Thursday 30 January 2020 06:20 PM IST

ജിമ്മില്‍ പോയിട്ടും പൊണ്ണത്തടി പടിയിറങ്ങിയില്ല; അറ്റകൈ പ്രയോഗത്തിനൊടുവിൽ 98ൽ നിന്നും 75ലേക്ക്; റെജിന്റെ ഡയറ്റ് സ്റ്റോറി

Asha Thomas

Senior Sub Editor, Manorama Arogyam

rejin

ഒന്നു കുനിഞ്ഞ് ഷൂ ലേസ് കെട്ടുന്നതിനു പോലും പാടുപെട്ടിരുന്ന ആൾ ഇപ്പോൾ നിർത്താതെ രണ്ടു മണിക്കൂറോളം ഫുട്ബോൾ കളിക്കും. ദിവസവും ഇൻഹേലർ എടുക്കാതെ പുറത്തിറങ്ങാത്ത ആൾ നല്ല തണുപ്പുള്ള സീസണിൽ പ്രിയപ്പെട്ട ബുള്ളറ്റിൽ കൊടൈക്കനാൽ പോയി കൂളായി തിരിച്ചുവന്നു. കോഴിക്കോട് ഉള്യേരി സ്വദേശി റജിൻ ഗഫാറിന് വെയ്റ്റ് ലോസ് കൊണ്ടുണ്ടായ ഒട്ടേറെ ഗുണങ്ങളിൽ ചിലത് മാത്രമാണിത്. കൃത്യമായ വർക് ഒട്ടിലൂടെയും ഡയറ്റ് പരിവർത്തനത്തിലൂടെയും നേടിയെടുത്ത ആരോഗ്യഗുണങ്ങളേക്കുറിച്ചും ആ യാത്രയിലുണ്ടായ തിരിച്ചറിവുകളേക്കുറിച്ചും അദ്ദേഹം തന്നെ സംസാരിക്കുന്നു.

‘‘ ചെറുപ്പത്തിലേ തടിയൻ എന്നു കേട്ടു വളർന്നയാളാണ് ഞാൻ. ഫൂട്ബോളും ക്രിക്കറ്റുമൊക്കെ കളിക്കാൻ മുൻനിരയിലുണ്ടാകും. അതേപോലെ നല്ല ഭക്ഷണം എവിടെയുണ്ടെന്നറിഞ്ഞാലും തേടിപ്പിടിച്ചു കഴിക്കും. കഴിക്കുന്നതു മുഴുവൻ കായികാധ്വാനത്തിലൂടെ എരിച്ചു കളയുന്നതുകൊണ്ട് വലിയ കുഴപ്പമില്ലാതെ പോയി. ഇടയ്ക്ക് കാൽ ഒന്നു ഫ്രാക്ചറായി. അതോടെ കളിക്കാൻ പോകാതായി. ഭക്ഷണം കഴിക്കൽ നിർബാധം തുടർന്നു. അതോടെ ഒന്നാന്തരമൊരു കുംഭ ചാടി. ശരീരഭാരം 98 എത്തിയതോടെ പഴയ വസ്ത്രങ്ങളൊന്നും കയറാതായി. അങ്ങനെ ഭാരം കുറയ്ക്കാൻ തീരുമാനിച്ചു.

ആദ്യം ഒരു ജിമ്മിൽ ചേർന്ന് വർക് ഔട്ട് തുടങ്ങിയെങ്കിലും ശരീരഭാരം കുറയുന്നില്ല. മസിലൊക്കെ വച്ച് ബൾക്കി ആവുന്നതേയുള്ളു. എനിക്കാണെങ്കിൽ ഒരു അത്‌ലറ്റിക് ലുക്കാണ് വേണ്ടത്. അങ്ങനെയാണ് കോഴിക്കോടുള്ള എസ്എഫ്സി ട്രെയിനിങ് സെന്ററിൽ രഞ്ജിത്തിന്റെ കീഴിൽ ക്രോസ്ഫിറ്റ്നസ് പരിശീലനം തുടങ്ങുന്നത്. അതോടെ ശരീരം ഒതുങ്ങാൻ തുടങ്ങി. 10 കിലോയോളം പെട്ടെന്നു കുറഞ്ഞു. 170 സെ.മീ ആണ് എന്റെ ഉയരം. 65–70 കിലോയാണ് ഉയരത്തിനു വേണ്ടുന്ന ഭാരം. അത്രയൊന്നും പറ്റിയില്ലെങ്കിലും 75 കിലോയിലേക്കെത്തണമെന്നുണ്ട് എനിക്ക്. പിന്നങ്ങോട്ടു ഭാരം കുറയുന്നുമില്ല. ഉയർന്ന തീവ്രതയിലുള്ള വ്യായാമങ്ങളാണ് ദിവസവും ഒാരോ മണിക്കൂർ ചെയ്യുന്നത്. പക്ഷേ, എരിഞ്ഞുതീരുന്നത് 1500 കാലറിയും. ഒരു ബിരിയാണി ഏതാണ്ട് 2000 കാലറി വരും. ഭക്ഷണക്രമീകരണം കൂടി ചെയ്തിട്ടേ കാര്യമുള്ളു എന്നു മനസ്സിലായി.

