Wednesday 10 October 2018 11:28 AM IST : By സ്വന്തം ലേഖകൻ

എയ്ഡ്സ് സമ്മാനിച്ച് ഭർത്താവ് പോയി, കുഞ്ഞിനോടൊപ്പം കഴിഞ്ഞിരുന്നത് തൊഴുത്തിൽ; ആത്മഹത്യയിൽ നിന്നും രക്ഷപ്പെട്ടെത്തിയ രത്നയുടെ അതിജീവനകഥ

rathna

രത്ന ജാദവ്! ആ പേരിന് അതിജീവനം എന്നു കൂടി അർത്ഥമുണ്ട്. ജീവിതത്തിന്റെ നിലയില്ലാക്കയത്തിൽ നിന്നും ഫീനിക്സ് പറവയെ പോലെ പറന്നു വന്ന രത്നയ്ക്ക് ഈ സമൂഹത്തോട് പറയാനേറെയുണ്ട്. എച്ച്ഐവി രോഗബാധിതയെന്ന പട്ടം ചാർത്തിക്കൊടുത്ത് സമൂഹം ഓരത്തേക്ക് മാറ്റിനിർത്തിയ അവളിന്ന് ആയിരക്കണക്കിന് പേരുടെ ജീവിതത്തിൽ വെളിച്ചം വീശുന്ന ഒളിമങ്ങാത്ത പ്രഭയാണ്.

പഠിക്കാൻ മിടുക്കിയായിരുന്നിട്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പതിനഞ്ചാം വയസിൽ വിവാഹത്തിന് തലകുനിച്ചു കൊടുക്കേണ്ടി വന്നു.  ഭർത്താവ് ഒരു എച്ച്ഐവി ബാധിതനാണെന്ന സത്യം അവർ അറിഞ്ഞപ്പോഴേക്കും ഏറെ വൈകി. വീട്ടുകാരും നാട്ടുകാരും ആട്ടിയോടിച്ചു, പട്ടിണി കിടന്നു, ഒടുവിൽ അനുഭവിക്കാൻ ബാക്കിയൊന്നുമില്ല എന്നായപ്പോൾ ആത്മഹത്യക്കും ശ്രമിച്ചു.

പക്ഷേ ഈ ലോകത്ത് ചിലത് ചെയ്യാൻ വേണ്ടി മാത്രമായിരിക്കണം വിധി അവളെ ബാക്കിവച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ശ്രീ ജയേഷ് കാംബ്ലേയെ അടുത്തറിഞ്ഞതോടെ രത്നയുടെ ജീവിതത്തിന്റെ പുതിയൊരദ്ധ്യായം തുടങ്ങുകയായിരുന്നു. ഹെൽത്ത് വർക്കർ എന്ന മേൽവിലാസത്തിൽ അവളിന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ്. എച്ച്ഐവി രോഗം മൂലം മാറ്റിനിർത്തപ്പെടുന്നവർക്ക്, അവരെ അകറ്റുന്നവർക്ക് മുന്നില്‍ മാർഗദീപമായി രത്നയുണ്ട്.

ഇന്നു തന്റെ ഗ്രാമവും താലൂക്കും വിട്ട് മുപ്പതോളം വില്ലേജുകളില്‍ രത്ന എച്ച്ഐവിക്കെതിരെയുള്ള സന്ദേശവാഹകയാണ്. ഈ രോഗം ഒരിക്കലും ആത്മഹത്യക്ക് കാരണമല്ലെന്ന് സ്വയം രോഗിയായിരുന്നു കൊണ്ടു തന്നെ രത്ന എല്ലാവരേയും പറഞ്ഞു മനസ്സിലാക്കുന്നു. അങ്ങനെയാണു കഴിഞ്ഞ ഡിസംബറില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള 200 ഡെലിഗേറ്റുകള്‍ക്ക് മുമ്പില്‍ തന്റെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിക്കാന്‍ രത്ന സ്വിറ്റ്സര്‍ലാന്റ് വരെ എത്തി.

സോഷ്യൽ മീഡിയയില്‍ പങ്കുവച്ചിട്ടുള്ള ഒരു കുറിപ്പാണ് രത്നയുടെ തിളക്കമേറിയ ജീവിതം അടയാളപ്പെടുത്തുന്നത്. ഒരു ദേശീയ ദിനപത്രത്തെ അധികരിച്ചുള്ളതാണ് ഈ കുറിപ്പ്.

rathna-

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

സാധാരണ നാം കാണുന്ന സ്ത്രീകളില്‍ നിന്ന് വ്യത്യസ്ഥയായ ഒരു സ്ത്രീയെ പരിചയപ്പെടാം.

