Tuesday 19 June 2018 10:18 AM IST : By സ്വന്തം ലേഖകൻ

‘എടിഎമ്മിൽ എലികളുടെ പൂണ്ട് വിളയാട്ടം’; ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷത്തോളം രൂപ

atm-rat

‘പണി പാമ്പായിട്ടും പട്ടിയായിട്ടും വരല്ലേ’ എന്ന ഡയലോഗ് ഇനിയൊന്ന് മാറ്റിപ്പിടിക്കേണ്ടി വരും. കുറച്ച് കുഞ്ഞനെലികൾ വിചാരിച്ചാലും നല്ല അഡാർ പണി കിട്ടും. ഒരു എടിഎമ്മിൽ കുറച്ച് എലികൾ ചേർന്ന് ‘കാട്ടിക്കൂട്ടിയ വികൃതികളാണ്’ ബാങ്ക് അധികൃതർക്ക് എട്ടിന്റെ പണി നൽകിയിരിക്കുന്നത്.

സംഭവം വെറും വാക്കല്ല അസമിലെ ടിൻസൂക്കിയ ജില്ലയിലെ ലായ്പുലിയിലെ എസ്ബിടി എടിഎമ്മിനുള്ളിലാണ് എലികളുടെ വികൃതി അരങ്ങേറിയത്. എലികൾ കയറി പൂണ്ട് വിളയാടിയപ്പോൾ നഷ്ടപ്പെട്ടത് ഒന്നും രണ്ടുമല്,ല 12 ലക്ഷം രൂപയാണ്!

rat1

സാങ്കേതിക തകരാർ മൂലം മേയ് 20 മുതൽ എടിഎം അടച്ചിട്ടിരിക്കുകയായിരുന്നു. പ്രശ്ന പരിഹാരം വൈകിയതു മുതലെടുത്താകണം ഒരു കൂട്ടം എലികൾ എടിഎമ്മിലേക്ക് കയറിപ്പറ്റി. ഇക്കഴിഞ്ഞ 11ന് മെഷീനിന്റെ തകരാർ പരിഹരിക്കാൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോഴാണ് എലികളുണ്ടാക്കിയ ലക്ഷങ്ങളുടെ നഷ്ടത്തിന്റെ നേർചിത്രം ലഭിച്ചത്.

കടിച്ചു മുറിച്ച് ചിതറിച്ച നിലയിലായിരുന്നു നോട്ടുകൾ. 29 ലക്ഷം രൂപയാണ് എടിഎമ്മിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. ഇതിൽ 12,38,000 രൂപ എലികൾ നശിപ്പിച്ചു. 17 ലക്ഷം രൂപ വീണ്ടെടുക്കാൻ കഴിഞ്ഞതായി ബാങ്ക് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

rat2