Tuesday 23 February 2021 12:33 PM IST : By സ്വന്തം ലേഖകൻ

പൊലീസ് തിരഞ്ഞ അതേസ്ഥലം, രേഷ്മ മരിച്ച നാലാം ദിനം തൂങ്ങിമരിച്ച നിലയിൽ പ്രതി: പള്ളിവാസൽ കൊലപാതകത്തിൽ ട്വിസ്റ്റ്

reshm

ഇടുക്കി പള്ളിവാസലില്‍ പ്ലസ്ടു വിദ്യാർഥിനിയുടെ കൊലപാതകത്തില്‍ പ്രതിയെന്നു സംശയിക്കുന്ന അരുണി(അനു–28)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പള്ളിവാസല്‍ പവർഹൗസിനു സമീപം നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചതിന് ഒരു കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട് സ്ഥലമുടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആളൊഴിഞ്ഞ വീടിനു മുന്നിലെ മരത്തിലാണു അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് പല തവണ തിരഞ്ഞ പ്രദേശമാണിത്. തിങ്കളാഴ്ച രാത്രിയാണു അരുണ്‍ ഇവിടെയെത്തി‍ ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് പറയുന്നു.

നേരത്തെ പ്രദേശത്തെ ഏഴ് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണം നടത്തിയെങ്കിലും കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രേഷ്മ തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനാൽ അവളെ കൊലപ്പെടുത്തും എന്ന അനുവിന്റെ കത്ത് രാജകുമാരിയിലെ വാടക മുറിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. കൃത്യത്തിനു ശേഷം താനും ആത്മഹത്യ ചെയ്യുമെന്നു കത്തിൽ അനു സൂചിപ്പിച്ചിട്ടുണ്ടായിരുന്നു.

വണ്ടിത്തറയിൽ രാജേഷ് - ജെസി ദമ്പതികളുടെ മകൾ രേഷ്മ (17) കുത്തേറ്റു മരിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന അനുവിനായി തിരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം കൊണ്ട് ഇടതു നെഞ്ചിൽ കുത്തേറ്റാണ് രേഷ്മ കൊല്ലപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്താൻ തിങ്കളാഴ്ച ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു കൃത്യം നടന്ന സ്ഥലത്തു പരിശോധന നടത്തി.

പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം കഴിഞ്ഞ ഇരുപതാം തീയതിയാണ് പതിനേഴ് കാരിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു. 

തന്നെ അവള്‍ വഞ്ചിച്ചുവെന്നും പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം താനും മരിക്കുമെന്നുമാണ് കത്തില്‍ പറയുന്നതെന്നാണ് വിവരം. അതുകൊണ്ട് തന്നെ പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും പൊലീസ് തള്ളിയിരുന്നില്ല. ഇടുക്കി ഡിവൈ എസ് പി കെ ഇ ഫ്രാന്‍സീസ് ഷെല്‍ബി, വെള്ളത്തുവല്‍ സിഐ ആര്‍ മുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.