ഒരു കുടുംബത്തിനെ മുഴുവൻ കണ്ണീരിലാഴ്ത്തി കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി. ഒടുവിൽ പൊലീസ് കുഞ്ഞിനെ വീണ്ടെടുത്തു. പക്ഷേ തട്ടിക്കൊണ്ടുപോയ ആളെ വിട്ടുപിരിയാനാവാതെ കരയുകയാണ് കുട്ടി. രാജസ്ഥാനിലെ സംഗനേറിൽ നിന്നുമാണ് ആരും മൂക്കത്തു വിരൽവച്ചു പോകുന്ന വാർത്ത പുറത്തുവരുന്നത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ചിട്ടും തട്ടിക്കൊണ്ടു പോയ ആളിനൊപ്പം പോകാനായി പൊട്ടിക്കരയുകയാണ് കഥയിലെ നായകനായ രണ്ടുവയസുകാരന്‍. തന്നെ തട്ടിക്കൊണ്ടുപോയ തനൂജ് ചഹറിനൊപ്പമാണ് പൃഥ്വി എന്ന കുഞ്ഞ് കുട്ടി കഴിഞ്ഞ 14 മാസമായി താമസിച്ചിരുന്നത്. കുട്ടിയുടെ ബന്ധു കൂടിയാണ് തനൂജ് എന്ന യുവാവ്. പക്ഷേ ഈ കാലയളവിൽ കുഞ്ഞും തനൂജും തമ്മിൽ ഇഴപിരിയാനാകാത്ത വിധം അടുത്തു.
തനൂജ് പൃഥ്വിയെ ഉപദ്രവിച്ചിരുന്നില്ല എന്നു മാത്രമല്ല. സ്വന്തം മകനെപ്പോലെ പെരുമാറി. സ്നേഹവാത്സല്യങ്ങളോടെ വേണ്ടതെല്ലാം വാങ്ങിക്കൊടുത്തു. ഈ സ്നേഹബന്ധമായിരുന്നു തനൂജിൽ നിന്നും പൃഥ്വിയെ വേർപിരിക്കാത്തതും. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തുമ്പോൾ തിരിച്ചറിയാതിരിക്കാന്‍ മുടിയും താടിയും വളര്‍ത്തി സന്യാസിയായിട്ടാണ് തനൂജ് ചാഹര്‍ താമസിച്ചിരുന്നത്. പൊലീസ് നടപടികളെക്കുറിച്ച് അറിയാമായിരുന്നതിനാൽ ഒളിവിൽ കഴിയുമ്പോൾ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പിടിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ സ്ഥലം മാറ്റി. ആരുമായും പരിചയം സ്ഥാപിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.
കുട്ടിയുടെ അമ്മയായ പൂനം ചൗധരിക്കും പൃഥ്വിക്കുമൊപ്പം ജീവിക്കാന്‍ അതിയായ ആഗ്രഹമായിരുന്നു തനൂജിന്. എന്നാല്‍ പൂനം ഇതിന് വഴങ്ങിയില്ല. യുവതിയെ ഇയാള്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഒടുവില്‍ 2023 ജൂൺ 14 ന് സംഗനേർ പ്രദേശത്ത് നിന്നും തനൂജും കൂട്ടാളികളും ചേർന്ന് 11 മാസം പ്രായമായ പൂനത്തിന്‍റെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഹെഡ് കോൺസ്റ്റബിൾ ആണ് ഇയാള്‍.
കഴിഞ്ഞ ഓഗസ്റ്റ് 27ന് തനൂജ് അലിഗഡിലേക്ക് പോയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി. കുട്ടിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകമായിരുന്നു. കസ്റ്റഡിയിലെടുത്ത ജനൂജില്‍ നിന്നും കുട്ടിയെ എടുക്കാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ യുവാവിനെ വിടാതെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു കുട്ടി. ഇതുകണ്ട് തനൂജും വികാരനിര്‍ഭരനായി. കുട്ടിയെ പ്രതിയിൽ നിന്ന് ബലമായി വേർപെടുത്തി അമ്മയ്ക്ക് കൈമാറിയെങ്കിലും കുട്ടി കരച്ചിൽ തുടർന്നു.