Wednesday 14 August 2024 03:10 PM IST

സ്ത്രീയായതു കൊണ്ടു മാത്രം മാറി നിൽക്കേണ്ട, പ്രായമായെന്നു കരുതി സ്വപ്നങ്ങളും മാറ്റി വയ്ക്കേണ്ട: മാതൃക സ്മൃതിയുടെ ജീവിതം

Chaithra Lakshmi

Sub Editor

smrithy-1

ഒരിക്കലും മറക്കാനാവില്ല ആ നിമിഷം. മൂന്നുവയസ്സുള്ള മകന്റെ മരണം ഡോക്ടർമാരായ ആ മാതാപിതാക്കൾക്കു താങ്ങാനായില്ല. വ്യത്യസ്ത സംസ്കാരമുള്ള രാജ്യത്തിൽ നിന്നെത്തിയ കുട്ടിയുടെ മരണം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ആ ശുപത്രി ജീവനക്കാർ കുഴങ്ങി.

കുഞ്ഞിനെ നഷ്ടപ്പെട്ട ഇന്ത്യക്കാരി കൂടിയായ സഹപ്രവർത്തകയെയും പങ്കാളിയെും ആശ്വസിപ്പിക്കേണ്ട ചുമതല ഹോ സ്പിറ്റലിലെ ചാപ്ലിനായ എന്നെത്തേടിയെത്തി. നോവ് പുറത്തു കാണിക്കാതെ ഞാനവർക്കൊപ്പം നിന്നു. ഉള്ളുലച്ച ആ സംഭവത്തിനു ശേഷമാണ് ആത്മീയതയും സാമൂഹിക സേവനവും കൂടുതൽ ഗൗരവമായെടുത്തത്.’

ഓസ്ട്രേലിയൻ സേനയിലെ പട്ടാളക്കാർക്കു മാനസികവും ആത്മീയവുമായ കരുത്തേകാൻ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ക്യാപ്റ്റൻ ഡോ. സ്മൃതി എം. കൃഷ്ണ അപൂർവ നേട്ടത്തിലേക്കുള്ള യാത്രയെക്കുറിച്ചു മനസ്സ് തുറക്കുന്നു.

ശാസ്ത്രവും ആത്മീയതയും

തിരുവനന്തപുരം സ്വദേശിയും സംസ്ഥാന ഫോറൻസിക് സയൻസ് ലാബ് മുൻഡയറക്ടർ ഡോ. മുരളീകൃഷ്ണ, ശാന്താ ദേ വി എന്നിവരുടെ മകളുമാണു ബയോമെഡിക്കൽ സയന്റിസ്റ്റായ ഡോ. സ്മൃതി എം. കൃഷ്ണ. ‘‘അച്ഛൻ ഡോ. മുരളി കൃഷ്ണൻ ശാസ്ത്രത്തിൽ മാത്രമല്ല, മരണാനന്തര ജീവിതത്തിലും ഗവേഷണം നടത്തിയിരുന്നു. ആ സ്വാധീനം കൊണ്ടാകണം ശാസ്ത്രഗവേഷണത്തിനൊപ്പം ആത്മീയതയും എന്നെ മോഹിപ്പിച്ചു. അച്ഛൻ ഓർമയായതിനു ശേഷവും ആത്മീയത എനിക്കു താങ്ങാകുന്നു.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നു സുവോളജിയിൽ എംഫിലും തിരുവനന്തപുരം ആർസിസിയിൽ നിന്നു കാൻസർ ബയോളജിയിൽ പിഎച്ച്ഡിയും നേടി. ഏഴു വർഷം ദുബായിലുണ്ടായിരുന്നു. അ വിടെ നിന്നാണ് 2009 ൽ ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്കു പോയത്.

