Wednesday 08 July 2020 03:23 PM IST : By സ്വന്തം ലേഖകൻ

പേരക്കുട്ടികളെ ലാളിക്കാനും ഓമനിക്കാനും താൽപര്യം കൂടും; കഴിവതും കുട്ടികളുമായുള്ള സമ്പർക്കം ഒഴിവാക്കുക: റിവേഴ്സ് ക്വാറന്റീൻ, അറിയേണ്ടതെല്ലാം

reqq11

കോവിഡിനെ പ്രതിരോധിക്കാൻ ഇനി റിവേഴ്സ് ക്വാറന്റീൻ. ഇത് എന്താണെന്നും എങ്ങനെ പ്രാവർത്തികമാക്കാമെന്നും മനസ്സിലാക്കാം. ഡോ. ബി. പദ്മകുമാർ നൽകുന്ന നിർദേശങ്ങൾ...

മുംബൈയിലുള്ള 85 കാരനായ യൂറോളജിസ്റ്റിനെ ചുമയും കഠിനമായ ശ്വാസതടസവും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർ പരിശോധനയിലാണ്  കോവിഡ് ബാധിതനാണെന്ന്  തിരിച്ചറിഞ്ഞത്. പ്രമേഹവും ഹൃദ്രോഗവും  ഉണ്ടായിരുന്ന ആ വയോധികൻ  ന്യൂമോണിയ ഉണ്ടായതിനെ തുടർന്ന് മരണമടഞ്ഞു.  

ഡോക്ടറുടെ ചെറുമകൻ യുകെയിൽ നിന്നെത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങളുണ്ടായിട്ടും എയർപോർട്ട് അധികൃതർ അദ്ദേഹത്തെ ക്വാറന്റീ നിൽ ആക്കാെത വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ചെറുമകനിൽ നിന്നാണ് ഡോക്ടർക്ക് രോഗബാധയുണ്ടായത്.

വിദേശത്തും അന്യസംസ്ഥാനങ്ങളിലും നിന്നുമൊക്കെ കുടുംബാംഗങ്ങൾ വീട്ടിലേക്കെത്തുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന് ഒാർമിപ്പിക്കാനാണ് ഈ സംഭവം ആദ്യമേ പറഞ്ഞത്. പ്രായമായവരുടെയും കുട്ടികളുടേയും ആരോഗ്യത്തിൽ അധിക കരുതൽ പുലർത്തേണ്ട സമയമാണ് ഇനി നമുക്ക് മുന്നിലുള്ളത്.

നിലവിൽ മറ്റു രോഗങ്ങൾ അലട്ടുന്നവർക്ക് താരതമ്യേന പ്രതിരോധ ശേഷി കുറവായിരിക്കും. ഇവര്‍ക്കും കരുതലൊരുക്കണം.

ലോക്ഡൗൺ കഴിഞ്ഞുവെന്നു കരുതി ജാഗ്രതയിൽ കുറവ് വരരുത്. ജോലിക്കും മറ്റാവശ്യങ്ങൾക്കും പുറത്തു പോകുന്ന കുടുംബാംഗങ്ങൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് റിവേഴ്സ് ക്വാറന്റീൻ?

ശരീര പ്രതിരോധശേഷി കുറഞ്ഞവരെ കോവിഡ് ബാധയുടെ തീവ്രത കുറയുന്നതുവരെ വീടുകളിൽതന്നെ സംരക്ഷിക്കാനുള്ള മാർഗമാണ് റിവേഴ്സ് ക്വാറന്റീൻ. അതായത് വീട്ടിലുള്ള മറ്റ് അംഗങ്ങൾ പുറത്തു പോയി തിരിച്ചു വീട്ടിലെത്തിയാലും കുടുംബാംഗങ്ങളിലെ പ്രതിരോധശേഷി കുറഞ്ഞവരിലേക്ക് രോഗം എത്താതിരിക്കാനുള്ള മുൻകരുതൽ. ഈ പ്രവർത്തനം ഓരോ വീട്ടിലും നടപ്പാക്കേണ്ടതാണ്.

