Friday 13 July 2018 02:43 PM IST

രാജി തുനിഞ്ഞിറങ്ങി, പൊണ്ണത്തടി രാജിവച്ചു! ആറ് മാസം കൊണ്ട് 110ൽ നിന്ന് 80 കിലോഗ്രാം വരെ കുറച്ച രഹസ്യം ഇതാണ്

Binsha Muhammed

raji-new-cover

കുട്ടിക്കാലം തൊട്ടേ രാജിയുടെ കൂടെക്കൂടിയതാണ് ആരു കണ്ടാലും അന്തം വിടുന്ന ഈ പൊണ്ണത്തടി. കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും കളിയാക്കലുകൾക്ക് ഇടവരുത്തുന്ന നല്ല ഒന്നാന്തരം തടി. 110 കിലോയെന്നത് ചെറുപ്പക്കാരിയും അവിവാഹിതയുമായ പെൺകുട്ടിയെ സംബന്ധിച്ചടത്തോളം വലിയ പ്രശ്നം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ?

ഒന്നു പുറത്തേക്കിറങ്ങിയാൽ ആൺപെൺ ഭേദമന്യേ തന്റെ ശരീരത്തിലേക്ക് കൂരമ്പു പോലെ പതിക്കുന്ന തുറിച്ചു നോട്ടങ്ങൾ, അസ്ഥാനത്തെ കമന്റുകൾ ഇതൊന്നും ചില്ലറ ബുദ്ധിമുട്ടുകളല്ല ഈ തിരുവല്ലക്കാരിക്ക് ഉണ്ടാക്കിയത്.

ഇതൊക്കെ കൊണ്ടു കൂടിയാകണം കൂട്ടുകാർക്കിടയിലെ ‘ഗുണ്ടുമുളകായ’ രാജിക്ക് വണ്ണം കുറയ്ക്കുക എന്നത് ഒരു പ്രസ്റ്റീജ് ഇഷ്യൂവായിരുന്നു.

പഠിച്ച പണി പതിനെട്ടും നോക്കി. പട്ടിണി കിടന്നു, ഇഷ്ട ഭക്ഷണങ്ങളോട് ഗുഡ്ബൈ പറഞ്ഞു. എന്നിട്ടും നോ രക്ഷ. ഡോക്ടർമാരോട് കാരണമാരാഞ്ഞപ്പോൾ തൈറോയ്ഡ് ആണ് അടിസ്ഥാന പ്രശ്നമെന്ന് മറുപടി. പക്ഷേ തന്റെ പൊണ്ണത്തടിക്കു പിന്നിൽ അത്ര പെട്ടെന്ന് ആർക്കും ദഹിക്കാത്ത മറ്റ് രണ്ട് കാരണങ്ങൾ കൂടിയുണ്ടെന്ന് ഈ ഈ ഇരുപത്തിനാലുകാരി പറയുന്നു.

വണ്ണം കുറയ്ക്കാൻ എത്രത്തോളം പട്ടിണി കിടക്കുന്നോ അത്രത്തോളം തടി കൂടുമെന്നതാണ് രാജിയുടെ പ്രശ്നം. ജങ്ക്–ഫാസ്റ്റ് ഫുഡുകളോട് ഗുഡ് ബൈ പറഞ്ഞതു കൊണ്ടോ പട്ടിണി കിടന്നതു കൊണ്ടോ വണ്ണം കുറയില്ല എന്നു സാരം. മനസിനെ അലട്ടുന്ന ടെൻഷനിൽ അകപ്പെട്ടാലും ഇതു തന്നെ സ്ഥിതി. ശരീരഭാരം ക്രമാതീതമായി വർദ്ധിക്കും. കുടുംബത്തെയാകെ ഉലച്ച അച്ഛന്റെ മരണവും രാജിയുടെ ശരീര ഭാരം ഏറ്റിയതേയുള്ളൂ. എൺപതിലും തൊണ്ണൂറിലുമെല്ലാം നിന്ന ശരീരഭാരം 110 കിലോയിൽ വരെ എത്തിയത് അതിനുശേഷമാണ്.

