Friday 09 March 2018 11:14 AM IST

നിറങ്ങളുടെ പ്രിയസഖി; മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയ സഖി എൽസ വനിതയോട്

Roopa Thayabji

Sub Editor

sakhi

സംവിധായകൻ ശ്യാമപ്രസാദിന്റെ സിനിമകളിലെ സ്ഥിരം കോസ്റ്റ്യൂം ഡിസൈനർ. സഖി എൽസയ്ക്ക് കൂടുതൽ ചേരുന്ന വിശേഷണം ഇതാണ്. മോഹിച്ചു കൂടെ കൂട്ടിയ കരിയറിൽ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയ ത്രില്ലിലാണ് സഖിയിപ്പോൾ. ശ്യാമപ്രസാദ് ചിത്രമായ ‘ഹേ ജൂഡി’ലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്. ‘കേരളാ കഫേ’യിൽ തുടങ്ങി ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ വഴി ‘ഹേ ജൂഡി’ലെത്തി നിൽക്കുന്ന കരിയർ ഗ്രാഫിന്റെ സന്തോഷത്തോടൊപ്പം അവാർഡിന്റെ ആനന്ദവും പങ്കുവച്ച് സഖി വനിത ഓൺലൈനോടു സംസാരിച്ചു.

കാത്തിരുന്നു കിട്ടിയ അവാർഡ് ?

അവാർഡ് പ്രതീക്ഷ വച്ചുപുലർത്താറില്ലെങ്കിലും ഡിസൈനുകൾക്ക് ര്ടു നല്ലവാക്ക് കേൾക്കണമെന്ന മോഹം എപ്പോഴുമുണ്ട്. ആദ്യമായി എനിക്ക് അവാർഡ് കിട്ടിയത് ‘ഇലക്ട്ര’യ്ക്കാണ്, ഫെഫ്കയുടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ്. ‘കളിയച്ഛൻ’ ചെയ്ത സമയത്ത് എല്ലാവരും അവാർഡ് കിട്ടുമെന്ന് പറഞ്ഞിരുന്നു, പക്ഷേ അന്നു കിട്ടിയില്ല. ഇപ്പോൾ എനിക്കേറെ സ്നേഹവും ബഹുമാനവുമുള്ള സംവിധായകനൊപ്പം, നിവിനും തൃഷയ്ക്കുമൊപ്പം ആസ്വദിച്ചു ചെയ്ത സിനിമയ്ക്കു തന്നെ അവാർഡ് കിട്ടിയതിൽ വലിയ സന്തോഷമുണ്ട്.

ബികോം പാസായി നിഫ്റ്റിലേക്കുള്ള ട്വിസ്റ്റ് എങ്ങനെയായിരുന്നു ?

കോട്ടയമാണ് അച്ഛന്റെയും അമ്മയുടെയും സ്വദേശം. പക്ഷേ, ഞാൻ ജനിച്ചത് തിരുവനന്തപുരത്ത്. പപ്പ തോമസ് ട്രഷറി ഓഫിസറായിരുന്നു. അമ്മ േചച്ചമ്മ വിഎസ്എസ്്‌സിയിലും. രണ്ടുപേരും ഇപ്പോൾ റിട്ടയറായി. സഹോദരൻ ടിറ്റൂ സോഫ്റ്റ്‌വെയർ എൻജിനിയറാണ്.

തിരുവനന്തപുരം സർവോദയ വിദ്യാലയയിൽ സ്കൂൾ പഠനവും മാർ ഇവാനിയോസിൽ പ്രീഡിഗ്രിയും എംജി കോളജിൽ നിന്ന് ബികോമും പാസായ സമയത്ത് കസിനാണ് നിഫ്റ്റിനെ പറ്റി പറയുന്നത്. വരയ്ക്കാൻ അറിയാവുന്നവർക്ക് പാസാകാൻ കഴിയുന്ന എൻട്രൻസ് എന്നായിരുന്നു അവൻ പറഞ്ഞത്. കേട്ടപ്പോൾ രസം തോന്നിയാണ് അപേക്ഷിച്ചത്. അത് കിട്ടിയതോടെ നിറ്റ്‌വെയർ ഡിസൈനിങ് ആന്റ് ടെക്നോളജി കോഴ്സിനു ചേർന്നു. എംബിഎയ്ക്ക് പോണമെന്നു നിർബന്ധിക്കാതെ ഡൽഹിയിൽ നിഫ്റ്റിലേക്ക് വിട്ട അച്ഛനോടും അമ്മയോടുമാണ് താങ്ക്സ് പറയുന്നത്. 2004ൽ പാസായി.