ക്വാറന്റീന്റെ കൃത്യമായ വിപരീതാവസ്ഥയാണ് റിവേഴ്സ് ക്വാറന്റീൻ.

കോവിഡ് 19 വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തു നിന്നും നാട്ടിലെത്തിയ ആളെ മറ്റുള്ള കുടുംബാംഗങ്ങളിലേക്ക് രോഗം പകരാതിരിക്കാനായി പ്രത്യേകമായി ഒരു മുറിയിൽത്തന്നെ താമസിപ്പിക്കുന്നതാണ് ക്വാറന്റീൻ.  

മറിച്ച്, വീട്ടിലെ മുത്തശ്ശിയെയോ മറ്റു രോഗങ്ങളുള്ള കുടുംബാംഗത്തെയോ രോഗം പിടിപെടാതിരിക്കാനായി പ്രത്യേകമായി ഒരു മുറിയിൽത്തന്നെ പാർപ്പിച്ച് സംരക്ഷിക്കുന്നതാണ് റിവേഴ്സ് ക്വാറന്റീൻ അഥവാ വിപരീത സമ്പർക്ക വിലക്ക്.

രോഗ പകർച്ച തടയുക എന്നത് തന്നെയാണ് രണ്ടിന്റെയും ലക്ഷ്യം. വീടുകളിൽ ഉള്ള സ്ഥലം തന്നെ ക്രമീകരിച്ചും  കുടുംബാംഗങ്ങളും  പരിചരിക്കുന്നവരും  പ്രത്യേകം കരുതലെടുത്തും ഇത് നടപ്പാക്കാം.

റിവേഴ്സ് ക്വാറന്റീൻ ആർക്കൊക്കെ?

കോവിഡ് ഓരോ പ്രായക്കാരിലും ഓരോ തരത്തിലാണ് പ്രകടമാകുന്നത്. 80 ശതമാനം രോഗികളിലും ഒരു ജലദോഷപ്പനിപോലെ വന്നുപോകുന്ന പകർച്ചവ്യാധിയാണ് കോവിഡ് 19.  

12 വയസിനു താഴെ പ്രായമുള്ള കുട്ടികളും 60 വയസ്സിനുമേൽ പ്രായമുള്ള വയോജനങ്ങളിലും പ്രമേഹം, ഹൃദ്രോഗം,  ദീർഘകാല കരൾ – ശ്വാസകോശം–വൃക്കരോഗങ്ങളുള്ളവരിലും കോവിഡ് 19 സങ്കീർണമാകാറുണ്ട്.

ന്യൂമോണിയ പോലെയുള്ള സങ്കീർണതകൾ ഉണ്ടാകുന്നത് ഈ 20 ശതമാനം പേരിലാണ്. കോവിഡ് മൂലമുള്ള ശരാശരി മരണനിരക്ക്  മൂന്നു ശതമാനത്തിൽ താഴെയാണെന്നിരിക്കെ 80 കഴിഞ്ഞവരിൽ 50 ശതമാനത്തിലേറെയാണ്.   

മരുന്നും വാക്സിനുമൊന്നും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ വയോജനങ്ങളെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളരെയും കോവിഡിൽ നിന്നും സംരക്ഷിക്കാനുള്ള  ഫലപ്രദമായ  പ്രായോഗിക മാർഗമാണ് റിവേഴ്സ് ക്വാറന്റീൻ.

reqq34

മുറി തയാറാക്കുന്നതെങ്ങനെ?

റിവേഴ്സ് ക്വാറന്റീനിൽ കഴിയുന്ന വ്യക്തിയുടെ മുറിയുടെ  ടോയ്‍ലറ്റ് ഇടയ്ക്കിടയ്ക്ക് 1% ഹൈപ്പോക്ലോറൈറ്റ് ലായനി (ഒരു ലീറ്റർ വെള്ളത്തിൽ മൂന്നു ചെറിയ സ്പൂൺ ബ്ലീച്ചിങ് പൗഡർ ലയിപ്പിച്ചാൽ 1% ഹൈപ്പോക്ലോറൈറ്റ് ലായനി ലഭിക്കും) ഉപയോഗിച്ച് ശുദ്ധീകരിക്കണം.  മേശ, കസേര, തുടങ്ങിയവയുടെ പ്രതലങ്ങളും തുടച്ച് വൃത്തിയാക്കണം.