ഓസ്ട്രേലിയയിലെ ജയിംസ് കുക്ക് യൂണിവേഴ്സിറ്റിയിൽ ആയിരുന്നു ഉപരിപഠനം. തുടർന്ന് ഓസ്ട്രേലിയയിലെ സ്കൂൾ ഓഫ് മെഡിസിനിൽ ലക്ചററായി. ഞങ്ങൾ താമസിച്ചിരുന്ന ടൗൺസ്‌വില്ലിൽ വ്യത്യസ്ത സംസ്കാരത്തിലുള്ളവർക്ക് ഒത്തുചേരാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലായിരുന്നു.

ഞാനും രണ്ടു സുഹൃത്തുക്കളും േചർന്നാണ് അത്തരം പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. ഹെൽപിങ് സെന്റർ, പലതരം വർക്‌ഷോപ് ഇവയെല്ലാം സംഘടിപ്പിച്ചു. പ്രവാസി കൂട്ടായ്മകളിൽ മരണം, പാലിയേറ്റീവ് കെയർ ഇവ നേരിടുന്ന ഘട്ടങ്ങളിലെല്ലാം ഒപ്പം നിന്നു. മെഡിക്കൽ കോളജിലെ ലക്ചററായ ഞാൻ ഹോസ്പിറ്റലിലെയും യൂണിവേഴ്സിറ്റിയിലെയും ചാപ്ലിനായി പ്രവർത്തിച്ചിരുന്നു. ചുഴലിക്കാറ്റ്, പ്രളയം തുടങ്ങിയവയുണ്ടായ സമയത്തെല്ലാം മറ്റുള്ളവർക്കു മാനസിക പിന്തുണ നൽകാൻ കഴിഞ്ഞു.

പരീക്ഷയടുത്ത സമയത്താണു യൂണിവേഴ്സിറ്റിയിൽ വലിയ തീപിടിത്തമുണ്ടായത്. അണിഞ്ഞ വസ്ത്രം മാത്രമായി പല കുട്ടികൾക്കും ഇറങ്ങേണ്ടി വന്നു. അവരെ ചേർത്തുപിടിക്കാനും മുന്നോട്ടു നയിക്കാനും കഴിഞ്ഞു.

പ്രായം വെറും നമ്പർ മാത്രമല്ലേ

ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സിൽ ഹിന്ദു ആത്മീയതയുള്ള ചാപ്ലിൻ എന്ന ആശയം ആദ്യമായാണു നടപ്പാക്കുന്നത്. അതുകൊണ്ട് ആ റോൾ പരാജയമാകരുതെന്ന് അ വർക്കു നിർബന്ധമുണ്ടായിരുന്നു.

വിവിധ സംഘടനകൾ നിർദേശിച്ച 165 പേരെ ഏഴു ഘട്ടമായി സ്ക്രീനിങ് നടത്തി. രണ്ടോ മൂന്നോ ഇന്റർവ്യൂ, മെഡിക്കൽ ഫിറ്റ്നസ് ചെക്കിങ്, അവസാനഘട്ടത്തിൽ ഫിസിക്കൽ ഫിറ്റ്നസ് പരീക്ഷ ഇവയെല്ലാം നേരിട്ടു.

വിശ്വഹിന്ദു പരിഷത്താണ് എന്നെ ഈ സ്ഥാനത്തേക്കു നിർദേശിച്ചത്. തയാറെടുപ്പിന്റെ ഭാഗമായി ഓസ്ട്രേലിയൻ ഡിഫൻസിനെപ്പറ്റിയും ചാപ്ലിൻസിറ്റിയെപ്പറ്റിയും പഠിച്ചു. ക്ലിനിക്കൽ പാസ്റ്റൽ എജ്യുക്കേഷൻ, സ്പിരിച്വൽ കൗൺസലിങ് തുടങ്ങിയ േകാഴ്സുകൾ ഇപ്പോഴും തുടരുന്നു.

