Thursday 30 April 2020 02:24 PM IST

‘കോവിഡ് 19 എന്താണെന്ന് അവൾ മനസിലാക്കിയിട്ടുണ്ടാകുമോ... എങ്കിലും തന്നെക്കൊണ്ടാകും വിധം ആർക്കൊക്കെയോ വേണ്ടി അവൾ നന്മ ചെയ്തു’! അറിയണം രാജിയെ

Shyama

Sub Editor

raji-1

രാജി ആ മാസ്കുകൾ ഓരോന്ന് തുന്നുമ്പോഴും അവളുടെ മനസിലൂടെ എന്തൊക്കയാണ് സഞ്ചരിച്ചിട്ടുണ്ടാവുക? കോവിഡ് 19 എന്താണെന്ന് ശരിക്ക് അവൾ മനസിലാക്കിയിട്ടുണ്ടാകുമോ...ഈ മാസ്ക് കെട്ടിയാൽ രോഗം ഒരു പരിധിവരെ തടയാമെന്നും അവൾക്ക് ബോധ്യമുണ്ടാകുമോ... അറിയില്ല... എങ്കിലും അറിയാവുന്നൊരു വിദ്യകൊണ്ട് ആർക്കൊക്കെയോ വേണ്ടി അവൾ നന്മ ചെയ്തു.

ചില കഥകൾ കേൾക്കുമ്പോൾ നാം വല്ലാതെ അങ്ങ് ചുരുങ്ങി പോകാറില്ലേ? എന്തൊക്കെയോ ആണെന്ന് കരുതിയതൊന്നും ഒന്നുമല്ലെന്ന് മനസിലാക്കിയുള്ളൊരു ചുരുങ്ങൽ... അങ്ങനെയൊരു കഥയാണ് രാജിയുടേത്.

തിരുവന്തപുരം തിരുമല സ്വദേശിയാണ് മുപ്പത് വയസുകാരി രാജി. മെന്റൽ റീടാർഡേഷൻ (എം.ആർ.) എന്ന അവസ്ഥയുമായിട്ടാണ് ഭിന്നശേഷിക്കാരിയായ രാജി ജനിച്ചത്. അമ്മ പ്രഭയാണ് തുന്നലിന്റെ വഴിയിലേക്ക് രാജിയെ ആദ്യം കൂട്ടുന്നത്. വീട്ടിലുള്ള തയ്യൽ മെഷീനിൽ നിന്ന് സൂചി മാറ്റി പണ്ട് പ്രഭ മകളെ മെഷീൻ ചവിട്ടി പഠിപ്പിച്ചു. പഠിച്ച് തുടങ്ങുമ്പോൾ സൂചി കൊണ്ട് അവളുടെ കൈ മുറിയണ്ട എന്നോർത്തിട്ടായിരുന്നു അത്‌. രാജിക്ക് അത്‌ ഇഷ്ടമായതോടെ സ്റ്റിച്ച് വിട്ടതും കീറിയ തുണിയുമൊക്കെ പ്രഭ രാജിക്ക് കൊടുത്തു. അവളതൊക്കെ കൂട്ടിത്തുന്നി. ഒരു മാസം മാത്രം പോയിട്ട് നിർത്തിയൊരു ഭിന്നശേഷിക്കാർക്കുള്ള സ്കൂളിലും രാജിക്ക് ഇഷ്ടമാണെന്നത്കൊണ്ട് തയ്യൽ പരിശീലിപ്പിച്ചിരുന്നു അങ്ങനെയാണ് തയ്യലിനോട് ഇത്ര അടുത്തത്.