റിവേഴ്സ് ക്വാറന്റീനിൽ ഇരിക്കുമ്പോഴും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാനും ആവശ്യമെങ്കിൽ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം.

ഒരു മുറിയിൽ തന്നെ കുറച്ച് ദിവസം കഴിയുമ്പോൾ മടുപ്പ് തോന്നുന്നത് സ്വാഭാവികം. വീട്ടിലുള്ളതിൽ നല്ല പ്രകാശവും വായു സഞ്ചാരവും ഉള്ള മുറി തന്നെ തിരഞ്ഞെടുക്കണം. പ്രത്യേക ടോയ്‌ലറ്റ് സൗകര്യവും ഉണ്ടായിരിക്കണം. ആവശ്യങ്ങൾക്കനുസരിച്ചുള്ള ഫർണിച്ചർ മാത്രം മതി ആ മുറിയിൽ.

പാട്ട് കേൾക്കാനും പുസ്തകം വായിക്കാനും ഒക്കെയുള്ള സൗകര്യങ്ങൾ വേണം. കാരണം ആ മുറിയാണ് അവരുടെ ലോകം. പുസ്തകങ്ങൾ വായിച്ചും  ചിത്രരചന, തയ്യൽ തുടങ്ങിയ ഹോബികളിലേർപ്പെട്ടും മാനസികമായ ഉന്മേഷവും സന്തോഷവും നിലനിർത്തണം. ചെറിയ പോട്ടുകളിൽ ഇൻഡോർ ചെടികൾ നട്ട് ഈ മുറിയിൽ വയ്ക്കാം. മനസ്സിന് ഉണർവു കിട്ടുന്നതിനൊപ്പം ചെടികൾ പരിപാലിച്ച് സമയം ചെലവഴിക്കാനും മാർഗമായല്ലോ...

ഭക്ഷണവും കഴിക്കുന്ന മരുന്നുകളുമൊക്കെ മുറിയിൽത്തന്നെ കൊണ്ടുകൊടുക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുമായി ഒരുമിച്ചിരുന്ന്  ഭക്ഷണം  കഴിക്കുമ്പോൾ  സാമൂഹിക അകലം പാലിക്കാൻ സാധിച്ചെന്നു വരില്ല. ഒറ്റയ്ക്കായി എന്ന തോന്നൽ റിവേഴ്സ് ക്വാറന്റീനിൽ കഴിയുന്നവർക്ക് ഉണ്ടാകാതിരിക്കാൻ മറ്റ് കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

മുറിയിൽത്തന്നെ ഇരുന്ന് രാവിലത്തെ ഇളംവെയിൽ 15 മിനിറ്റ് കൊള്ളണം. സൂര്യപ്രകാശത്തിൽ നിന്ന് ചർ‍മം ഉൽപാദിപ്പിക്കുന്ന ജീവകം ഡി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കും. ദിവസവും 30 മിനിറ്റ് നടക്കുകയും വേണം. മുറിക്കുള്ളി‌ൽ തന്നെ ചെയ്യാവുന്ന ലഘു വ്യായാമങ്ങളും ശീലിക്കാം.

ഭക്ഷണം സമീകൃതവും പോഷകസമൃദ്ധവുമായിരിക്കണം.  പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ധാരാളമായി ഉൾപ്പെടുത്തണം. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ജീവകങ്ങളും രോഗസങ്കീർണതകൾ ഒഴിവാക്കും.  

റിവേഴ്സ് ക്വാറന്റീനിൽ ഇരിക്കുന്നവരെ പരിചരിക്കുന്നവ   ർ പരിചരണത്തിനു മുൻപും ശേഷവും സോപ്പും വെള്ളവും ഉ പയോഗിച്ചോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കണം. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ പരിചരണത്തിന് മുതിരരുത്.

