Friday 16 November 2018 10:06 AM IST : By സ്വന്തം ലേഖകൻ

ആദ്യം ഭർത്താവിനെ നഷ്ടമായി, ഇപ്പോൾ മകളെയും പിതാവിനെയും; റാഷിദയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ!

trivandrum-car

കഴക്കൂട്ടം കണിയാപുരം കാവോട്ടുമുക്ക് പുളിവിളാകത്തുവീട്ടിൽ റാഷിദയ്ക്ക് ആദ്യം നഷ്ടമായത് സ്വന്തം ഭർത്താവിനെ. ഇപ്പോൾ മകളെയും പിതാവിനെയും അപകടവാർത്തയറിഞ്ഞു തളർന്നുവീണ റാഷിദയെ എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും കുഴങ്ങി. ഭർത്താവ് വിഎസ്എസ്‍സിയിലെ ഉദ്യോഗസ്ഥനായിരുന്ന സുധീർ ഡൽഹിയിൽ നിന്നും നാട്ടിലേയ്ക്കു മടങ്ങുമ്പോൾ ട്രെയിനിൽ നിന്നും തെറിച്ചുവീണു മരിച്ചു.

അങ്ങനെയാണ് തുമ്പ വിഎസ്എസ്‌സിയിൽ ഭർത്താവിന്റെ ജോലി റാഷിദയ്ക്കു ലഭിക്കുന്നത്. അപകടത്തിൽ മകൾ ആലിയഫാത്തിമയും മരിച്ചതോടെ ഏക മകൻ ഷാരുഖ് മാത്രമാണ് റാഷിദയ്ക്ക് ഇനി ആശ്രയം. അപകടം നടക്കുമ്പോൾ റാഷിദ ഓഫിസിലായിരുന്നു. മകൾക്ക് ഒരു ചെറിയ അപകടമുണ്ടായെന്നും ഉടൻ വീട്ടിലെത്തണമെന്നും അറിയിച്ചതിനെത്തുടർന്നു വീട്ടിലെത്തുമ്പോഴാണ് റാഷിദ അപകടത്തിന്റെ ഗൗരവം അറിയുന്നത്.ഉടൻ തളർന്നുവീണ റാഷിദ രാത്രി വൈകിയും പിതാവിന്റെയും മകളുടെയും വേർപാട് അറിഞ്ഞില്ല.

നടുക്കമായി അപകടം; വാഹനം തകർത്ത് പ്രതിഷേധം

കണിയാപുരം കാവോട്ടുമുക്കിൽ നിയന്ത്രണം വിട്ട കാറിടിച്ചു മുത്തച്ഛന്റെയും ചെറുമകളുടെയും മരണത്തിൽ ക്ഷുഭിതരായ നാട്ടുകാരെ അനുനയിപ്പിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. അപകടം അറിഞ്ഞയുടൻ നാട്ടുകാർ ഓടിയെത്തുമ്പോൾ കാറോടിച്ച മുൻ പൊലീസുകാരൻ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ പിടികൂടി. സംഭവം അറിഞ്ഞു പൊലീസ് എത്തുമ്പോഴേക്കും തടിച്ചുകൂടിയ നാട്ടുകാർ പൊലീസിനെ തടയുകയും മുൻ പൊലീസുകാരനായ മാഹീനെ വിട്ടുകൊടുക്കാൻ വിസമ്മതിക്കുകയും ചെയ്തു. പൊലീസ് ഏറെ പണിപ്പെട്ടാണു മാഹീനെ നാട്ടുകാരിൽ നിന്നും രക്ഷിച്ചു സ്റ്റേഷനിലേക്കു കൊണ്ടുപോയത്.

