Wednesday 04 December 2019 02:50 PM IST : By സ്വന്തം ലേഖകൻ

ആറ് കോടി ലോട്ടറി, ഒരു കുടം നിധി! രത്നാകരന്‍ പിള്ളയെ വിടാതെ പിടികൂടി ഭാഗ്യദേവത

rp-fortune

തൊടുന്നത് പൊന്നാകാൻ വരം വാങ്ങിയ പെണ്ണിന്റെ കഥ നമ്മുടെ കുട്ടിക്കാല നേരമ്പോക്കാണ്. കൈതൊട്ടതെല്ലാം പൊന്നായി മാറിയ കഥ ഇപ്പോഴും കെട്ടുകഥയായി തന്നെ നിൽക്കുന്നു. പക്ഷേ ഇവിടെയിതാ ഒരു മനുഷ്യൻ കൈവച്ചിടത്തെല്ലാം ഭാഗ്യദേവതയുടെ കടാക്ഷവും പേറി ഭാഗ്യവാൻമാരിൽ ഭാഗ്യവാനായി അങ്ങനെ നിൽക്കുന്നു. പേരിൽ തന്നെ വിലപ്പിടിപ്പുള്ള ആ ഭാഗ്യവാന്റെ പേര് ‘രത്നാകരൻ പിള്ള’. തിരുവനന്തപുരം കിളിമാനൂരിൽ വെള്ളല്ലൂർ സ്വദേശി. മുൻ പഞ്ചായത്ത് അംഗം. ബാക്കി കഥ അദ്ദേഹത്തിന് കൈവന്ന ഭാഗ്യത്തിൽ നിന്നു തുടങ്ങണം.

തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ രത്നാകരൻ പിള്ളയ്ക്ക് ആറുകോടിയുടെ ബമ്പർ ലോട്ടറി അടിക്കുന്നത് കഴിഞ്ഞ വർഷം. ലോട്ടറി പണംകൊണ്ടു രത്നാകരൻ പിള്ള സ്ഥലം വാങ്ങി കുഴിച്ചപ്പോൾ കിട്ടിയത‌ാകട്ടെ 20 കിലോ തൂക്കമുള്ള 2600 പുരാതന നാണയങ്ങളുടെ നിധി. കീഴ്പേരൂർ തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ പുരയിടത്തിൽ നിന്നാണു രാജഭരണ കാലത്തെ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയത്. മൺകുടത്തിൽ അടച്ചു കുഴിച്ചിട്ട നിലയിലാണു നാണയങ്ങൾ കണ്ടെടുത്തത്.

ഇന്നലെ രാവിലെ 10 മണിയോടെയാണു ‘നിധി’ കണ്ടെടുത്തത്. 20 കിലോയുണ്ട് നാണയശേഖരം. ശ്രീ ചിത്തിര തിരുന്നാൾ ബാലരാമ വർമ്മയുടെ കാലത്തെ ചക്രങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.അക്കാലത്തെ മൂല്യം അനുസരിച്ച് ആയിരം ഏക്കർ ഭൂമി വാങ്ങാൻ കഴിയുമെന്നാണ് പുരാവസ്തു അധികൃതർ പറയുന്നത്. മൺകുടത്തിൽ അടച്ചു കുഴിച്ചിട്ട നിലയിലാണു നാണയങ്ങൾ കണ്ടെടുത്തത്. ചില നാണയങ്ങളിൽ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമവർമ മഹാരാജ ഓഫ് ട്രാവൻകൂർ എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തലുമുണ്ട്.

നാണയശേഖരം കണ്ടയുടൻ രത്നാകരൻ പിള്ള ചിത്രമെടുത്തു വാട്സാപിൽ ഇട്ടു. പിന്നാലെ കിളിമാനൂർ പൊലീസിലും അറിയിച്ചു. തുടർന്നു പുരാവസ്തു വകുപ്പു സ്ഥലത്ത് എത്തി കൂടുതൽ പരിശോധനയ്ക്കായി നാണയശേഖരം ഏറ്റുവാങ്ങി. ക്ലാവ് പിടിച്ചതിനാൽ ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ നാണയത്തിന്റെ പഴക്കം അറിയാൻ കഴിയൂ. ക്ഷേത്രവും സ്ഥലവും കൂടുതൽ പരിശോധിക്കാൻ വീണ്ടും എത്തുമെന്നു പുരാവസ്തു വകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാർ കൊട്ടാരവുമായി ബന്ധമുണ്ടെന്നു നാട്ടുകാരും പുരാവസ്തു വകുപ്പ് അധികൃതരും സാക്ഷ്യപ്പെടുത്തുന്നു.

രണ്ട് വർഷം മുമ്പുണ്ടായ കൊടും വരൾച്ചയിൽ സ്വന്തമായി കുളം കുഴിച്ച് നാട്ടുകാർക്ക് വെള്ളം കൊടുത്തയാളാണ് രത്‌നാകരൻ പിള്ള. ഇതിന് ശേഷം ലക്ഷങ്ങളുടെ കടബാധ്യതയുള്ള രത്‌നാകരന് ആശ്വാസമായിരുന്നു ക്രിസ്മസ് ബംബർ സമ്മാനം. ആറുകോടിയായിരുന്നു സമ്മാനത്തുക. നികുതി ഒടുക്കിയതിന് ശേഷമുള്ള 4 കോടിയിൽ ഏതാണ്ട് പകുതിയും നാട്ടുകാർക്ക് വേണ്ടിയാണ് രത്‌നാകരൻ വിനിയോഗിച്ചത്. പാവപ്പെട്ടവരെ സഹായിക്കാൻ ഇനിയും തയ്യാറായ രത്‌നാകരൻ പിള്ളയ്ക്ക് ലഭിച്ച മറ്റൊരു സമ്മാനമാണ് ഈ നിധിയെന്നാണ് നാട്ടുകാർ പറയുന്നത്.

ഇപ്പോൾ നിധികുംഭം ലഭിച്ച വസ്തു ഒന്നരവർഷം മുൻപാണ് രത്‌നാകരൻപിള്ള വിലയ്ക്കുവാങ്ങിയത്. രാജകുടുംബവുമായി ബന്ധമുള്ള ഒരു വൈദ്യ കുടുംബമാണ് പണ്ട് ഇവിടെ താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. കിളിമാനൂർ കൊട്ടാരത്തിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് പുരയിടം. 23 വർഷമായി തടിമില്ല് നടത്തിവരികയാണ് പിള്ള.