Monday 30 November 2020 12:30 PM IST : By സ്വന്തം ലേഖകൻ

മാതൃസ്നേഹം തുളുമ്പുന്ന പോസ്റ്റിൽ സ്വന്തം അഭിപ്രായമെഴുതി; സ്ലട്ട് ഷെയ്മിങ്ങിനു ഇരയായി യുവതി, കുറിപ്പ് വൈറൽ

reenaphilljgfg

വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കാറുണ്ട്.ഒപ്പം അഭിപ്രായപ്രകടനങ്ങളുടെ പേരിൽ നടക്കുന്ന വിവാദങ്ങളും കുറവല്ല. കാമുകിയെയും ഭാര്യയെയും അമ്മയെയും താരതമ്യം ചെയ്തു കൊണ്ടുള്ള ഒരു പോസ്റ്റിനു കീഴിൽ സ്വന്തം അഭിപ്രായം എഴുതിയതിന്റെ പേരിൽ സ്ലട്ട് ഷെയ്മിങ് നേരിടുകയാണ് റീന ഫിലിപ്പ് എം എന്ന യുവതി. ഇതു സംബന്ധിച്ച് റീന എഴുതിയ കുറിപ്പ് വൈറലാകുകയാണ്. 

റീന ഫിലിപ്പ് എം എഴുതിയ കുറിപ്പ് വായിക്കാം;

സ്വന്തം വാളിൽ കിട്ടുന്ന പൊങ്കാല പോരാഞ്ഞു വല്ല ഗ്രൂപ്പിലും പോയി കമ്മന്റ് ഇട്ട് പൊങ്കാല വാങ്ങി കൂട്ടുന്ന ഞ്യാൻ...

ഒരു ഗ്രൂപ്പിൽ കാമുകിയെയും ഭാര്യയെയും അമ്മയെയും താരതമ്യം ചെയ്തു ഒരു പോസ്റ്റ് കണ്ടു. ഭാര്യയും കാമുകിയും എനിക്കെന്താ ഒന്നും വാങ്ങി തരാത്തത് എന്ന് ചോദിക്കുമ്പോ 'അമ്മ ചോദിക്കുമത്രേ എനിക്ക് എന്തിനാ ഇതൊക്കെ വാങ്ങിയതെന്ന് !!! 

മാതൃസ്നേഹം തുള്ളി തുളുമ്പുന്ന പോസ്റ്റിൽ, "ഇതെന്ത് തേങ്ങ ! ഈ 'അമ്മ എന്ന സംഭവം ആകാശത്തൂന്ന് പൊട്ടി വീഴുന്നതാണാ? കാമുകിയും ഭാര്യയും തന്നല്ലേ അമ്മയായി മാറുന്നത്?" എന്ന് ഒരു കമന്റ്  ഇട്ടിട്ട് ഞാനിങ്ങു പോന്നു. രാവിലെ നോക്കിയപ്പോ ഉപദേശം, തെറിവിളി മുതൽ സ്ലട്ട് ഷെയ്മിംഗ് (റീനയും പെണ്ണാണ് സണ്ണി ലിയോണും പെണ്ണാണ് എന്ന കമ്മന്റ് ഒക്കെ ഇട്ടവർ അതാണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. എന്തായാലും അത് എനിക്ക് ഷെയ്മിംഗ് ആയിട്ടൊന്നും തോന്നിയില്ല. അവർ അധ്വാനിച്ചു സ്വന്തം കാര്യം നോക്കി ജീവിക്കുന്ന സ്ത്രീയാണ്) ഒക്കെ നടത്തി കുറെ പേര് മാതൃ സ്നേഹം ആഘോഷിക്കുന്നുണ്ട്.

എനിക്ക് ഈ 'അമ്മ ഗ്ലോറിഫിക്കേഷനിലൊന്നും തീരെ താല്പര്യമില്ല. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അച്ഛന് ഇല്ലാത്ത ഉത്തരവാദിത്തമൊന്നും അമ്മയ്ക്കില്ല. അതിൻറെ ആവശ്യവും ഇല്ല. ഇത്തരം ഗ്ലോറിഫിക്കേഷൻ നിങ്ങൾ നിങ്ങളുടെ കാര്യം സുഗമമായി നടന്നു പോകാൻ സൃഷ്ടിച്ചു വച്ചിരിക്കുന്ന ഒരു ഉപാധിയാണ്. അപ്പൊ പിന്നെ തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ അവർ പണിയെടുത്തോളുമല്ലോ.

പിന്നെ കാമുകിയുടെയും ഭാര്യയുടെയും കാര്യം. ടോക്സിക്ക് ബന്ധങ്ങളിൽ എല്ലാം സഹിച്ചു സ്നേഹത്തിന്റെ പുറത്ത് നിൽക്കുന്ന കാമുകിമാരും അതിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിച്ചാൽ ആസിഡ് ആക്രമണം വരെ നേരിടുന്നവരും ഉണ്ട്. പട്ടിണി കിടന്നും ഭർത്താവിന്റെ തല്ലും തൊഴിയും സഹിച്ചും നിങ്ങൾ ഈ ആഘോഷിക്കുന്ന കുടുംബം എന്ന വ്യവസ്ഥിതിയെ നിലനിർത്തിക്കൊണ്ട് പോരാൻ ജീവിതം കളയുന്ന ഭാര്യമാരും ഉണ്ട് .ഇവരൊക്കെ തന്നെയാണ് അമ്മയാകുന്നത്. അപ്പോഴേക്കും കാമുകിയെയും ഭാര്യയെയും അത്യാഗ്രഹികളാക്കി അമ്മയെ പിടിച്ചങ്ങു മഹത്വവൽക്കരിക്കുന്ന തന്ത്രം കുറച്ചു സാമൂഹ്യ ബോധം ഉള്ളവർക്ക് തിരിയും. അത് പറയുമ്പോ വികാരം വൃണപ്പെട്ടിട്ട് കാര്യമില്ല.

പിന്നെ സ്ത്രീ എന്ന് പറയുന്നത് അമ്മയും അമ്മൂമ്മയും ഭാര്യയും മാത്രമല്ല. അവൾക്ക് സ്വന്തമായി ഒരു അസ്ഥിത്വമുണ്ട്. പാട്രിയാർക്കിയുടെ സകല പ്രിവിലേജും ആസ്വദിച്ചു അതിനു മുകളിൽ കാലും കേറ്റിയിരുന്നു നിങ്ങൾ സ്ത്രീകളെ ജഡ്ജ് ചെയ്തോ. അതിൽ അഭിരമിച്ചോ. പക്ഷെ, മറ്റുള്ളവർ പ്രതികരിക്കരുത് എന്ന് വാശി പിടിക്കരുത്. നടക്കില്ല കേട്ടോ.

Tags:
  • Spotlight
  • Social Media Viral