Monday 23 September 2019 06:49 PM IST

‘ടാ തടിയാന്നു’ വിളിച്ചവർ ടിപ്സ് ചോദിച്ച് പിന്നാലെയെത്തി; 140 കിലോയിൽ നിന്നും 112 കിലോ വരെയെത്തിയ രഞ്ജിത്തിന്റെ പ്രതികാരം

Asha Thomas

Senior Sub Editor, Manorama Arogyam

bw

ഭാരസൂചിക 100 കടക്കുമ്പോൾ തടി ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവരുടെ പോലും മനസ്സിലൊരു പിടപ്പു തുടങ്ങും. ഈ കൂടുന്നതെല്ലാം എങ്ങനെ കുറയ്ക്കുമെന്ന് ഒരാശങ്ക. ശരീരഭാരം സെഞ്ചുറി അടിച്ചാൽ പിന്നെ താഴേക്കു പോരാൻ ഇത്തിരി കടുപ്പമാണെന്നാണ് ഫിറ്റ്നസ് വിദഗ്ധരും പറയുന്നത്. പക്ഷേ 140 കിലോയിൽ നിന്ന് 112 കിലോ വരെ എത്തിയ രഞ്ജിത് കുമാറിന്റെ അനുഭവം പറയുന്നത് നമ്മൾ മനസ്സ് വച്ചാൽ മാറാത്തതായി ഒന്നുമില്ലെന്നാണ്. എട്ടുമാസം കൊണ്ട് ഇരുപത്തി എട്ട് കിലോ കുറച്ച അനുഭവം പാലക്കാട് സ്വദേശി രഞ്ജിത് കുമാർ പങ്കുവയ്ക്കുന്നു.

‘‘ ചെറുപ്പം മുതലേ നല്ല വണ്ണമുണ്ട് എനിക്ക്. അതിന്റെ പേരിൽ കണക്കിനു കളിയാക്കൽ കേട്ടിട്ടുമുണ്ട്. കൂടെ പഠിച്ച പലർക്കും എന്റെ പേരു പോലും അറിയില്ലായിരുന്നു. തടിയൻ എന്നാണ് വിളിച്ചിരുന്നത്. ബാച്ച് മേറ്റ്സിനു പോലും രഞ്ജിത് കുമാർ എന്നു പറഞ്ഞാൽ മനസ്സിലാകില്ല. തടിയൻ രഞ്ജിത് എന്നു പറഞ്ഞാലേ അറിയൂ. വീട്ടിലെല്ലാവരും നല്ല വണ്ണമുള്ള പ്രകൃതമാണ്. പോരാത്തതിന് ഞാനൊരു ഭക്ഷണപ്രിയനും. അതു കൊണ്ടൊക്കെ, തടി കുറയ്ക്കണമെന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയില്ല.

പെപ്സിയും കോളയും കൂട്ടിയ വണ്ണം

മധുരമായിരുന്നു പ്രധാന വീക്ക്നസ്സ്. പെപ്സിയും കോളയും പോലുള്ള ശീതളപാനീയങ്ങൾ ദിവസം 3–4 കുപ്പി അകത്താക്കും. വറുത്തതും പൊരിച്ചതുമായ സ്നാക്സ് ഏറെ പ്രിയം. വണ്ണം വരാൻ വേറെ വഴി വേണ്ടല്ലോ. പ്രായം കൂടുന്നതനുസരിച്ച് ശരീരഭാരവും കൂടി വന്നു. ഒടുവിൽ ഭാരസൂചി 140ൽ വന്ന് നിന്നു. അതോടെ ശരീരവും ഏതാണ്ടൊക്കെ പണി മുടക്കി തുടങ്ങി. മുട്ടുവേദന കലശലായി. പടി കയറാൻ ബുദ്ധിമുട്ടായി. വല്ലാത്ത കിതപ്പ്. വയസ്സ് മുപ്പതാകുന്നതേയുള്ളൂ, പ്രമേഹം കൂട്ടുകൂടാൻ വന്നു. സത്യം പറഞ്ഞാൽ ഒന്നനങ്ങാൻ പോലും ബുദ്ധിമുട്ടായി.