15 വർഷത്തിലേറെയായി സാമൂഹികസേവനരംഗത്തുള്ളതുകൊണ്ട് ആറു കടമ്പകൾ അനായാസം മറികടന്നു. ഫിസിക്കൽ പരീക്ഷയിലാണു സമ്മർദം തോന്നിയത്. ഒപ്പം മത്സരിച്ചതു പതിനെട്ടും ഇരുപതും പ്രായമുള്ള ചെറുപ്പക്കാരാണ്. ഊർജസ്വലരായ അവരുടെയൊപ്പം നിൽക്കുമ്പോൾ എനിക്ക് അൽപം പ്രായമായില്ലേ എന്നു തോന്നി. ആ സമ്മ ർദത്തിലാകണം ഫിറ്റ്നസ് പരീക്ഷയുടെ ട്രയലിൽ ഞാൻ പരാജയപ്പെട്ടു.

പ്രായം വെറും നമ്പർ മാത്രമല്ലേ എന്നു മനസ്സിനെ പഠിപ്പിക്കുകയാണ് ആദ്യം ചെയ്തത്. അൻപതാമത്തെ വയസ്സിൽ ആദ്യമായി ജിമ്മിൽ പോയി. വർക്ഔട്ട് പതിവാക്കി. ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടർന്നു. മനസ്സ് പറയുന്ന വഴിയേ ശരീരം മുന്നേറുമെന്നു വൈകാതെ തിരിച്ചറിഞ്ഞു. ഫൈനൽ ഫിസിക്കൽ ഫിറ്റ്നസ് പരീക്ഷയിൽ ഞാൻ വിജയം നേടി.

കഴിഞ്ഞ മാർച്ചിൽ നടന്ന ചടങ്ങിൽ ഓസ്ട്രേലിയൻ ആ ർമി റിസർവിന്റെ ഓഫിസർ ആയി ചുമതലയേറ്റെടുത്തു. ജീവിതത്തിലുടനീളം കരുത്തു പകർന്ന അമ്മ ശാന്ത ആ നിമിഷത്തിനു സാക്ഷിയായതു ഭാഗ്യമായി കരുതുന്നു.

ഒരു പട്ടാളക്കാരന്റെ ജീവിതത്തിൽ വൈകാരികവും ആ ത്മീയവുമായ പ്രശ്നങ്ങളുണ്ടാകാം. ആ യാത്രയിൽ കൈ പിടിച്ച് ഒപ്പമുണ്ടാവുകയെന്നതാണു ചാപ്ലിന്റെ ചുമതല. ക്യാപ്റ്റൻ റാങ്ക് ആണ് ഈ പദവി.

smrithy-2

വൈകാരികവും ധാർമികവുമായ പ്രതിസന്ധികൾ സേനാംഗങ്ങൾക്കിടയിൽ ഉണ്ടാകാം. പ്രഫഷനൽ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ, അച്ചടക്ക നടപടി നേരിടേണ്ടി വരുന്ന അവസ്ഥ, ഗാർഹിക പീഡനം, ആരോഗ്യപ്രശ്നങ്ങൾ, അപകടങ്ങൾ, പോസ്റ്റ്‌ട്രോമാറ്റിക് ഡിസോർഡർ, കുടുംബാംഗങ്ങളുടെ മരണം ഇങ്ങനെ ഏതു സാഹചര്യത്തിലും മാനസികമായ ആരോഗ്യം ഉറപ്പാക്കാൻ സേനാംഗങ്ങൾക്കു താങ്ങായി കൂടെയുണ്ടാകണം.

