Monday 25 November 2019 04:28 PM IST : By സ്വന്തം ലേഖകൻ

‘ബിസി കെട്ട്യോൻമാർ കണ്ടു പഠിക്കണം’; പ്രിയപ്പെട്ടവളുടെ പിറന്നാളിന് തിരക്കുകൾ മാറ്റിവച്ച് രമേശ് ചെന്നിത്തല; ഹൃദയം നൽകി സോഷ്യൽ മീഡിയ

rc

‘രാഷ്ട്രീയക്കാർക്ക് കുടുംബം നോക്കാൻ എവിടെയാണ് സമയം?’ എന്നാണ് പൊതുവേയുള്ള കമന്റ്. ഗൗരവം മുഖമുദ്രയാക്കി തിരക്കിൽ നിന്നു തിരക്കിലേക്ക് കുതിക്കുന്നവരാണത്രേ രാഷ്ട്രീയക്കാർ. ഇതിനിടയ്ക്ക് കുടുംബത്തിലെ വിശേഷ അവസരങ്ങളിൽ എത്തിയെങ്കിൽ എത്തിയെന്നു പറയാം.

പക്ഷേ ഇവിടെയിതാ കണ്ടു മറന്ന രാഷ്ട്രീയക്കാരിൽ നിന്നും വേറിട്ടൊരാൾ. ഭാര്യയുടെ ജന്മദിനത്തിന് സ്നേഹാശംസയുമായെത്തിയ കേരളത്തിന്റെ സ്വന്തം ലീഡർ രമേശ് ചെന്നിത്തലയാണ് ആ ഉത്തമ ഗൃഹനാഥൻ. ഭാര്യ അനിതയുടെ ജന്മദിനത്തിന് തിരക്കുകൾ മാറ്റിവച്ച് ഓടിയെത്തിയ രമേശ് ചെന്നിത്തലയാണ് ഏവരു‌ടേയും ഹൃദയം നിറയ്ക്കുന്നത്. പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംകൾ നേരുന്നതിനൊപ്പം ആ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തു അദ്ദേഹം.

‘കുടുംബാംഗങ്ങളോടൊപ്പമുള്ള സമയം തീരെകുറവാണെങ്കിലും വിശേഷദിനങ്ങളിൽ വീട്ടിൽ എത്തിച്ചേരാൻ പരമാവധി ശ്രമിക്കാറുണ്ട്. ഇന്ന് ഭാര്യ അനിതയുടെ പിറന്നാൾ ദിവസമാണ്. മക്കൾ ഒരുക്കിയ കേക്ക് മുറിച്ചു അനിതയുടെ ജന്മദിനം ആഘോഷിച്ചു.’– മനോഹര നിമിഷം പങ്കുവച്ചു കൊണ്ട് രമേശ് ചെന്നിത്തലയുടെ വാക്കുകൾ.

സമയമുണ്ടെങ്കിലും ‘ബിസിയെന്ന്’ ഭാവിക്കുന്ന കെട്ട്യോന്‍മാർ രമേശ് ചെന്നിത്തലയെ കണ്ടുപഠിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ കമന്റ്. ചുരുങ്ങിയ സമയം കൊണ്ട് ആഘോഷചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.