Tuesday 20 November 2018 06:07 PM IST

‘പ്രാണസഖീ ഞാൻ വെറുമൊരു...’ പാട്ടുകൊണ്ട് അന്ധതയെ തോൽപ്പിച്ച റഷീദിന്റെ കഥ

Roopa Thayabji

Sub Editor

rasheed-singer2

കോട്ടയം മുനിസിപ്പാലിറ്റി ഓഫിസിലെ ടെലഫോൺ ഓപ്പറേറ്ററുടെ സീറ്റിൽ റഷീദ് ഇരിക്കാൻ തുടങ്ങിയിട്ട് പത്തുവർഷം കഴിഞ്ഞു. വരുന്ന ഓരോ ഫോൺകോളും കൃത്യമായി ട്രാൻസ്ഫർ ചെയ്തു കൊടുക്കുന്ന റഷീദിനെ കണ്ടാൽ കാഴ്ചയില്ലാത്ത ഒരാളാണ് മുന്നിലിരിക്കുന്നതെന്നു തോന്നുകയേയില്ല, അത്രയ്ക്ക് കൈവേഗം. ഈ സീറ്റിലെത്തും മുമ്പ് സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് പറന്നുനടന്ന ഗായകനായിരുന്നു ഇദ്ദേഹം. ഗാനമേള ട്രൂപ്പുകാർ ‘തുറുപ്പുചീട്ടാ’യി ഇറക്കുന്ന അന്ധഗായകൻ.

ഗാനമേളകളുടെ നിറവും സ്റ്റൈലും മാറിയപ്പോൾ പാട്ടിന്റെ വഴിയിൽ നിന്നു മാറിനടന്ന റഷീദിന് കാഴ്ച ഇല്ലാത്തതിലോ പാട്ടുകൾ വഴിമാറി പോയതിലോ ഒട്ടും പരിഭവമില്ല. ‘‘കാഴ്ചയില്ലെന്നു കരുതി വിഷമിച്ചിരുന്നിട്ട് എന്തുകാര്യം. ആദ്യമൊക്കെ വിഷമമായിരുന്നു. പിന്നെ മനസ്സിലായി എന്റെ ഉൾക്കാഴ്ചയുടെ തെളിച്ചം മതി മുന്നോട്ടു ജീവിക്കാനെന്ന്. ഇപ്പോൾ കൂട്ടിനു ഫാത്തിമയുമുണ്ടല്ലോ.’’ റഷീദ് പറയുന്നു.

ജീവിതാരോഹണം

‘‘സ്പെയർപാർട്സ് വിൽപന നടത്തുന്ന കാരാപ്പുഴ സ്വദേശി ഹസൻകുഞ്ഞിന്റെയും ഭാര്യ സുബൈദയുടെയും അഞ്ചുമക്കളിൽ രണ്ടാമനായാണ് ഞാൻ ജനിച്ചത്. ജനിച്ച് ആറുമാസം ആയപ്പോഴേക്കും എനിക്ക് കാഴ്ചയില്ലെന്ന് ഉപ്പയ്ക്കും ഉമ്മയ്ക്കും മനസ്സിലായി. കുടുംബത്തിൽ ആർക്കും വൈകല്യങ്ങൾ കേട്ടുകേൾവി പോലുമില്ലായിരുന്നു. അതുകൊണ്ടു തന്നെ ഇത് ചികിത്സിച്ച് മാറ്റാമെന്ന് അവർ വിശ്വസിച്ചു. എന്നെ കാണിക്കാത്ത ഡോക്ടർമാരും വൈദ്യന്മാരുമില്ല. പക്ഷേ, 11 വയസ്സായിട്ടും കാഴ്ച കിട്ടിയില്ല. അതു കഴിഞ്ഞാണ് പഠിക്കാൻ പോലും ചേർത്തത്.