ക്ഷുഭിതരായ നാട്ടുകാർ കാർ അടിച്ചുതകർത്തു. അപകടം ഉണ്ടാക്കിയ കാർ റോഡുവക്കിൽ പാർക്കുചെയ്തിരുന്ന ഒരു സ്കൂട്ടറും ഒരു ബൈക്കും ഇടിച്ചുവീഴ്ത്തിയിരുന്നു. അതിന്റെ ഉടമകളും പ്രതിഷേധത്തിനെത്തി. മാഹീനെതിരെ മനഃപൂർവമായ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിലെത്തി സംഘർഷാവസ്ഥയും സൃഷ്ടിച്ചു.‌

മാഹീനെതിരെ മനഃപൂർവമായ നരഹത്യയ്ക്ക്  കേസ്

മദ്യലഹരിയിൽ കാറോടിച്ചു കണിയാപുരം കാവോട്ടുമുക്കിൽ മുത്തച്ഛന്റെയും ചെറുമകളുടെയും മരണത്തിനിടയാക്കിയ  മുൻ പൊലീസുകാരൻ ചാന്നാങ്കര ഐഎസ് ഗാർഡനിൽ മാഹീ(52)നെ കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തു. മനഃപൂർവമായ നരഹത്യയ്ക്കാണു കേസെടുത്തിട്ടുള്ളത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. മരണത്തിനു കാരണമായ അപകടം ഉണ്ടാക്കുന്നതിനു മുമ്പ് മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ശ്രീകാര്യം മുതൽ കാവോട്ടുമുക്കുവരെ നിരവധി വാഹനങ്ങളിൽ ഇടിച്ചിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. നഗരത്തിൽ ഒരു സുഹൃത്തിന്റെ മദ്യസൽക്കാരത്തിൽ പങ്കെടുത്തശേഷം സ്വന്തം കാറോടിച്ചു വീട്ടിലേയ്ക്കു വന്ന ഇയാൾ ശ്രീകാര്യത്തു വച്ചു രണ്ടു ബൈക്കുകളിലിടിച്ചു.

തുടർന്നു കാര്യവട്ടത്തുവച്ച് ഒരു സൈക്കിൾ യാത്രക്കാരനെ തട്ടിയിട്ടു. അതിനുശേഷം കഴക്കൂട്ടത്തു മേൽപാലം കയറിപ്പോകുമ്പോൾ ഒരു സ്കൂൾ ബസിനെ ഓവർടേക്കുചെയ്തു കയറിയ ഇയാൾ ഒരു സ്കൂട്ടർ യാത്രക്കാരനെയും തട്ടിയിട്ടു. ആർക്കും പരുക്കില്ലാത്തതിനാൽ പൊലീസിൽ പരാതിപ്പെട്ടിട്ടില്ല. നേരത്തേ കഠിനംകുളം പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഇയാൾ ലീവിൽ ഗൾഫിലേക്കു പോയി.  ലീവ് തീർന്നിട്ടും ജോലിയിൽ കയറാത്തതിനെത്തുടർന്ന് ഇയാളെ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു.

മരണക്കെണിയായി കാവോട്ടുമുക്ക് റോഡ്

അമിതവേഗതയും മദ്യപിച്ചുള്ള കാറോട്ടവും കാവോട്ടുമുക്കിൽ കവർന്നെടുത്തതു രണ്ടു ജീവനുകൾ. കാവോട്ടുമുക്കു-മലമേൽപറമ്പ് റോഡ് ടാർചെയ്തു വീതികൂട്ടിയതോടെ ബൈക്ക് യാത്രികരും കാറോടിക്കുന്നവരുമെല്ലാം അമിതവേഗതയിലാണെന്നു നാട്ടുകാർക്കു നേരത്തേ തന്നെ പരാതിയുണ്ട്. കഴക്കൂട്ടം മേൽപാലം വന്നതോടെ ഗതാഗതക്കുരുക്കില്ലാതെ കണിയാപുരത്തേക്കു വരാനുള്ള ഒരു വഴിയായി ഇത് ഉപയോഗിക്കുന്നതോടെ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡിൽ വേഗതനിയന്ത്രണ സംവിധാനം വേണുമെന്നും രാവിലെയും വൈകുന്നേരവും കഠിനംകുളം പൊലീസിന്റെ പട്രോളിങ് വേണമെന്നും നാട്ടുകാർ പല തവണ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ഇൗ റോഡിൽ അപകടങ്ങൾ പതിവാണെന്നും നാട്ടുകാർക്കു പരാതിയുണ്ട്.

more...