ഓസ്ട്രേലിയയെ സേവിക്കുന്ന പട്ടാളക്കാർക്കു യോഗ, ധ്യാനം ഇവയെല്ലാം പരിചയപ്പെടുത്തി മാനസികവും ആ ത്മീയവുമായ പിന്തുണയേകാനുള്ള അവസരം സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. സൈന്യത്തിൽ മതഭേദമില്ലാതെ എല്ലാവർക്കും ആധ്യാത്മികവും മാനസികവുമായ പിന്തുണ നൽകുന്നവരാണു ചാപ്ലിൻ ക്യാപ്റ്റൻ. എല്ലാ മതങ്ങളുടെയും ആത്മീയമായ മൂല്യങ്ങൾക്കു സമാനതയുണ്ട്. ഈ മൂല്യങ്ങൾ മതത്തിലും ദൈവത്തിലും വിശ്വാസമില്ലാത്തവർക്കും പ്രയോജനപ്പെടുത്താനാകും.

ഇനി ഒരു വർഷം പരിശീലനം നേടേണ്ടതുണ്ട്. യുദ്ധമുഖത്ത് ഒരു പട്ടാളക്കാരൻ എന്തെല്ലാമാണു ചെയ്യുന്നതെന്ന് അറിയാനുള്ള പരിശീലനമാണ് ആദ്യം. കൗൺസലിങ്, മാനസികാരോഗ്യം ഇവയിലെല്ലാം അറിവു വർധിപ്പിക്കുന്ന ചാപ്ലിൻസിറ്റി സ്പെസിഫിക് ട്രെയിനിങ്ങും നേടണം.

ഓസ്ട്രേലിയൻ മെന്റൽ ഹെൽത് ഹയർ എജ്യുക്കേഷൻ കമ്മിറ്റി അംഗവും ഇമോഷനൽ വെൽബീയിങ് ഫൗണ്ടേഷന്റെ ഏഷ്യൻ പസിഫിക് വിങ് ഡയറക്ടറും ഓസ്ട്രേലിയൻ ഘടകം ട്രഷററും കൂടിയാണു ഞാൻ. എൻജിനീയറായ ജീവിത പങ്കാളി സുനിൽ നായർ, യൂനിവേഴ്സിറ്റി വിദ്യാർഥികളും ഇരട്ടകളുമായ മക്കൾ റിഷിക നായർ, നികിത നായർ എന്നിവരുടെ പിന്തുണയും ഒപ്പമുണ്ട്.

മലയാളി സ്ത്രീകളോട്

∙ സ്ത്രീയായതു കൊണ്ടു മാത്രം മാറി നിൽക്കണമെന്നും പ്രായമേറെയായെന്നു കരുതി സ്വപ്നങ്ങൾ മാറ്റി വയ്ക്കണമെന്നും കരുതരുത്. ഇത്തരം തെറ്റിധാരണക ൾ മറികടന്നാൽ ഈ ലോകത്തിലെ ഒന്നും നമ്മുടെ സ്വപ്നങ്ങൾക്കു വിലങ്ങുതടിയാകില്ല.

∙ കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിക്കുന്നതിനിടെ സ്വന്തം ആരോഗ്യം മറക്കാതിരിക്കൂ. സ്വന്തം കാര്യങ്ങൾക്കു സമയം കണ്ടെത്തൂ. ആരോഗ്യത്തിൽ പൂർണ ശ്രദ്ധയർപ്പിക്കണം. നല്ല ജീവിതശൈലിയും ആരോഗ്യകരമായ ഭക്ഷണശീലവും വളരെ പ്രധാനമാണ്.

∙ ഏതു സാഹചര്യത്തിലും താങ്ങായി നിൽക്കുന്ന സുഹൃത്തുക്കളും ബന്ധങ്ങളും ഒപ്പമുണ്ടാകണം.

∙ എപ്പോഴും എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യണമെന്ന നിർബന്ധബുദ്ധി ഉപേക്ഷിച്ചേക്കൂ. കഴിയുന്നത്ര നന്നായി കാര്യങ്ങൾ ചെയ്യുകയാണു വേണ്ടത്.

∙ നല്ല വിദ്യാഭ്യാസം നേടാനും സാമ്പത്തിക സ്വയംപര്യാപ്തത നേടിയെടുക്കാനും ശ്രമിക്കണം.

ചൈത്രാലക്ഷ്മി