ഒളശ്ശ അന്ധവിദ്യാലയത്തിലായിരുന്നു ഏഴാംക്ലാസ് വരെ. അവിടെ മ്യൂസിക് ടീച്ചറായ കരുണാകരൻ സാർ എനിക്ക് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നുതന്നു. മത്സരങ്ങളിലൊക്കെ പാടാൻ തുടങ്ങിയത് അവിടെ വച്ചാണ്. ഏഴാംക്ലാസ് കഴിഞ്ഞപ്പോഴേക്കും 18 വയസ്സായി. തൊട്ടടുത്ത വർഷം തന്നെ പത്താംക്ലാസ് പരീക്ഷ പ്രൈവറ്റായി എഴുതിയെടുത്തു. കോട്ടയം സിഎംഎസ് കോളജിൽ പ്രീഡിഗ്രിക്ക്– തേർഡ് ഗ്രൂപ്പ് പഠിക്കുമ്പോഴാണ് ആദ്യമായി ഒരു പൊതുമത്സരത്തിൽ പങ്കെടുക്കുന്നത്. രണ്ടാംസ്ഥാനം നേടിയതോടെ പാട്ടിൽ ആത്മവിശ്വാസമായി. പ്രീഡിഗ്രി കഴിഞ്ഞ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കറസ്പോണ്ടൻസായി ഡിഗ്രിയും (ഇക്കണോമിക്സ്) പാസായി.

rasheed-singer4

പാട്ടിന്റെ വഴിയിൽ

പാട്ടിലും പുതിയ പടവുകൾ കയറിക്കൊണ്ടിരുന്നു. ഒളശ്ശ സ്കൂളിലെ പ്രിൻസിപ്പാളിന്റെ ഡ്രീം പ്രോജക്ടെന്ന നിലയിൽ ഞങ്ങൾ അഞ്ചു അന്ധഗായകർ ചേർന്ന് ‘ഗോൾ ഓഫ് മ്യൂസിക്’ എന്ന് ട്രൂപ്പ് തുടങ്ങി. നിരവധി ഗാനമേളകൾ അക്കാലത്ത് ചെയ്തു. കേരളത്തിന്റെ പല ഭാഗത്തു നിന്നും പല സംഘടനക്കാരും ഞങ്ങളുടെ ട്രൂപ്പ് തേടിപ്പിടിച്ച് പരിപാടി ബുക്ക് ചെയ്യാൻ വരുമായിരുന്നു. മറ്റു ട്രൂപ്പുകൾക്കൊപ്പവും പാടും. ഗാനമേളയ്ക്ക് മിക്കപ്പോഴും അടിപൊളി പാട്ട് വേണ്ടി വരും, പക്ഷേ എനിക്കത് അത്ര ഇഷ്ടമില്ല. ശോകഗാനങ്ങളും മെലഡികളും പതിഞ്ഞ താളത്തിലുള്ള പാട്ടുകളുമൊക്കെയാണ് എനിക്കിഷ്ടം.

ലോക വികലാംഗദിനത്തിൽ വർഷം തോറും നടത്താറുള്ള മത്സരങ്ങളിൽ പതിവായി സമ്മാനങ്ങൾ കിട്ടുമായിരുന്നു. കമുകറ ഫൗണ്ടേഷൻ നടത്തിയ അന്ധർക്കായുള്ള ഗാനമത്സരത്തിൽ ആയിടെ പുരുഷവിഭാഗത്തിൽ ഒന്നാമതെത്തി. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ വച്ച് ഗായിക കെ.എസ്. ചിത്രയിൽ നിന്ന് അവാർഡ് വാങ്ങിയ നിമിഷം മറക്കാനാകില്ല.