"ഞാനിവിടെ മദർ ക്വീൻ ഫൗണ്ടേഷൻ എന്നൊരു സംഘടന നടത്തുന്നുണ്ട്." രാജിയുടെ അമ്മ പ്രഭ ഉണ്ണി പറയുന്നു "2014ൽ രജിസ്റ്റർ ചെയ്തതാണത്. സ്ഥാപനമായിട്ടല്ല എന്റെ വീട്ടിൽ തന്നെയാണ് പ്രവത്തനങ്ങൾ. അതിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് പാമ്പേഴ്സ്, സോപ്പ്, ചികിത്സയ്ക്ക് വരുന്നവർക്ക് ഭക്ഷണം ഒക്കെ പറ്റും പോലെ ചെയ്ത് കൊടുക്കാറുണ്ട്. ഇപ്പൊ ലോക്ക്ഡൗൺ ആയപ്പോൾ ആളുകൾക്ക് ഇവിടെ വന്ന് സാധങ്ങൾ വാങ്ങാൻ പറ്റില്ലല്ലോ, അപ്പോൾ നാൽപ്പതോളം വീടുകളിൽ എത്തിച്ചു കൊടുക്കാൻ തുടങ്ങി. പിന്നീട് അത്‌ 150 വീടുകളിലേക്കായി... കമ്മ്യൂണിറ്റി കിച്ചൻ വരുന്നതിന് മുൻപ് അന്യസംസ്ഥാന തൊഴിലാളികൾക്കും ഭക്ഷണവും സാധങ്ങളും കൊടുത്തിരുന്നു. സാധങ്ങൾ കൊടുക്കാൻ പോകുമ്പോഴും ഒക്കെ മാസ്ക് വേണം എന്ന് നിർബന്ധമാക്കിയതോടെയാണ് മാസ്ക് തയ്‌ക്കാൻ തീരുമാനിക്കുന്നത്. വീടുകളിൽ കൊടുക്കാൻ വേണ്ടിയാണ് മാസ്ക് തയ്‌ക്കാമെന്നോർത്തത്. ഫുഡ് കിറ്റ് ഒക്കെ എത്തിക്കാൻ ഏറെ സഹായിച്ച പോലീസുകാർക്കാണ് ആദ്യം മാസ്ക് കൊടുത്തത്... പിന്നീട് ക്ഷേത്രങ്ങളിൽ, ചാനലുകലിൽ ഒക്കെ കൊടുത്തു. മോൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ ഇഷ്ടമാണ്...ജ്വല്ലറി മേക്കിങ്ങ്, വര ഒക്കെ ചെറുതായിട്ടുണ്ട്... ഞാൻ തയ്ക്കുന്നിതിടയിൽ മോളോടും ചോദിച്ചു നീ തയ്ക്കുന്നോ എന്ന്, അപ്പൊ തന്നെ അവൾ സമ്മതിച്ചു. സാധാരണ ഇങ്ങനെ എന്തെങ്കിലും ഒക്കെ ചെയ്താൽ അവൾ കൂലി ചോദിക്കും, എന്നിട്ട് അത്‌ സൂക്ഷിച്ചു വെക്കും. ഇതിന് പക്ഷേ, കാശൊന്നും വേണ്ട എന്നവൾ പറഞ്ഞു. റേഡിയോ ആണ് അവൾക്ക് ടീവിയെക്കാൾ ഇഷ്ടം അതിലൂടെ കൊറോണയെ കുറിച്ചൊക്കെ കേൾക്കുന്നത് മനസിലുണ്ടായിരുന്നിരിക്കണം. നല്ല ശ്രദ്ധിച്ചു ഭംഗിയായി തയ്‌ക്കും, അതിന്റെ നാട മാത്രം ഞാൻ വെക്കും.

raji-2

അങ്ങനെ തയ്ച്ച മാസ്‌കുകൾ കൗൺസിലർക്ക് കൊടുക്കാൻ പോയപ്പോഴാണ് ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ കാണാൻ അവസരം വന്നത്. അപ്പൊ മോളെയും ഒപ്പം കൂട്ടി. ഒപ്പം കൂട്ടിയത് വേറൊന്നും കൊണ്ടല്ല അവർക്കും ഇതിലൊക്കെ ഭാഗമാകാൻ കഴിഞ്ഞെന്നൊരു ആത്മവിശ്വാസം വരുമല്ലോ... ഇത് കാണുന്ന മറ്റ് മക്കൾക്കും ഒരു പ്രചോദനമാകട്ടെ."

രാജിയുടെ രണ്ട് ആങ്ങളമാർ കാനഡയിലാണ്. അച്ഛൻ രാധാകൃഷ്ണനും അമ്മയുമായി തീരുമലയിൽ തന്നെയാണ് താമസം.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രധാനമായും പെൺകുട്ടികൾക്കുള്ളൊരു റീഹാബിലിറ്റേറ്റഷൻ സെന്റർ തുടങ്ങാനുള്ള പരിശ്രമത്തിലാണ് പ്രഭ ഇപ്പോൾ... ഭിന്നശേഷിക്കാർക്ക് സ്വന്തമായി വരുമാനം ഉണ്ടാക്കാൻ പാകത്തിനുള്ള രീതിയിൽ പരിശീലനം കൊടുക്കുക എന്നതാകും അതിന്റെ പ്രധാന ലക്ഷ്യം എന്ന് പ്രഭ. അതിനായി പത്തനംതിട്ട മണക്കാലയിൽ ബി.സോമൻ പിള്ള എന്ന വ്യക്തി 45 സെന്റ് സ്ഥലം ട്രസ്റ്റിന്റെ പേരിൽ തന്നിട്ടുണ്ട്, ഇനി ബാക്കി കാര്യങ്ങൾ തുടരണം.