പാലക്കാടാണ് സ്വദേശമെങ്കിലും ജോലി ആവശ്യങ്ങൾക്കായി കൊച്ചിയിലാണ് താമസം. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ മേലധികാരി, രാജേഷ് വണ്ണം കുറച്ചിട്ടുള്ളയാളാണ്. എന്റെ അവസ്ഥ കണ്ട് അദ്ദേഹം സ്നേഹബുധ്യാ പറഞ്ഞു. ‘‘രഞ്ജിത്തേ, തടി ഇങ്ങനെ കൂടിക്കൂടി വന്നാൽ ശരിയാകില്ല. ആരോഗ്യത്തിനു മാത്രമല്ല കരിയറിനും ദോഷമാകും.’’ നല്ല യാത്ര വേണ്ട ജോലിയാണ് എനിക്ക്.

r2

സമയത്ത് കഴിച്ചു തുടങ്ങിയപ്പോൾ

വണ്ണം കുറയ്ക്കാൻ തീരുമാനിച്ചപ്പോൾ രാജേഷ് സാർ അദ്ദേഹം ചെയ്തിരുന്ന ഡയറ്റ് പറഞ്ഞുതന്നു. ആദ്യം ചെയ്തത് ഭക്ഷണസമയം കൃത്യമാക്കുകയാണ്. മുൻപ് പലപ്പോഴും പ്രാതൽ കഴിക്കില്ലായിരുന്നു. അതിനു കൂടിയുള്ളത് ഉച്ചയ്ക്ക് കഴിക്കും. നാലു മണിക്കാണ് ഏറ്റവും വിശപ്പ്. ഒരു ഗ്ലാസ്സ് ചായ, മൂന്നോ നാലോ മസാല ബൺ അല്ലെങ്കിൽ പരിപ്പുവടയും കഴിക്കും. ചിലപ്പോൾ ചൂട് മസാലദോശ കഴിക്കും.

ഡയറ്റ് തുടങ്ങിയതോടെ കൃത്യം അഞ്ചു മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിച്ചു. രാവിലെ 7.30ന് കൊഴുപ്പു നീക്കിയ പാലിൽ പഴങ്ങൾ ചേർത്തടിച്ചുള്ള ഷേക്ക്. കൂടെ ഒന്നോ രണ്ടോ മുട്ടവെള്ള, പച്ചക്കറി കൊണ്ടുള്ള സാലഡ്. കൃത്യം 12.30 ന് ഉച്ചഭക്ഷണം. രണ്ട് ചപ്പാത്തി. കൂടെ പരിപ്പോ ചെറുപയറോ കറി. നാലു മണിക്ക് ചിലപ്പോൾ മധുരമില്ലാത്ത ഒരു കട്ടൻ കാപ്പി കുടിക്കും. പഴങ്ങൾ അരിഞ്ഞത് ഒരു ബൗൾ കഴിക്കും. രാത്രി എട്ടരയോടനുബന്ധിച്ചാണ് വീടെത്തുക. ഉടൻ രാത്രിഭക്ഷണം കഴിക്കും. ഒരു ചപ്പാത്തി ഒരു ബൗൾ നിറച്ച് കാരറ്റും കുക്കുമ്പറും അരിഞ്ഞത്. ഡയറ്റിങ് സമയത്ത് പുറത്തുനിന്ന് ഒരു ഭക്ഷണവും കഴിച്ചില്ല.

