Tuesday 25 September 2018 04:44 PM IST : By സ്വന്തം ലേഖകൻ

‘‘മഴ നനയാതെ കയറിക്കിടക്കാൻ എനിക്കൊരു ഷീറ്റ് വാങ്ങി തരാമോ ?’’ ആ അമ്മയുടെ വേദന തുളുമ്പിയ വാക്കുകൾക്ക് അവർ പകരം നൽകിയത് ഒരു വീട്

home

മഴയും വെയിലും കൊള്ളാതെ കയറിക്കിടക്കാൻ പാകത്തിൽ, പൊളിഞ്ഞ ഷെഡിന് മീതേ വലിച്ചു കെട്ടാൻ ഒരു പ്ലാസ്റ്റിക് ഷീറ്റ് വാങ്ങിത്തരാമോ എന്നാണ് ആ അമ്മ നിറകണ്ണുകളോടെ ചോദിച്ചത്. പക്ഷേ ആ വേദന തുളുമ്പിയ വാക്കുകൾക്ക് സോഷ്യൽ മീഡിയ കൂട്ടായ്മ പകരം നൽകിയത് അടച്ചുറപ്പുള്ള ഒരു വീട്, അതും വെറും പതിനാറു ദിവസം കൊണ്ട്.

തലചായ്ക്കാൻ ബാക്കിയുണ്ടായിരുന്ന ചോരുന്ന കൂരയും പ്രളയം കൊണ്ടുപോയതോടെ താത്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡില്‍ താമസമാക്കിയ രമയാണ് ഒരു കൂട്ടം സുമനസ്സുകളുടെ സ്നേഹക്കരുതലിൽ സുരക്ഷിതയായത്.

പറവൂര്‍ വടക്കുംപുറം തൈക്കൂട്ടത്തില്‍ ശ്രീനിവാസന്റെ ഭാര്യ 63 കാരി രമ ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട്, ഒരു കൊച്ചു ഷെഡിലായിരുന്നു താമസം. പ്രളയത്തിൽ ആ ഷെഡ് തകര്‍ന്നു. തലചായ്ക്കാന്‍ ഇടമില്ലാതായതോടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ യുവാക്കളോടാണ് രമ തന്റെ ആവശ്യം പറഞ്ഞത്. രമയുടെ ദുരിതം മനസിലാക്കിയ യുവാക്കള്‍ വീടൊരുക്കി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി രൂപപ്പെടുത്തിയ വാട്സ്ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളാണു വളരെ ചുരുങ്ങിയ സമയം കൊണ്ട് മനോഹരമായ വീടൊരുക്കാനുള്ള രണ്ടര ലക്ഷം രൂപ സമാഹരിച്ചത്.

ഒരു മുറി, അടുക്കള, ശുചി മുറി, സിറ്റ് ഔട്ട് എന്നിവയുള്ള വീടാണ് ഒരുക്കി നല്‍കിയത്. വീടിനകം ടൈല്‍ പാകിയിട്ടുണ്ട്. മേല്‍ക്കൂര ഷീറ്റ് വിരിച്ച് സീലിങ് ചെയ്തതോടെ വീട് റെഡി. വീട് പൂര്‍ണമായും നിര്‍മിച്ച ശേഷമായിരുന്നു ഗൃഹപ്രവേശന വിവരം പുറത്തുവിട്ടത്. ഞായറാഴ്ച രാവിലെ നടന്ന ഗൃഹപ്രവേശനത്തിലേക്ക് ആരേയും ക്ഷണിച്ചിരുന്നില്ല. എന്നാല്‍ എം.എല്‍.എയും ജനപ്രതിനിധികളും കലാകാരന്മാരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങിനെത്തി സന്തോഷം പങ്കുവെച്ചു.

ഹോം ചലഞ്ച് എന്ന പേരില്‍ രൂപീകരിക്കപ്പെട്ട ഗ്രൂപ്പ് സമാഹരിച്ച തുകയില്‍ ബാക്കി വന്ന 10000 രൂപ മറ്റൊരു വീടു നിര്‍മാണത്തിനായി രമ കൈമാറി. മറ്റൊരാള്‍ക്ക് വീടൊരുക്കാനുള്ള പുതിയ ദൗത്യത്തിലാണ് ഈ സൗഹൃദസംഘം.