Tuesday 05 April 2022 11:00 AM IST : By സ്വന്തം ലേഖകൻ

ജലനിരപ്പ് പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യും, നാട്ടുകാർ വിളിക്കുന്നത് ‘ചതിയൻ പുഴ’യെന്ന്; പ്രണയിച്ചു കൊതിതീരും മുൻപേ റെജിയെ കവർന്നെടുത്ത് മരണം

rejilal-kanika334

ദീർഘനാളത്തെ പ്രണയത്തിനു ശേഷം വിവാഹം നടന്നതിന്റെ സന്തോഷത്തിലായിരുന്നു റെജിലാലും കനികയും. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അധ്യാപിക കനികയും വിദ്യാഭ്യാസകാലം തൊട്ടേ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തിൽ മാർച്ച് 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുളളിപ്പാറയിൽ ഫോട്ടോഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്. കുടുംബത്തോടൊപ്പം വീണ്ടും ആ പ്രകൃതിസൗന്ദര്യം നുകരാനെത്തിയ യാത്രയ്ക്കൊടുവിലാണ് റെജിയുടെ (28) ജീവൻ പുഴയുടെ കയങ്ങൾ കവർന്നത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഇരുകുടുംബങ്ങളെയും ദുഃഖത്തിലാക്കി റെജി പുഴയിലെ കയത്തിൽപ്പെട്ടത്. മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നതിനിടെ കനികയുടെ കാൽവഴുതിയെന്നും വീഴാതെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു എന്നാണ് വിവരം. നിലവിളി ഉയർന്നതോടെ സമീപത്ത് റോഡ് നിർമാണത്തിനു സാധനങ്ങളുമായി വന്ന ടിപ്പർ ലോറി ഡ്രൈവറാണു കനികയെ രക്ഷപ്പെടുത്തിയത്. കനികയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇരുപതു മിനിറ്റോളം നീണ്ട തിരച്ചിലിനൊടുവിലാണ് റെജിലാലിനെ കണ്ടെത്തി പുറത്തെത്തിക്കാനായത്.

ഇരുവരെയും പന്തീരങ്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റെജിയുടെ ജീവൻ രക്ഷിക്കാനായില്ല. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് മലബാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ചങ്ങരോത്ത് കടിയങ്ങാട്ടെ കുളപ്പുറത്ത് കൃഷ്ണദാസിന്റെയും രജനിയുടേയും മകനാണ് റെജി. ഗൾഫിലുളള സഹോദരൻ രഥുലാൽ എത്തിയ ശേഷം സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച കനികയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.

ഇക്കോ ടൂറിസം മേഖലയാണ് ജാനകിപ്പുഴയും പരിസരങ്ങളും. ഇവിടെ പുഴയിൽ പൊടുന്നെയുണ്ടാകുന്ന ജലപ്രവാഹം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ചില നേരങ്ങളിൽ പുഴ മുറിച്ചുകടക്കാനാകുമെങ്കിലും പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. അതിനാൽതന്നെ ‘ചതിയൻ പുഴ’യെന്നും നാട്ടുകാരിൽ ചിലർ ഈ പുഴയെ വിളിക്കാറുണ്ട്. ഉരുളൻകല്ലുകളും ചുഴികളും നിറഞ്ഞ ഈ ഭാഗത്ത് കല്ലിൽ നിന്ന് വഴുതി ചുഴിയിൽപ്പെട്ട പല അപകടങ്ങളും ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അപായസൂചന നൽകുന്ന ബോർഡുകളും മറ്റുമില്ലാത്തതിനാൽ പുഴ കാണാനെത്തുന്ന പലരും അപായമുണ്ടാകുമെന്ന നാട്ടുകാരുടെ മുന്നറിയിപ്പുകൾ മുഖവിലയ്ക്കെടുക്കാത്തത് ഇവിടെ നേരത്തെതന്നെ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.

Tags:
  • Spotlight