ജീവിതഭാരത്തിനൊപ്പം ശരീരഭാരവും ഏറുന്നു എന്ന് മനസിലാക്കിത്തുടങ്ങിയപ്പോഴാണ് രാജി ആ തീരുമാനമെടുത്തത്. ‘എന്ത് വില കൊടുത്തും വണ്ണം കുറച്ചേ തീരൂ’. അതിന് ഏതറ്റം വരെയും പോകും. കോസ്മറ്റോളജിയിൽ ബിരുദമെടുത്ത് പ്രൊഫഷണൽ സ്കിൻ സ്പെഷ്യലിസ്റ്റ് ആകാൻ കൊതിച്ച പെൺകുട്ടിക്ക് നിലനിൽപ്പിന്റെ കൂടി പ്രശ്നമായിരുന്നു ശരീര ഭാരം കുറയ്ക്കുകയെന്നത്. മറ്റൊരു തരത്തിൽ തന്റെ പ്രൊഫഷനോടുള്ള നീതി പുലർത്തലും.

raji 2

‘ബ്യൂട്ടി കോൺഷ്യസായ പെണ്ണുങ്ങൾ പൊണ്ണത്തടിയുള്ള സ്കിൻ സ്പെഷ്യലിസ്റ്റിനെ എങ്ങനെ വിശ്വസിക്കുമെന്ന് രാജിയുടെ ചോദ്യം’? ലോകോത്തര ബ്യൂട്ടി ബ്രാൻഡുകളിൽ ഒന്നിന്റെ ബ്രാൻഡ് ഹെഡ് പദവി രാജിവച്ച് സ്വന്തമായൊരു ഇന്റർനാഷണൽ ബ്യൂട്ടി സലൂൺ എന്ന സ്വപ്നത്തിലേക്ക് നടന്നടുത്തപ്പോഴും തടി കുറയ്ക്കുക എന്ന ജീവിത ലക്ഷ്യം അകലെയെവിടെയോ ആയിരുന്നു. പക്ഷേ അതിലേക്ക് നടന്നടുക്കുക തന്നെ ചെയ്യും എന്ന് കരുതിയുറപ്പിച്ചു. തന്റെ ബിസിനസ് സംരംഭത്തിലെ പങ്കാളിയും ഉറ്റസുഹൃത്തുമായ ശിവകുമാറിന്റെ പ്രോത്സാഹനം കൂടിയായപ്പോൾ രാജി രണ്ടും കൽപ്പിച്ചിറങ്ങി.

‘സെലിബ്രിറ്റികളെപ്പോലെ ഒരു സുപ്രഭാതത്തിൽ വണ്ണം കുറയ്ക്കുന്ന മാജിക്കൊന്നും എനിക്ക് വശമില്ല. ജിമ്മിൽ പോയിത്തുടങ്ങിത്തന്നെയാണ് ആ ഭഗീരഥ പ്രയത്നത്തിന് തുടക്കമിട്ടത്. വീട്ടിലും ഒരു മിനി ജിം രൂപപ്പെടുത്തി പൊണ്ണത്തടിയെ ഞാൻ വെല്ലുവിളിച്ചു. കൃത്യമായ ഇടവേളകളിൽ പരിശീലനം. ഒന്നിന്റെ പേരിലും ജിമ്മിലെ പ്രാക്ടീസ് മുടക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു’–രാജിയുടെ ഹെൽത്ത് ടിപ്സ് അങ്ങനെ തുടങ്ങുന്നു.