കോഴ്സ് കഴിഞ്ഞ് ഡൽഹിയിൽ തന്നെ കുറച്ചുകാലം ഫ്രീലാൻസ് ജോലികളുമായി നിന്നു. പിന്നെ അരവിന്ദ് മിൽസിൽ ഡിസൈനിങ് മാനേജരായി ഒന്നര വർഷം ജോലിക്ക് ചെയ്തു. ബോംബെയിലും കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്.

sakhi4

ശ്യാമപ്രസാദിലൂടെയാണ് സിനിമയിലെത്തിയത് ?

ടെലിവിഷൻ ചാനലുകൾക്ക് വേണ്ടി സ്റ്റൈലിങ് ചെയ്തായിരുന്നു നാട്ടിൽ തുടക്കം. സംവിധായകൻ ശ്യാമപ്രസാദുമായുള്ള പരിചയമാണ് ‘കേരളാ കഫേ’യിലെ ‘ഓഫ് സീസണി’ലേക്ക് കോസ്റ്റ്യൂം ചെയ്യുന്നതിനു കാരണം. ആദ്യമായി സിനിമാ ഷൂട്ടിങ് കാണുന്നത് തന്നെ അന്നായിരുന്നു. കേരളാ കഫേയ്ക്ക് ശേഷം ഇലക്ട്ര ചെയ്തു, പിന്നെ അരികെ, ആർട്ടിസ്റ്റ്. രണ്ടാമത്തെ സിനിമയിൽ തന്നെ നയൻതാരയ്ക്ക് വേണ്ടിയും മനീഷ കൊയ്‌രാളയ്ക്ക് വേണ്ടിയും ഡിസൈൻ ചെയ്തു. സ്വന്തം ടൈയ്‌ലറെ കൊണ്ടുതന്നെ ഡ്രസ് തയ്പിക്കണമെന്ന നിർബന്ധമേ നയൻതാരയ്ക്കുള്ളൂ. ബാക്കി എല്ലാം ഓക്കെ. ഡിസൈൻ അനുസരിച്ച് വെട്ടി കൊടുത്താൽ അവർ തുന്നിക്കോളും. മനീഷ കൊയ്‌രാളയുടെ സ്കിൻ ടോൺ വളരെ നല്ലതാണ്. സിനിമയിൽ രണ്ട് സീനുകളിൽ അവരുടുത്ത വെള്ള, ബെയ്ജ് നിറങ്ങളിലെ സിംപിൾ സാരികൾക്ക് ഭംഗിയും എടുപ്പും കൂടിയത് ആ ടോൺ കൊണ്ടാണ്.

‘അരികെ’യിൽ എനിക്കേറെ പ്രിയപ്പെട്ട ന്യൂട്രൽ നിറങ്ങളാണ് ഉപയോഗിച്ചത്. ബഹളങ്ങളൊന്നും ഇല്ലാത്ത സിനിമയായതു കൊണ്ട് അതിലെ മിക്ക കഥാപാത്രങ്ങളും അത്തരം നിറങ്ങൾ യോജിച്ചു. ആർട്ടിസ്റ്റിനു വേണ്ടി ഡ്രസ് ചെയ്യും മുമ്പ് വലിയ ടെൻഷനായിരുന്നു. അന്നു ശ്യാമപ്രസാദ് സാർ പറഞ്ഞ വാക്കുകൾ നിധി പോലെ ഓർത്തുവയ്ക്കുന്നു, ‘നിങ്ങൾ നന്നായി ചെയ്യുമെന്ന് ഉറപ്പുണ്ട്. പിന്നെയെന്തിനാ ഇതിനായി സമയം കളയുന്നത്?’ എനിക്കു കിട്ടിയ ആദ്യ അവാർഡായിരുന്നു ആ വാക്ക്. ക്ലൈമാക്സ് സീനിൽ ആൻ അഗസ്റ്റിൻ ഉടുക്കുന്ന പ്രഷ്യൻ ബ്ലൂ സാരിക്കായി കുറേ അലഞ്ഞെങ്കിലും അവസാനം ആ നിരത്തിലുള്ള തുണി സാരിയുടെ നീളത്തിൽ മുറിച്ചുവാങ്ങി സിൽക്ക് ബോർഡർ വച്ചുപിടിപ്പിക്കുകയായിരുന്നു.