ചോറ് നിർത്തിയപ്പോൾ

ഭാരം കുറയ്ക്കുന്നതിൽ ഭക്ഷണത്തിന്റെ റോളിനെക്കുറിച്ചു ഞാൻ കാര്യമായി പഠിച്ചു. അളവു കുറയ്ക്കുകയോ പട്ടിണി കിടക്കുകയോ അല്ല വേണ്ടത്, വിഭവങ്ങൾ സൂക്ഷിച്ച് തിരഞ്ഞെടുക്കുകയാണ് എന്ന് തിരിച്ചറിഞ്ഞു. ഒാരോരുത്തർക്കും അധ്വാനത്തിനനുസരിച്ചുള്ള ഊർജം മതി. നാം കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പല്ല, ശരീരത്തിൽ ചെലവാക്കാതെ വച്ചിരിക്കുന്ന അമിത ഊർജമാണ് യഥാർഥത്തിൽ കൊഴുപ്പായി അടിയുന്നത്.

കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളിൽ ഒരുപാട് ഊർജമുണ്ട്. അതുകൊണ്ട് ചോറ്, കപ്പ, അരി പലഹാരങ്ങൾ തുടങ്ങിയ കാർബോ ഹൈഡ്രേറ്റ് എല്ലാം ഒഴിവാക്കി. പ്രോട്ടീൻ കൂടുതൽ കഴിച്ചുതുടങ്ങി. രാവിലെ പ്രാതലിനു മാത്രം ഇത്തിരി ഗോതമ്പ് ഉപ്പുമാവോ ചപ്പാത്തിയോ കഴിക്കും. പകലത്തെ അധ്വാനത്തിനുള്ള എനർജിക്ക് അതുമതി. കൂടെ മീനോ മുട്ടയോ കഴിക്കും. പണ്ട് ഒന്നോ രണ്ടോ മീൻ കഷണമാണ് കഴിച്ചിരുന്നതെങ്കിൽ ഇപ്പോൾ 10–12 മീൻ കഴിച്ചുതുടങ്ങി. ഉച്ചയ്ക്ക് ഒരു ജ്യൂസ്. വൈകുന്നേരം നാലു മണിയാകുമ്പോഴേക്കും ഹോട്ടലുകളിലൊക്കെ തന്തൂരിയും ഗ്രിൽഡ് വിഭവങ്ങളും കിട്ടും. മയണൈസും റോട്ടിയും ഒഴിവാക്കി ചിക്കൻ കഴിക്കും. രാത്രി വിശന്നാൽ പഴച്ചാറോ വെള്ളരി സാലഡോ കഴിക്കും.

പ്രോട്ടീൻ ഭക്ഷണത്തിന്റെ ഒരു ഗുണം വയറുനിറയ്ക്കുമെന്നതാണ്. പ്രോട്ടീൻ കൂടുതൽ കഴിക്കുമ്പോൾ ഇലക്കറികളും പച്ചക്കറികളും ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. അപ്പോൾ ദഹന പ്രശ്നം വരില്ല. യൂറിക് ആസിഡ് പ്രശ്നമുണ്ടാകാതിരിക്കാൻ ഏറെ വെള്ളവും കുടിക്കണം. പച്ചക്കറികളും പഴങ്ങളും എത്ര വേണമെങ്കിലും കഴിക്കാമെങ്കിലും പഴങ്ങൾ കഴിക്കുമ്പോൾ ഇത്തിരി ശ്രദ്ധ വേണം. ചക്ക, മാങ്ങ, പൈനാപ്പിൾ, ഏത്തപ്പഴം ഇവ തടി കുറയ്ക്കണമെന്നുള്ളവർ ഒഴിവാക്കണം. പ്രോട്ടീൻ ഡയറ്റ് തുടങ്ങി കുറേയാകുമ്പോൾ ചർമം വരണ്ടുതുടങ്ങും. ജലാംശമുള്ള തണ്ണിമത്തൻ പോലുള്ള പഴങ്ങൾ കഴിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.