പതിനഞ്ചാം വയസ്സില്‍ HIV ബാധിതനായ ഇരുപത്തൊന്നുകാരന് വിവാഹം കഴിച്ചു കൊടുക്കപ്പെട്ട, ഭര്‍ത്താവും മകനും HIV ബാധയാല്‍ നഷ്ടപ്പെട്ട, ജീവിതം ആട്ടിന്‍ തൊഴുത്തില്‍ കഴിച്ചു കൂട്ടേണ്ടി വന്നിട്ടുള്ള, എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് HIV ബാധിതരുടെയിടയില്‍ പ്രവര്‍ത്തിക്കുകയും സ്വിറ്റ്സര്‍ലാന്റില്‍ 200-ലധികം ഡെലിഗേറ്റുകള്‍ക്കു മുന്നില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും ചെയ്ത, രത്ന ജാദവ് എന്ന ശക്തയായ വനിതയെ പറ്റിയാണു പറയാന്‍ പോകുന്നത്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിനടുത്ത് ഖട്കാത് എന്ന വില്ലേജില്‍ 1984-ല്‍ ജനിച്ച രത്നയുടെ ബാല്യം അത്ര നല്ലതായിരുന്നില്ല. പുത്രന്‍ ജനിക്കാന്‍ കാത്തിരുന്ന മാതാപിതാക്കള്‍ക്ക് ലഭിച്ച നാലാമത്തെ പുത്രി ആയിരുന്നു രത്ന. അതുകൊണ്ടു തന്നെ വിശന്നു മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്നു കരുതി അമ്മ തനിക്ക് പാല്‍ പോലും തന്നിരുന്നില്ല എന്നു രത്ന തന്നെ പറയുന്നു.

അഞ്ചാം ക്ലാസ് ആയപ്പോഴേക്കും പഠനം ഉപേക്ഷിച്ച് കൃഷിക്ക് സഹായിക്കാന്‍ മാതാപിതാക്കള്‍ പറഞ്ഞു. പഠിക്കാന്‍ മിടുക്കിയായിരുന്ന രത്നയ്ക്ക് ഫീസ് കൊടുക്കാന്‍ ഒരു അദ്ധ്യാപിക തയ്യാറായതു കൊണ്ട് SSC വരെ പഠിക്കാന്‍ രത്നക്കായി. എന്നിട്ടും പതിനഞ്ചാം വയസ്സില്‍ ദത്തു ജാദവ് എന്ന 21 വയസ്സുകാരനു വിവാഹം കഴിച്ചു കൊടുക്കപ്പെട്ടു. അയാള്‍ HIV+ ആണെന്ന് അവള്‍ക്കറിയില്ലായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞപ്പോള്‍ ദത്തു രോഗത്തിനടിമയായി. 2000-ല്‍ അവള്‍ ലഖന്‍ എന്ന കുട്ടിയുടെ അമ്മയായി, എന്നാല്‍ പരിശോധനയില്‍ അവളും കുട്ടിയും HIV+ ആണെന്ന് തെളിഞ്ഞു. അതോടെ നാട്ടുകാര്‍ അവരെ ഒഴിവാക്കന തുടങ്ങി, ദത്തുവിന്റെ ജോലി നഷ്ടമായി. കൂട്ടുകാര്‍ പോലും അവരെ ഒഴിവാക്കാന്‍ തുടങ്ങി

രത്ന തന്റെ ഭര്‍ത്താവിനെ ചികിത്സക്കായി അവന്റെ ഗ്രാമത്തിലേക്ക് പോയെങ്കിലും, തന്റെയടുത്ത് മറ്റാരും ചികിത്സക്ക് വരില്ല എന്ന കാരണം പറഞ്ഞ് അവിടുത്തെ ഡോക്ടര്‍ പോലും കയ്യൊഴിഞ്ഞു. .2001-ല്‍ ദത്തു മരണത്തിനു കീഴടങ്ങിയതോടെ അവള്‍ അവിടെ ആര്‍ക്കും വേണ്ടാത്തവളായി.

തന്റെ വീട്ടിലേക്ക് മടങ്ങിയെത്തിയ രത്നയെ വീട്ടുകാര്‍ ഏറ്റെടുത്തില്ല. നാലുമാസം പ്രായമായ മകനെ പോലും അവര്‍ ഒഴിവാക്കി, തൊടാന്‍ പോലും തയ്യാറായില്ല അവളെ കൂട്ടത്തില്‍ ഭക്ഷണം കഴിക്കാന്‍ സമ്മതിച്ചില്ല, അങ്ങനെ ഒരു ദിവസം ജോലി കഴിഞ്ഞു വന്ന അവള്‍ തന്റെ കുട്ടി മരിച്ചു കിടക്കുന്നതാണൂ കണ്ടത്. മൂന്നു ദിവസത്തിനു ശേഷം അവള്‍ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് തയ്യാറായി.

എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച അവള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആ തിരിച്ചു വരവു അവളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. സാമൂഹ്യപ്രവര്‍ത്തകനായ ശ്രീ ജയേഷ് കാംബ്ലേയും Comprehensive Rural Health Project (CRHP) സ്ഥാ‍പകനായ ഡോക്ടര്‍ രജനീകാന്ത് അറോളേയും അവളെ കാണാന്‍ വരുകയും അവളുടെ കഥകളറിയുകയും ചെയ്തു. അതിനു ശേഷം രത്ന അവരുടെ ഓര്‍ഗനൈസേഷനില്‍ പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സ എത്തിക്കുന്ന ശ്രമത്തിന്റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പരസ്പരം തൊട്ടാല്‍ രോഗം പടരില്ലെന്നു ഗ്രാമീണരെ മനസ്സിലാക്കാന്‍ തന്റെ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ ഡോക്ടര്‍ തയ്യാറായി എന്നും അതിനു ശേഷമാണു ഗ്രാമീണര്‍ക്ക് തന്നോടുള്ള അകല്‍ച്ച കുറഞ്ഞതെന്നും രത്ന പറയുന്നു.

താനൊരു HIV+ ആണെന്ന് അവരെ അറിയിച്ചു കൊണ്ടു തന്നെ തന്റെ ഗ്രാമത്തിലെ എല്ലാ വീടുകളും അവര്‍ സന്ദര്‍ശിച്ചു. Diabetes, hypertension, stroke, respiratory issue തുടങ്ങിയവയെ പറ്റിയൊക്കെ അവര്‍ക്ക് പറഞ്ഞു കൊടുത്തു. രണ്ടു വര്‍ഷത്തിനു ശേഷം രത്ന ഒരു ഹെല്‍ത്ത്കെയര്‍ വര്‍ക്കര്‍ ആയി ജോലി ആരംഭിച്ചു. ഈ കാലയളവില്‍ എങ്ങനെ ആരോഗ്യത്തോടെ ജീവിക്കാം എന്ന് ഏകദേശം മുപ്പതോളം HIV+ ആയവരെ പറഞ്ഞു മനസ്സിലാക്കി.

rathna-

അതെ അവള്‍ ധീരയാണു. തന്റെ ജീവനെടുക്കാന്‍ കഴിവുള്ള ഒരു രോഗത്തിനെതിരെ അവള്‍ പൊരുതുന്നു. അതു മാത്രമല്ല, അതിനെപറ്റി മറ്റുള്ളവരെ ബോധവന്മാരാക്കുന്നു. രത്നയുടെ മോട്ടിവേഷനില്‍ മാത്രം ജീവിതത്തിലേക്ക് തിരിച്ചു വന്ന 40-കാ‍രന്റെയും 35-കാരിയുടെയും സാക്ഷ്യങ്ങള്‍ അത് അടിവരയിടുന്നു. തന്റെ ഭര്‍ത്താവു മരിക്കുമ്പോള്‍ താന്‍ ഗര്‍ഭിണി ആയിരുന്നെന്നും രത്ന പറഞ്ഞതുസരിച്ച് ടെസ്റ്റ് ചെയ്തപ്പോള്‍ തനിക്കും HIV സ്തിരീകരിച്ചെന്നും, രത്ന പറഞ്ഞതനുസരിച്ച് വൈറസ് കുട്ടിയിലേക്ക് പകരാതിരിക്കാനുള്ള മരുന്നു കഴിക്കുകയും ചെയ്ത കഥ ഈ 35-കാരി പറയുന്നു.

ഇന്നു തന്റെ ഗ്രാമവും താലൂക്കും വിട്ട് മുപ്പതോളം വില്ലേജുകളില്‍ രത്ന പ്രത്യേക ക്ഷണിതാവാണു. ഈ രോഗം ഒരിക്കലും ആത്മഹത്യക്ക് കാരണമല്ലെന്ന് സ്വയം രോഗിയായിരുന്നു കൊണ്ടു തന്നെ രത്ന എല്ലാവരേയും പറഞ്ഞു മനസ്സിലാക്കുന്നു. അങ്ങനെയാണു കഴിഞ്ഞ ഡിസംബറില്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള 200 ഡെലിഗേറ്റുകള്‍ക്ക് മുമ്പില്‍ തന്റെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിക്കാന്‍ രത്ന സ്വിറ്റ്സര്‍ലാന്റിലും എത്തിയത്.

ആര്‍ത്തവം തങ്ങളെ അശുദ്ധരാക്കുന്നു എന്നു പോലും വിശ്വസിച്ച് തെരുവില്‍ ഇറങ്ങുന്ന “അഭ്യസ്ഥവിദ്യരായ” സ്ത്രീകളില്‍ നിന്ന് രത്ന ജാദവ് വ്യത്യസ്ഥയാകുന്നത് അവളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണു. രത്നയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

നന്ദി & അഭിനന്ദനങ്ങള്

രത്ന ജാദവ്.