ശ്യാമപ്രസാദിന്റെ സിനിമകൾ മാത്രമല്ല ചെയ്തിട്ടുള്ളത്. ഒരു നാൾ വരും, വയലിൻ, സെക്കൻഡ് ഷോ, തത്സമയം ഒരുപെൺകുട്ടി, മാഡ് ഡാഡ്, കളിയച്ഛൻ, ത്രീ ഡോട്ട്സ് തുടങ്ങി കുറേ സിനിമകളുണ്ട് കരിയറിൽ.

sakhi-3

സിനിമയ്ക്കു പുറത്തും ഹാപ്പി ?

പരസ്യങ്ങൾക്കും ഫോട്ടോഷൂട്ടുകൾക്കും റിയാലിറ്റി ഷോകൾക്കും വേണ്ടി സ്റ്റൈലിങ് ചെയ്യുന്നതാണ് സിനിമയ്ക്കു പുറത്തെ തിരക്കുകൾ. കണ്ണൂർ നിഫ്റ്റിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി) സ്റ്റൈലിങ്ങിൽ ഒരു മൊഡ്യൂൾ പഠിപ്പിച്ചു, വിസിറ്റിങ് ഫാക്കൽറ്റിയാണ്. കേരള സർക്കാരിന്റെ കീഴിലുള്ള ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിലും പഠിപ്പിച്ചിരുന്നു. ഐഎഫ്ടികെ കോഴ്സ് കോര്‍ഡിനേറ്ററും സീനിയർ ഫാക്കൽറ്റിയുമാണ്.

ഏത് വേഷവും ഇണങ്ങുന്ന മലയാളത്തിലെ രണ്ടുപേരാണ് ഉണ്ണി മുകുന്ദനും മംമ്ത മോഹൻദാസും. വിരിഞ്ഞ ചുമലും ഇടുങ്ങിയ അരക്കെട്ടുമുള്ള ആണുങ്ങൾക്ക് ഏത് ഡ്രസ് ഇട്ടാലും ഭംഗിയാണ്. മംമ്തയ്ക്ക് നല്ല ഡ്രസിങ് സെൻസുണ്ട്. ഏത് ഡ്രസ് കൊടുത്താലും എങ്ങനെ ധരിക്കണമെന്ന് അവർക്കറിയാം. ഓരോ സാരിയുടെയും ബോർഡറിന് എത്ര വീതി വേണമെന്നു വരെ അറിയാം. ചിലരുണ്ട്, എത്ര നല്ല ഡ്രസ് കൊടുത്താലും ഇട്ടുവരുമ്പോൾ കുളമാകും. പക്ഷേ, എത്ര ന്യൂട്രൽ കളർ കൊടുത്താലും മംമ്ത ഇട്ടുവരുമ്പോൾ വെട്ടിത്തിളങ്ങും.

ഏത് ഡ്രസും സുന്ദരമാക്കാൻ വഴികളുണ്ടോ ?

ഗൗണുകളിലാണ് ഞാൻ സാധാരണ പരീക്ഷണങ്ങൾ ചെയ്യുന്നത്. വയലിൻ എന്ന സിനിമയിൽ നിത്യാ മേനോൻ ഒരു പാട്ടുസീനിൽ പല നിറങ്ങളിലെ ഗൗണുകൾ ഇടുന്നുണ്ട്. വിവാഹ നിശ്ചയ സീനിൽ ഇടുന്ന ഗോൾഡൻ ഗൗൺ തേടി അന്നു വിദേശത്തു നിന്നുവരെ ഫോൺകാളുകൾ വന്നിരുന്നു. ‘വെള്ളിമൂങ്ങ’യിലെ രണ്ടു ഗൗണും നന്നായി ശ്രദ്ധിക്കപ്പെട്ടു. മറ്റുപല പരീക്ഷണങ്ങളുമുണ്ട്. ആ സിനിമയിൽ ബിജു മേനോന്റെ രാഷ്ട്രീയക്കാരൻ ഇടുന്ന ഷർട്ടുകൾക്ക് ഹൈ ചൈനീസ് കോളറാണ് വച്ചിരുന്നത്. കെഎൽ 10 പത്തിനു വേണ്ടി ഹിജാബിലും പല പരീക്ഷണങ്ങളും നടത്തി.

