Wednesday 15 April 2020 12:15 PM IST

‘പരിഹസിച്ച് ഇറക്കി വിട്ട ബാങ്കുകാർ വർഷങ്ങൾക്കു ശേഷം ലോൺ ആവശ്യമുണ്ടോയെന്ന് ചോദിച്ച് എന്നെ കാണാൻ വന്നു’! ഒരു സൂപ്പർഹിറ്റ് ‘ഇഡ്ഡലിക്കഥ’

Nithin Joseph

Sub Editor

r1

ദിവസേന 50 രൂപ വരുമാനം, 15 വർഷങ്ങൾക്കു മുമ്പ് റെനിത ഷാബു എന്ന വനിതയുടെ മനസ്സിലെ ആഗ്രഹം ഇത്ര മാത്രമായിരുന്നു. വീടുപണി പൂർത്തിയാക്കാൻ ബാങ്കിൽ നിന്നെടുത്ത 2 ലക്ഷം രൂപ ലോൺ അടയ്ക്കാൻ തന്റെയും ഭർത്താവിന്റെയും വരുമാനം തികയില്ലെന്ന തിരിച്ചറിവിൽനിന്നാണ് സ്വന്തമായി എന്തെങ്കിലും സംരംഭം ആരംഭിക്കാമെന്ന ആശയം റെനിതയുടെ മനസ്സിലുദിച്ചത്. ആ കഥ റെനിതയുടെ വാക്കുകളിൽ.

r2

‘‘അങ്കമാലിയ്ക്കടുത്ത് കാരമറ്റത്താണ് വീട്. ഞാൻ നാട്ടിലെ പാൽ സൊസൈറ്റിയിൽ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവിന് ത്രെഡ് ലെതർ കമ്പനിയിൽ ജോലി. ഞങ്ങളിടെ വരുമാനം നിത്യേനയുള്ള ചെലവുകൾക്ക് മാത്രേ തികയുമായിരുന്നുള്ളൂ. ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ എന്തെങ്കിലും ചെറിയ ബിസിനസ് തുടങ്ങണമെന്ന് തോന്നി. ആ സമയത്താണ് നാട്ടിലെ ക്ലബിൽനിന്ന് കുട്ടികൾ വിനോദയാത്ര പോകാൻ തീരുമാനിക്കുന്നത്. അവർക്കുള്ള ഭക്ഷണം ഉണ്ടാക്കി കൊടുക്കാമോ എന്ന് എന്നോട് ചോദിച്ചു. 100 ഇഡ്ഡലിയും ചട്നിയും ഉണ്ടാക്കി കൊടുത്തു. അതായിരുന്നു തുടക്കം. എനിക്ക് ഏറ്റവും നന്നായിട്ട് ചെയ്യാൻ കഴിയുന്ന കാര്യമാണ് പാചകം. അത് തന്നെ ബിസിനസ് ആക്കി മാറ്റുന്നതാണ് നല്ലതെന്ന് മനസിലായി. കടകളിലേക്ക് ഇഡ്ഡലി ഉണ്ടാക്കി കൊടുക്കാനുള്ള ഓഡർ പിടിച്ചു. ഭർത്താവാണ് ഓഡർ പിടിക്കാൻ ഇറങ്ങിയത്. ആദ്യത്തെ ദിവസം 65 ഇഡ്ഡലിയുടെ ഓഡറാണ് കിട്ടിയത്. 100 രൂപയ്ക്ക് അരിയും ഉഴുന്നും വാങ്ങി പാചകം തുടങ്ങി, കൃത്യസമയത്ത് ഭക്ഷണം എത്തിച്ചുകൊടുത്തു. തൊട്ടടുത്ത ദിവസം 100 ഇഡ്ഡലിയുടെ ഓഡർ ആയി. ഒരു മാസം പിന്നിട്ടപ്പോൾ ഞങ്ങൾക്ക് 1000 ഇഡ്ഡലിയുടെ ഓഡർ ലഭിച്ചു. വീട്ടിലെ ചെറിയ അടുക്കളയിൽ ചെറിയൊരു ടേബിൾടോപ്പ് ഗ്രൈൻഡറുമായി ആരംഭിച്ച സംരംഭം 15 വർഷംകൊണ്ട് വളർന്നു’’.

ഇഡ്ഡലി, വെള്ളേപ്പം, വട്ടയപ്പം, അട എന്നിങ്ങനെ ആവിയിൽ പുഴുങ്ങി എടുക്കുന്ന നിരവധി വിഭവങ്ങളാണ് റെനിതയുടെ ഗോകുൽസൺ ഫുഡ് പ്രോസസിങ് യൂണിറ്റിൽ നിർമിക്കുന്നത്. 15 വനിതകൾക്ക് ജോലിയും വരുമാനവും നൽകാൻ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടമായി ഈ സംരംഭക കാണുന്നത്. ‘

r3

‘ഈ സംരംഭം തുടങ്ങി 4 വർഷങ്ങൾക്കു ശേഷമാണ് ഞാൻ എന്റെ ജോലി ഉപേക്ഷിച്ചത്. വീടിനോട് ചേർന്ന് സ്ഥലം വാങ്ങി ഫുഡ് പ്രോസസിങ് യൂണിറ്റ് പൂർണമായി അവിടേയ്ക്ക് മാറ്റി. തുടകാലത്ത് ബിസിനസ് കുറച്ചുകൂടി വിപുലപ്പെടുത്താൻ ഒരു ബാങ്കിൽ ലോണിന് അപേക്ഷിച്ചപ്പോൾ ഞങ്ങളെ പരിഹസിച്ച് ഇറക്കി വിട്ടിട്ടുണ്ട്. എന്നാൽ, വർഷങ്ങൾക്കു ശേഷം ലോൺ ആവശ്യമുണ്ടോയെന്ന് ചോദിച്ച് അതേ ബാങ്കുകാർ എന്നെ കാണാൻ വീട്ടിൽ വന്നു’’.

നിശ്ചയദാർഢ്യത്തിന്റെ വിജയം, അതാണ് ഗോകുൽസൺ ഫുഡ് പ്രോസസിങ് യൂണിറ്റ്. റെനിതയുടേത് മാത്രം പ്രത്യേകതയായ ചില രസികൻ വിഭവങ്ങളും ലഭ്യമാണ്. അതിലൊന്നാണ് 'ചക്ക വട്ടയപ്പം.' പിന്നെ, കൊഴുക്കട്ട, അട, കലത്തപ്പം തുടങ്ങി വേറെയും സ്പെഷ്യൽസ്. കൊറോണക്കാലത്ത് താത്കാലികമായി ബിസിനസ് നിർത്തിവെച്ചിരിക്കുകയാണെങ്കിലും റെനിതയും ഭർത്താവ് ഷാബുവും ഏകമകൻ ഗോകുലും തിരക്കിലാണ്, നാട്ടിലെ ഹോസ്പിറ്റൽ കാന്റീനിലേക്കുള്ള ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള പണിത്തിരക്കിൽ.