‘ഭക്ഷണത്തോടായിരുന്നു അടുത്ത മൽപ്പിടുത്തം. കാർബോഹൈഡ്രേറ്റും കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങളെ മെനുവിൽ നിന്നു മാത്രമല്ല ജീവിതത്തിൽ നിന്നു തന്നെ ഗെറ്റ് ഔട്ട് അടിച്ചു. ചോറ്, ചപ്പാത്തി, കപ്പ, ജങ്ക് ഫുഡുകൾ എന്നിവയെ എല്ലാം കൺമുന്നിൽ നിന്നു പോലും അകറ്റി. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം മാത്രം കഴിച്ച് ജീവൻ നിലനിർത്തി. മുട്ടയുടെ വെള്ള, ട്യൂണാ മത്സ്യം, പനീർ, മുളപ്പിച്ച പയർ എന്നിവ എന്റെ ഭക്ഷണത്തിന്റെ ഭാഗമായി.’

raji 1

മാസത്തിലോ ആഴ്ചയിലോ ചീറ്റ് ഡേ ഉണ്ടായിരുന്നു. അന്ന് നല്ല രീതിയിൽ ഭക്ഷണം കഴിക്കും. പക്ഷേ കഴിക്കുന്നതിന്റെ നാലിരട്ടി പ്രതികാരം ഞാനെന്റെ ശരീരത്തോട് തീർക്കും. എക്സർസൈസുകൾ വർദ്ധിപ്പിച്ച് ഭക്ഷണ പതിവിലും ക്രമീകരിച്ചുള്ള പ്രതികാരം.

മാറ്റങ്ങൾ കണ്ടു തുടങ്ങിയ നാളുകളായിരുന്നു പിന്നീട് . കഠിന പരിശീലനത്തിന്റെയും പ്രയത്നത്തിന്റെയും ആഴ്ചകളും മാസങ്ങളും കടന്നു പോയി. ശരീരത്തില്‍ അലിഞ്ഞു കൂടിയ മാലിന്യങ്ങളെ (ടോക്സിനുകൾ) പുറന്തള്ളുക എന്നതായിരുന്നു അടുത്ത പണി. അതിന് വെള്ളം പോലെ ഉത്തമ പ്രതിവിധി വേറൊന്നില്ല. ബാഗിലും ജോലിയിടങ്ങളിലും എല്ലാം വെള്ളം എന്റെ സന്തത സഹചാരിയായി. ഒരു ദിവസം മൂന്നുമുതൽ നാല് ലിറ്റർ വരെ വെള്ളമാണ് ഞാൻ കുടിച്ചിരുന്നതെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കുക പ്രയാസമാണ്.’– രാജിയുടെ വാക്കുകളിൽ ചാരിതാർത്ഥ്യം.

raji 3

നീണ്ട ആറു മാസം. അതെനിക്ക് വ്രതം പോലെയായിരുന്നു. നമ്മുടെ ദൗർല്യങ്ങളോട് കണ്ണും പൂട്ടി നോ പറയാനുള്ള ശക്തിയാർജ്ജിച്ച കാലം. കളിയാക്കിയവരുടെ മുന്നിൽപ്പോയി ചങ്കുറപ്പോടെ നിൽക്കാൻ എന്നെ പ്രാപ്തയാക്കിയ കാലം. അതെനിക്ക് നൽകിയ മാറ്റം ചില്ലറയൊന്നുമല്ല. 110 കിലോ ഭാരത്തിൽ നിന്നും 80 കിലോ എന്ന സ്വപ്ന സംഖ്യയിലേക്ക് എന്നെക്കൊണ്ടെത്തിച്ചതും. ഈ ആറ്മാസക്കാലമാണ്. എല്ലാം ഒരു സ്വപ്നം പോലെ.

ശരീരഭാരം കുറയ്ക്കുക എന്നത് സൗന്ദര്യ പ്രശ്നമായിക്കാം. പക്ഷേ ഇതെനിക്കെന്റെ ജീവിത പ്രശ്നം കൂടിയായിരുന്നു. കോസ്മറ്റോളജിസ്റ്റായ (സ്കിൻ സ്പെഷ്യലിസ്റ്റ്) എനിക്ക് എന്റെ ജീവിതത്തോട് ഇങ്ങനെയൊക്കെയല്ലേ ഉത്ത്രവാദിത്വം കാണിക്കാൻ കഴിയൂ...