‘കട്ടപ്പനയിലെ ഹൃതികേ റോഷനിലെ ‘അഴകേ...’ എന്ന പാട്ടിൽ പ്രയാഗയിടുന്ന വലിയ അംബ്രല്ലാ പാവാടയുണ്ട്. 12 അടി ചുറ്റളവിൽ 12 പീസാണ് ആ പാവാടയ്ക്കുള്ളത്. പാറ മുഴുവൻ മൂടിയിരിക്കുന്ന രീതിയിൽ വെള്ളത്തിലേക്ക് ഒഴുകിക്കിടക്കുന്ന വലിപ്പത്തിലാണ് അടിയിൽ തെർമോക്കോൾ ഒക്കെ പിടിപ്പിച്ചിരുന്നു. നിവർത്തിയിട്ട് അലുക്ക് പിടിപ്പിക്കാൻ പറ്റിയ മുറി ഇല്ലാത്തതുകൊണ്ട് വാഗമണ്ണിൽ ഞങ്ങൾ താമസിച്ച ഹോട്ടലിന്റെ മുറ്റത്തിട്ട് രാത്രിയിലാണ് വർക്ക് തീർത്തത്. എന്റെ അസിസ്റ്റന്റുമാർക്ക് നന്ദി. ‘പാരുടയ മറിയമേ...’ എന്ന പാട്ടിനു വേണ്ടി വെള്ളയും ഗോൾഡനും നിറങ്ങളുമുപയോഗിച്ച് മാർഗം കളിക്കാർക്കും ചട്ടയും മുണ്ടിലുമൊക്കെ മേക്കോവർ വരുത്തി പരീക്ഷണം നടത്തി.

jude

ഹേ ജൂഡിനെ കുറിച്ച് ?

കഴുത്തുവരെ മൂടി ബട്ടൺ അപ് ചെയ്ത ചുളിവു വീണ നീലയും ചാരക്കളറും ഷർട്ടുകൾ. അവയെല്ലാം ലൂസ് ഫിറ്റ് , ഇതൊന്നും പോരാതെ കണ്ണുകൾ മൂടിക്കളയുന്ന ബോറൻ കണ്ണട. ആരാധകരേറെയുള്ള നിവിനു വേണ്ടി ഈ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഒട്ടും സംശയമില്ലായിരുന്നു. ഓട്ടിസത്തോടു സാമ്യമുള്ള അസ്പെർഗേഴ്സ് സിൻഡ്രോമുള്ളയാളാണു ജൂഡ്. ഈ രോഗത്തെ കുറിച്ചും ഇത്തരം കഥാപാത്രങ്ങൾക്കു ചേരുന്ന വസ്ത്രങ്ങൾക്കു വേണ്ടിയും ആഴത്തിൽ പഠിച്ചു. വസ്ത്രത്തിലും പെരുമാറ്റത്തിനും അവർക്കു പ്രത്യേകമായ തിരഞ്ഞെടുപ്പുകളുണ്ട്. പൊതുവെ പൊതിഞ്ഞു മൂടിയ വസ്ത്രങ്ങളാണ് ധരിക്കുക. സോഷ്യൽ സ്കിൽസ് കുറവാണ് ഇവർക്ക്. അവരുടേതായ ലോകത്ത് ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്നവർ. ആ ക്യാപ്സ്യൂളിങ് വസ്ത്രത്തിൽ കൊണ്ടുവന്നു. ഗോവൻ മലയാളിപ്പെൺകുട്ടിക്കു ചേരുന്ന വിധം ബോഹോ ബേസ്ഡ് സ്റ്റൈലിങ് ആണ് തൃഷയ്ക്ക് ചെയ്തത്. ബൈ പോളാർ സ്വഭാവമുള്ളതിനാൽ ഹാപ്പി, ഡൾ മൂഡ് വസ്ത്രത്തിലും നിറത്തിലും ചേർത്തു. അഥ്രമാത്രം ഹാർഡ്്‌വർക്ക് ചെയ്ത സിനിമയ്ക്കു തന്നെ അവാർഡ് കിട്ടുമ്പോൾ സന്തോഷം ഇരട്ടിയാണ്.

ഭാവിപരിപാടികൾ ?

സിനിമകൾ ഉണ്ട്. കൊച്ചി ഒബ്‌റോൺ മാളിൽ തുടങ്ങിയ സമ്പന്ന വെഡ്ഡിങ് ബ്രാൻഡിന്റെ പരിപാടികളിൽ സജീവമാണ് ഇപ്പോൾ. തീം വെഡ്ഡിങ് പോലെയുള്ള പാക്കേജ് ഡ്രസുകളാണ് അവിടെ ചെയ്യുന്നത്. പിന്നെ സ്റ്റൈലിങ്ങും മറ്റുമായി ബാക്കി പരിപാടികൾ സൈഡായുണ്ട്.