ഇമ്പമുള്ള ഈണങ്ങൾ

എന്റെ പ്രായത്തിലുള്ള കുടുംബത്തിലെ മറ്റു ചെറുപ്പക്കാരൊക്കെ വിവാഹം കഴിച്ചതോടെ ഉപ്പയ്ക്കും ഉമ്മയ്ക്കും വീണ്ടും വിഷമം തുടങ്ങി. കാഴ്ചയില്ലാത്തയാളെ അംഗീകരിച്ച് വിവാഹത്തിന് ആരു തയാറാകുന്നില്ല. പലയിടത്തും പെണ്ണുകാണാൻ പോയെങ്കിലും ഒന്നും നടന്നില്ല. സത്യം മറച്ചുവച്ച് വിവാഹം നടത്താൻ എനിക്ക് താത്പര്യമില്ലായിരുന്നു. അവസാന ശ്രമമെന്ന നിലയിൽ ചെന്നൈയിലെ ശങ്കർ നേത്രാലയം മെഡിക്കൽ റിസർച്ച് ഫൗണ്ടേഷനിൽ പോയി വിശദപരിശോധന നടത്തി. അവിടെ വച്ചാണ് യഥാർഥ കാരണം തിരിച്ചറിയുന്നത്. എന്റെ കണ്ണിനോ റെറ്റിനയ്ക്കോ യാതൊരു തകരാറുമില്ല. പക്ഷേ, തലച്ചോറിൽ നിന്ന് കാഴ്ചയുടെ തിരിച്ചറിവ് സംബന്ധിച്ച സിഗ്നലുകൾ തിരിച്ചുകൊണ്ടുവരുന്ന നാഡീഞരമ്പുകൾ വളർന്നിട്ടില്ല. ജന്മനാ തന്നെയുണ്ടായ ഈ പ്രശ്നം പരിഹരിക്കാൻ ചികിത്സകളൊന്നും അക്കാലത്ത് നിലവിലുമില്ല.

കാര്യങ്ങളെല്ലാം തുറന്നെഴുതി പത്രത്തിൽ വിവാഹപരസ്യം കൊടുത്തത് ഞാൻ തന്നെയാണ്. എന്റെ കുറവുകളറിഞ്ഞു വരുന്ന പെൺകുട്ടിയെയേ വിവാഹം ചെയ്യൂ എന്നു തീരുമാനിച്ചിരുന്നു. കോഴിക്കോട് സ്പെഷൽ സ്കൂളിലെ ടീച്ചറായി ജോലി ചെയ്യുന്ന ചേച്ചിയാണ് പത്രപ്പരസ്യം കണ്ട് അനിയത്തിക്കു വേണ്ടി വിവാഹമാലോചിച്ചത്. മലപ്പുറത്താണ് ഫാത്തിമയുടെ വീട്. പക്ഷേ, അന്നവൾ ഇവിടെയടുത്ത് കുറുവിലങ്ങാട് സെന്റ് മേരീസ് നഴ്സിങ് ഹോമിൽ പാരാമെഡിക്കൽ നഴ്സിങ്ങിനു പഠിക്കുകയാണ്. കോളജിൽ പോയി ഫാത്തിമയെ പെണ്ണുകണ്ടു. പരസ്പരം സംസാരിച്ചതോടെ എനിക്ക് താത്പര്യമായി. കോട്ടയവും മലപ്പുറവും തമ്മിലുള്ള ദൂരം മാത്രമായിരുന്നു പ്രശ്നം. പക്ഷേ, ഞങ്ങളുടെ മനസ്സുകൾ നന്നായി അടുത്തിരുന്നു. നാട്ടിൽ അന്നു ഞാനൊരു ടെലഫോൺ ബൂത്ത് നടത്തുകയാണ്. ഇടയ്ക്കിടെ ഗാനമേള പരിപാടികളുമുണ്ടാകും. ഫാത്തിമയുടെ കോഴ്സ് കഴിഞ്ഞതിനു പിന്നാലെ 1993 നവംബർ 21നു ഞങ്ങളുടെ വിവാഹം നടന്നു.

