Wednesday 16 September 2020 11:28 AM IST : By സ്വന്തം ലേഖകൻ

നിയമപോരാട്ടം ശക്തമാക്കി റംസിയുടെ കുടുംബം; സീരിയൽ നടി മുൻകൂർ ജാമ്യം തേടി; അന്വേഷണം അട്ടിമറിക്കുന്നുവെന്നും ആരോപണം

lek-ramsi

കൊല്ലത്തെ റംസിയുടെ ആത്മഹത്യയിൽ ഹാരിസിനും കുടുംബാംഗങ്ങൾക്കും എതിരെയുള്ള നിയമപോരാട്ടം ശക്തമാക്കി കുടുംബം. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിനെ തുടർന്നാണ് കൊല്ലം കൊട്ടിയം സ്വദേശിയായ യുവതി ആത്മഹത്യ ചെയ്യുന്നത്. റംസിയുടെ ആത്മഹത്യയിൽ നീതി തേടി ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിലെ ഹാരിസിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനോ, കേസില്‍ കൂടുതല്‍ ആളുകളെ പ്രതിചേര്‍ക്കാനോ പൊലീസ് തയാറാകുന്നില്ലെന്ന് ആദ്യം മുതല്‍ തന്നെ റംസിയയുടെ വീട്ടുകാര്‍ക്ക് പരാതിയുണ്ട്. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ആക്ഷന്‍കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണം അട്ടിമറിക്കുന്നതിനെതിരെ പ്രക്ഷോഭം ശക്തമാക്കാനും തീരുമാനിച്ചു.

അതേ സമയം റംസിയു‌ടെ മരണത്തില്‍ ആരോപണ വിധേയായ സീരിയില്‍ നടി ലക്ഷ്മി പ്രമോദ് മുന്‍കൂര്‍ ജാമ്യം തേടി. നേരത്തെ സീരിയൽ താരത്തിന് അനുകൂലമായ നടപടി പൊലീസ് സ്വീകരിക്കുന്നു എന്ന് റംസിയുടെ കുടുംബവും ആക്ഷൻ കൗൺസിലും ആരോപിച്ചിരുന്നു.

നിലവിൽ മുന്‍കൂര്‍ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഈ മാസം ഇരുപത്തിമൂന്നാം തീയതിയിലേക്ക് മാറ്റി. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. കൊട്ടിയം കണ്ണനല്ലൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട ഒന്‍പതംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഒരു പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊട്ടിയം സിഐ നിരീക്ഷണത്തിലാണ്.

കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി ഈ മാസം മൂന്നാം തീയതിയാണ് തൂങ്ങിമരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി റംസിയയുമായി വിവാഹം നിശ്ച്ചയിച്ചിരുന്ന ഹാരിസിനെ അറസ്റ്റു ചെയ്തു. ഇയാള്‍ റിമാന്‍ഡിലാണ്. 

പ്രതിയുടെ സഹോദരന്റെയും, ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിനെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. നടിയുംടെ മൊഴി രേഖപ്പെടുത്തുകയും ഫോൺ കോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുകയും ചെയ്തിരുന്നു.