Saturday 08 August 2020 12:59 PM IST : By സ്വന്തം ലേഖകൻ

നാല് ജില്ലകളിൽ റെഡ് അലർട്ട്; കാസർക്കോട് മുതൽ ചാവക്കാട് വരെയുള്ള മേഖലകളിൽ കനത്ത മഴ തുടരും

NILAMBUR-RAIN-kerala-floods.jpg.image.845.440

ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

കനത്ത മഴയില്‍ പമ്പ കര കവിഞ്ഞൊഴുകുന്നു. പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത. കോഴഞ്ചേരി – തിരുവല്ല റോഡിലെ മാരാമണ്ണില്‍ വെള്ളം കയറി. ചെങ്ങന്നൂര്‍, പുത്തന്‍കാവ്, ഇടനാട്, മംഗലം തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയാണ്. ഇവിടെയെല്ലാം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. 

ആറന്മുളയില്‍ വെള്ളപ്പൊക്കം മൂലം ജനങ്ങളെ മാറ്റി. അതേസമയം, കോട്ടയത്ത് വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്. കോഴിക്കോട് കക്കയത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. കക്കയം ഡാം റോഡിലെ രണ്ടാംപാലം തകര്‍ന്നു.

കനത്ത മഴയില്‍ പാല ഒറ്റപ്പെട്ടു. എല്ലാ റോഡുകളിലും വെള്ളം കയറി. 2018 ലെ ‌മഹാപ്രളയത്തേക്കാളും രൂക്ഷമായ സ്ഥിതിയെന്ന് നാട്ടുകാര്‍ പറയുന്നു. ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയാണ്. മലയോരമേഖലയിൽ മഴ തുടരുകയാണ്.

ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് നിലവിലുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇടുക്കിയിലും വയനാട്ടിലും മലപ്പുറത്തിന്റെ മലയോരമേഖലയിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. തിങ്കളാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

വടക്കൻ ജില്ലകളിൽ മഴ തുടരും: ജാഗ്രതയും തുടരണം 

കാസർക്കോട് ഹൊസ്ദുർഗ് മുതൽ ചാവക്കാട് വരെയുള്ള മേഖലകളിൽ കനത്ത മഴ തുടരും. മലയോരത്തെ അപേക്ഷിച്ച് ഇന്ന് പകൽ മഴയുടെ ശക്തി കൂടുതൽ ഇടനാട്ടിലാകും. കാസർകോട് - തൃശൂർ വരെ എല്ലാ ജില്ലകളിലും നല്ല മഴ സാധ്യതയാണ് ഇന്ന്. മധ്യ, തെക്കൻ കേരളത്തിൽ പകൽ മഴ വിട്ടുനിൽക്കും. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രം. രാത്രി എഴിന് ശേഷം മധ്യ, തെക്കൻ ജില്ലകളിൽ മഴ വീണ്ടും എത്തും. രാത്രിയിൽ പലയിടത്തും ശക്തമായ മഴ സാധ്യത. 

കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിൽ ജാഗ്രത തുടരണം. കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ ഇന്നു രാത്രി ജാഗ്രത ശക്തിപ്പെടുത്തണം. ഇവിടെ രാത്രി കനത്ത മഴക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ രാത്രി ബന്ധുവീട്ടിലേക്കോ മറ്റോ മാറി താമസിക്കാൻ ശ്രദ്ധിക്കുക. ഈ മേഖലയിൽ രാത്രി ഗതാഗതം സുരക്ഷിതമല്ല. സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കരുത്. 

Tags:
  • Spotlight