rasheed-singer3

സ്വപ്നങ്ങൾക്ക് ചിറകുവയ്ക്കുന്നു

നല്ലൊരു ഗായകനായി പേരെടുക്കണമെന്നും സിനിമാപാട്ടുകൾ പാടണമെന്നുമൊക്കെ വലിയ മോഹമായിരുന്നു. പക്ഷേ, എന്റെ ചെറിയ കുറവുകള്‍ അതിനു തടസ്സമായി. ചില ടിവി പരിപാടികളിലൊക്കെ പാടിയിട്ടുണ്ട്. സിനിമയിൽ പാടണമെന്ന് അന്നും ഇന്നും വലിയ ആഗ്രഹമുണ്ട്, പക്ഷേ, സാധിച്ചിട്ടില്ല. പാട്ടും പ്രശസ്തിയും ഗാനമേളയുമൊക്കെ മാറിപ്പോയത് വളരെ പെട്ടെന്നാണ്. ഗാനമേളയുടെ സ്റ്റൈലും രീതിയും മാറിയതോടെ പഴയ ഗായകരെ ആർക്കും വേണ്ടാതായി.

കാഴ്ചയുടെ കുറവുകൊണ്ട് അൽപം കുറുമ്പുകാട്ടിയ സർവേശ്വരൻ പക്ഷേ, ഭാഗ്യങ്ങൾ ഒട്ടും കുറച്ചില്ല. പാറമ്പുഴ ഹോളി ഫാമിലി സ്കൂളിൽ ഫാത്തിമയ്ക്ക് താത്കാലിക ജോലി കിട്ടി. എനിക്കും കോട്ടയം മുനിസിപ്പാലിറ്റി ഓഫിസിൽ ഫോൺ ഓപ്പറേറ്ററായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്ന് താത്കാലിക നിയമനം കിട്ടി. കാലയളവ് കഴിയുമ്പോൾ കരാർ പുതുക്കുന്ന തരത്തിൽ കുറച്ചു വർഷങ്ങൾ പിന്നിട്ട ശേഷം 2013ൽ എന്റെ നിയമനം സ്ഥിരപ്പെടുത്തി. അതേ വർഷം തന്നെ അതിരമ്പുഴ സെന്റ് മേരീസ് എൽപിഎസിൽ അറബിക് അധ്യാപികയായി ഫാത്തിമയ്ക്കും സ്ഥിരനിയമനം കിട്ടി.

രണ്ടുമക്കളാണ് ഞങ്ങൾക്ക്. മൂത്തമകൾ ഷംന കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ നിന്ന് ബിഎച്ച്എംഎസ് പാസായി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുന്നു. പാലക്കാട് ധനലക്ഷ്മി ശ്രീനിവാസൻ എൻജിനിയറിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ഷെഫീറാണ് ഷംനയുടെ ഭർത്താവ്. ഇളയമകൻ അബ്ദുൾ ജലീൽ കാരാപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിനു പഠിക്കുന്നു. മക്കൾ രണ്ടുപേരും നന്നായി പാടും. മോൾ കോളജിൽ കലാതിലകം ആയിരുന്നു. പക്ഷേ, രചനാമത്സരങ്ങളിലാണ് അവൾക്ക് കൂടുതൽ സമ്മാനങ്ങൾ കിട്ടിയിട്ടുള്ളത്.

എന്റെ അതേ കാഴ്ചാപ്രശ്നമുള്ള ഗായിക വൈക്കം വിജയലക്ഷ്മിക്ക് ചികിത്സ ഫലം കണ്ടുതുടങ്ങിയെന്ന വാർത്ത ഫാത്തിമയ്ക്കു വലിയ പ്രതീക്ഷയാണ്. 52 വയസ്സായി എനിക്കിപ്പോൾ. ഇനിയാകും ഞാൻ ലോകം കാണാൻ പോകുന്നത്, വലിയ ഗായകനായി പേരെടുക്കുന്നത്. പ്രതീക്ഷയോടെ കൈപിടിച്ചു നടക്കാൻ ഫാത്തിമ കൂടെയുള്ളപ്പോൾ അതും നടക്കുമെന്ന് ഉറപ്പാണ്. ഞങ്ങളുടെ വിവാഹത്തിന്റെ രജതജൂബിലി വർഷമാണിത്...’’