്തിലെ ഒറ്റപ്പെട്ട മുഹൂർത്തങ്ങളിൽ ഒരു ചെറു പുഞ്ചിരിയെങ്കിലും സമ്മാനിച്ചു പോകുന്ന ചിലർ നമുക്ക് ചുറ്റുമുണ്ട്. വെളുക്കേ ചിരിക്കുന്ന അവരുടെ ജീവിതം പലതും നമ്മിൽ നിന്നും ഒളിക്കുന്നുണ്ടാകും. അരവിന്ദൻ അത്തരക്കാരുടെ പ്രതിനിധിയാണ്. ശ്രീനിയേട്ടന്‍ ചെയ്ത മാധവേട്ടന്‍ എന്ന കഥാപാത്രവും മൂകാംബികയില്‍ തന്നെ ഉണ്ട്. ഒത്തിരി മാധവേട്ടന്മാര്‍ അവിടെയുണ്ട്. അവിടെ മാത്രമല്ല നമുക്ക് ചുറ്റും’.–രാജേഷ് പറഞ്ഞു നിർത്തി

rajesh-mid5

അരവിന്ദൻ തീയറ്ററിൽ തകർത്തു കളിക്കുമ്പോൾ ചാനലുകളും മറ്റ് മാധ്യമങ്ങളും അരവിന്ദനെ ആഘോഷമാക്കുമ്പോൾ രാജേഷ് അതിൽ നിന്നെല്ലാം മാറി ദൂരെയെവിടെയോ ആണ്. അല്ലെങ്കിലും സിനിമയുടെ ഗ്ലാമറിൽ അഭിരമിക്കാൻ ഇഷ്ടപ്പെടാത്ത ആളാണ് താനെന്ന് രാജേഷ് പറയുന്നു. ദൂരെയിവിടെയോ മാറിയിരുന്ന് സ്വച്ഛന്ദമായ അന്തരീക്ഷത്തിൽ ‘അയാൾ കഥയെഴുതുകയാണ്’. പുതിയ ചിത്രം പ്രണയം പ്രമേയമാക്കിയുള്ളതാണ്. ജേതാവിന്റെ ഭാവത്തോടെ അയാൾ ചോദിക്കുന്നു– ഇനിയിപ്പോ എനിക്കു രാശിയല്ല എന്ന് ആരും പറയില്ലല്ലോ, അല്ലേ....