Friday 10 January 2025 09:30 AM IST : By സ്വന്തം ലേഖകൻ

സ്മൃതിതൻ ചിറകിലേറി ഭാവഗായകൻ: പി. ജയചന്ദ്രന് കണ്ണീരോടെ വിട: ആദരാഞ്ജലിയുമായി സംഗീത ലോകം

p-jayachandran-1

ഹൃദയതന്ത്രികളെ തൊട്ടുണർത്തുന്ന ഭാവഗായകന് കണ്ണീരോടെ യാത്രമൊഴി. വിടപറഞ്ഞ അനശ്വരഗായകൻ പി. ജയചന്ദ്രന്റെ (80) സംസ്കാരം ശനിയാഴ്ച നടക്കും. വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ. വെള്ളിയാഴ്ട രാവിലെ 9.30ന് മൃതദേഹം പൂങ്കുന്നത്ത്, ചക്കാമുക്ക്, തോട്ടേക്കാട് ലൈൻ തറവാട് വീട്ടിൽ (മണ്ണത്ത് ഹൗസ്) എത്തിക്കും. ഉച്ചയ്ക്ക് 12 മണിമുതൽ സംഗീത അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് പൂങ്കുന്നത്തെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകും.

നാളെ (ശനിയാഴ്ച) രാവിലെ 9 മണി മുതൽ 12 മണിവരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.54നായിരുന്നു മലയാളികളുടെ പ്രിയ ഗായകന്റെ വിയോഗം. വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ വച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.

പ്രണയ–വിരഹ ഭാവങ്ങളിൽ ഭാവസൗന്ദര്യം പകർന്ന പി.ജയചന്ദ്രന്റെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, അനുരാഗഗാനം പോലെ, രാജീവനയനേ നീയുറങ്ങൂ, തുടങ്ങിയ ഗാനങ്ങൾ മലയാളിയുടെ സ്മരണയുടെ മച്ചകങ്ങളിലുണ്ട്. കാലവും അതിർത്തികളും കടന്ന് പരന്നൊഴുകിയ രാസാത്തി ഉന്നെ, ഒരു ദൈവം തന്ത പൂവേ... തുടങ്ങിയവ ഇന്നും ക്ലാസിക്കുകളായി നിലനിൽക്കുന്നു. ഒരു ജനതയെ ത്രസിപ്പിച്ച പ്രായം നമ്മില്‍ മോഹം നല്‍കി, നിന്‍ മണിയറയിലെ, മറന്നിട്ടുമെന്തിനോ, എന്തേ ഇന്നും വന്നീല, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ തുടങ്ങിയ ഗാനങ്ങള്‍ കാല– ഭാഷഭേദമന്യേ ആസ്വാദകര്‍ ഹൃദയത്തിലേറ്റിയവയാണ്.

ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, സിനിമാ രംഗത്തെ പ്രമുഖർ, വിവിധ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ ജയചന്ദ്രന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി. ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരവും ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവ ലഭിച്ചു.