ഒമ്പതു ദിവസമായി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കോളയാട് മേനച്ചോടിയിലെ തയ്യിൽ വീട്ടിൽ റെനിമോൻ യേശുരാജ് (ഷിബി- 35) ആണ് മരിച്ചത്. കോളയാട് സെന്റ് കോർണേലിയസ് ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അഴുകിയ നിലയിലാണ് മൃതദേഹം. യേശുരാജ്- നിർമല ദമ്പതികളുടെ മകനാണ്.
ജൂലായ് 16 മുതൽ റെനിമോനെ കാണാനില്ലായിരുന്നു. ചെറുവാഞ്ചേരി ചെങ്കൽ പണയിൽ ലോറി ഡ്രൈവറായിരുന്നു റെനിമോൻ. ഇദ്ദേഹം ഉപയോഗിച്ചിരുന്ന ബൈക്ക് മേനച്ചോടി റോഡ് സൈഡിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കണ്ണവം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സഹോദരങ്ങൾ: പ്രിൻസ്, വിപിൻ.