rejin-1

ടിപ്പിക്കൽ കാർബോ ഹൈഡ്രേറ്റ് ഡയറ്റ് മാറ്റി ആദ്യ ഒരാഴ്ച കുറച്ച് ക്ഷീണമൊക്കെ തോന്നും. തലകറക്കമോ തലവേദനയോ അനുഭവപ്പെടാം. ആ ഘട്ടം കഴിഞ്ഞാൽ ശരീരം പുതിയ ഭക്ഷണശീലവുമായി ചേർന്നു പൊയ്ക്കോളും.

ഡയറ്റ് പാളാകാനുള്ള പ്രധാനകാരണം ഭക്ഷണത്തോടുള്ള അഡി‌ക്‌ഷനാണ്. ഡയറ്റ് തുടങ്ങി ഒരുദിവസം സുഹൃത്തുക്കളുമൊത്ത് കോഴിക്കോടെ റഹ്മത്ത് ഹോട്ടലിൽ പോയി. അന്നു സുഹൃത്തുക്കൾ ബിരിയാണിയാണ് പറഞ്ഞത്. ബിരിയാണി കണ്ടതും എന്റെ കൈ വിറയ്ക്കാൻ തുടങ്ങി. അന്നാണ് ഭക്ഷണം എനിക്ക് അഡിക്‌ഷനാണെന്ന് മനസ്സിലായത്. ഡയറ്റ് ശീലമായ ശേഷം പിന്നീടൊരിക്കൽ കൂടി അതേ ഹോട്ടലിൽ പോയി. പക്ഷേ, അന്നു കൂളായി ബിരിയാണി കഴിക്കാതിരുന്നു.

വിശപ്പാണ് മറ്റൊരു പ്രശ്നം. അതിനും ഒരു പ്രതിവിധി കണ്ടെത്തി. എപ്പോഴും കയ്യിൽ ബദാം കരുതി. വിശക്കുമ്പോൾ ഒരുപിടി കഴിക്കും. വയറു നിറഞ്ഞ ഫീൽ കിട്ടും. മാത്രമല്ല, കാർബോഹൈഡ്രേറ്റ് ഒഴിവാക്കുമ്പോൾ നമുക്ക് സിങ്ക്, സെലിനിയം പോലുള്ള സൂക്‌ഷ്മ മൂലകങ്ങളുടെ കുറവു വരാം. ബദാം കഴിക്കുമ്പോൾ ഇത് പരിഹരിക്കപ്പെടും.

ഡയറ്റ് മാറിയതോടെ ഇഞ്ച് സൈസ് കുറഞ്ഞു. എക്സ് എൽ സൈസിൽ നിന്നും സ്മോളിലേക്ക് എത്തി. അരവണ്ണം കുറഞ്ഞു. മുഖത്തെ കൊഴുപ്പും ഇരട്ടത്താടിയും നീങ്ങി. കൂടെ പഠിച്ചവരൊക്കെ നീ കൂടുതൽ ചെറുപ്പമായെന്നു പറയാൻ തുടങ്ങി. അത് വലിയ മോട്ടിവേഷനായി. ഇപ്പോൾ 76 കിലോയാണ് ശരീരഭാരം.

ഞാൻ അലർജി പ്രശ്നമുള്ളയാളായിരുന്നു. ദിവസവും ഇൻഹേലർ എടുക്കണമായിരുന്നു. ഡയറ്റ് മാറിയതോടെ അലർജി നിയന്ത്രണത്തിലായി. നല്ല തണുപ്പുള്ളപ്പോഴാണ് കൊടൈക്കനാൽ ട്രിപ്പ് പോയത്. പക്ഷേ, അലർജി ശല്യപ്പെടുത്തിയേയില്ല. ക്രോസ് ഫിറ്റ്നസ് വ്യായാമങ്ങളിലൂടെ ശ്വസനശേഷി വർധിച്ചതും കാർബോഹൈഡ്രേറ്റ് കുറച്ചതുമൊക്കെയാണ് ഗുണകരമായത്. ഇപ്പോൾ സമാനപ്രശ്നമുള്ള വരെ കാണുമ്പോൾ ഇക്കാര്യം ഞാൻ പങ്കുവയ്ക്കാറുണ്ട്. എന്റെ അനുഭവപാഠം ആർക്കെങ്കിലുമൊക്കെ ഗുണകരമാകട്ടെ.