നടപ്പും ലഘുവ്യായാമങ്ങളും

മുട്ടുവേദന ഉള്ളതുകൊണ്ട് ആദ്യത്തെ രണ്ടു മാസം കഠിനമായ വ്യായാമത്തിനൊന്നും പോയില്ല. രാവിലെ എഴുന്നേറ്റ് നടക്കാൻ പോകും. ആദ്യ ദിവസങ്ങളിലൊക്കെ നടക്കുമ്പോൾ കരഞ്ഞുപോയിട്ടുണ്ട്. ഒരടി മുൻപോട്ടു വയ്ക്കാൻ വയ്യാതെ വല്ലാതെ പ്രയാസപ്പെട്ടു. പതിയെ ആ അവസ്ഥ മറികടന്നു. നടക്കാൻ പോകാത്ത ദിവസങ്ങളിൽ സിറ്റ് അപ് പോലുള്ള ചെറിയ വ്യായാമങ്ങൾ ചെയ്തു. ആദ്യത്തെ 4–5 ദിവസം ഡയറ്റിങ്ങിൽ പിടിച്ചുനിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടി. രാജേഷ് സാറാണ് അവിടെയും രക്ഷയ്ക്കെത്തിയത്. ‘‘രഞ്ജിത് പോയി ഭാരമൊന്നു നോക്കൂ. ഭാരം കുറഞ്ഞു കാണുമ്പോൾ ഡയറ്റിൽ തുടരാൻ പറ്റും’’ എന്ന് അദ്ദേഹം പറഞ്ഞു. ആ സമയത്ത് രണ്ടു കിലോ കുറഞ്ഞിരുന്നു. ഡയറ്റിങ് കൊണ്ട് മാറ്റമുണ്ടെന്നു കണ്ടതോടെ ഉത്സാഹമായി. പിന്നീട് എല്ലാ ആഴ്ചയിലും ഭാരം നോക്കും. രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും 7–8 കിലോ കുറഞ്ഞു.

r1

ജിമ്മിലെ ദിനങ്ങൾ

തുടർന്നാണ് കൊച്ചിയിൽ തന്നെയുള്ള ഗ്ലാഡിയേറ്റർ ജിമ്മിൽ പോകുന്നത്. ആദ്യദിവസങ്ങളിൽ അര മണിക്കൂർ കഴിയുമ്പോൾ ഇനി വയ്യ എന്നു പറഞ്ഞ് ഇട്ടിട്ടു പോകുമായിരുന്നു. ഒരാഴ്ച ജിമ്മിൽ പോയാൽ പിന്നെ ശരീരവേദന കാരണം അടുത്ത ആഴ്ച പോകില്ല. പതിയെ പ്രയാസങ്ങളൊക്കെ മാറി. ഇപ്പോൾ ദിവസവും രണ്ടു മണിക്കൂറിനടുത്ത് ജിമ്മിൽ ചെലവിടുന്നു. ആദ്യ 40 മിനിറ്റ് കാർഡിയോ വ്യായാമങ്ങൾ ചെയ്യും. ട്രെഡ്മിൽ, എലിപ്റ്റിക്കൽ, റോപ് എക്സർസൈസ്, ക്രോസ് ഫിറ്റ് തുടങ്ങിയവ മാറിമാറി ചെയ്യും. ശേഷമുള്ള സമയം ഒാരോ അവയവത്തെയും കേന്ദ്രീകരിച്ചുള്ള വെയ്റ്റ് ട്രെയിനിങ്ങാണ്.

ഭാരം കുറഞ്ഞു, ഷുഗർ മാറി

നേരത്തേ എന്റെ ഡ്രസ്സ് സൈസ് 48 ആയിരുന്നു. ഇപ്പോൾ 40 ആയി. ഏറ്റവും വലിയ സന്തോഷം അതാണ്. ഇഷ്ടമുള്ള പാറ്റേണും സ്ൈറ്റലുമുള്ള വേഷം ധരിക്കാം. ആവശ്യമില്ലാത്ത കൊഴുപ്പ് ഉരുകിയൊലിച്ചു പോയതോടെ ഷുഗർ തികച്ചും നോർമലായി. മുട്ടുവേദന മാറി. ജീവിതം മൊത്തത്തിൽ പ്രകാശപൂരിതമായി. അതുകൊണ്ടു തന്നെ ഭാരം കുറയ്ക്കൽ നിർത്തിയിട്ടില്ല. 90 കിലോ എത്തണമെന്നാണ് ആഗ്രഹം. ഫിറ്റ്നസ് തരുന്ന ആഹ്ളാദം എത്രയെന്ന് അത് അനുഭവിച്ചവർക്കല്ലേ അറിയൂ.