പുറത്തു പോയി വരുമ്പോൾ

പൊതുസ്ഥലങ്ങളിലും പൊതുവാഹനത്തിലും മറ്റും യാത്ര ചെയ്ത് മടങ്ങി വരുന്നവർ നേരെ വയോജനങ്ങളുടെയടുത്തും മറ്റു രോഗമുള്ളവരുടെ അടുത്തും പോകരുത്. വസ്ത്രങ്ങൾ മാറി, നന്നായി കുളിച്ച് പുതിയ വസ്ത്രങ്ങൾ ധരിച്ചുവേണം റിവേഴ്സ് ക്വാറന്റീനിൽ ഉള്ളവരുടെ അടുത്തു പോകുന്നത്.

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്ന ആരോഗ്യപ്രവർത്തകർ 14 ദിവസം ക്വാറന്റീനിൽ ഇരുന്നശേഷം വയോജനങ്ങളുടെയടുത്തു ചെല്ലുന്നതായിരിക്കും നല്ലത്.  

പേരക്കുട്ടികളെ ലാളിക്കാനും ഓമനിക്കാനും മുതിർന്നവർക്ക് താൽപര്യം കൂടുതലായിരിക്കും. എന്നാൽ കുട്ടികളിൽ രോഗലക്ഷണങ്ങളില്ലാതെയും വൈറസ് ബാധ ഉണ്ടാകാമെന്നതുകൊണ്ട് കുട്ടികളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതാണ് ന ല്ലത്.  

റിവേഴ്സ് ക്വാറന്റീനിൽ വീട്ടിൽ ഒരാളെ പാർപ്പിക്കണമെങ്കിൽ അതിനായി തയാറെടുപ്പുകൾ എടുക്കേണ്ടതുണ്ട്. വയോജനങ്ങളെയും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരെയും ആണല്ലോ പ്രത്യേകമായി സംരക്ഷിക്കേണ്ടത്. എന്നാൽ പലപ്പോഴും  കൂടുതൽ അംഗങ്ങളുള്ള  വീടുകളിലും ആളുകൾ തിങ്ങിപ്പാർക്കുന്നയിടങ്ങളിലും ഇതിനുള്ള സൗകര്യങ്ങളുണ്ടായെന്നു വരില്ല. എങ്കിലും വീട്ടിലെ മറ്റുള്ള എല്ലാവരും കാര്യങ്ങൾ മനസ്സിലാക്കുകയും സ്വന്തം സൗകര്യങ്ങൾ കുറച്ച് ദിവസത്തേക്ക് മാറ്റി വയ്ക്കാൻ തയാറാകുകയും വേണം. 

reqq22

കോവിഡും ക്വാറന്റീനും

കോവിഡ് വ്യാപനത്തെ തുടർന്ന് നാം സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ് ക്വാറന്റീനും റിവേഴ്സ് ക്വാറന്റീനും.  ഫലപ്രദമായ ആന്റി വൈറൽ മരുന്നോ വാക്സിനോ കണ്ടെത്താൻ  കഴിയാത്ത കോവിഡ് 19 നെ നിയന്ത്രിക്കാനുള്ള സുപ്രധാന പ്രതിരോധ മാർഗങ്ങളാണ് ഇവ രണ്ടും.

രോഗം വന്ന വ്യക്തിയെ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനായി മാറ്റിപ്പാർപ്പിക്കുന്ന പ്രക്രിയയാണ് ക്വാറന്റീൻ അഥവാ സമ്പർക്കവിലക്ക്.   

രോഗിയെ മാത്രമല്ല, രോഗിയുമായി ബന്ധപ്പെട്ടവരെയും രോഗം സംശയിക്കുന്നവരെയുമൊക്കെ ഇങ്ങനെ ക്വാറന്റീനിൽ നിർത്താറുണ്ട്. വീട്ടിൽത്തനെ ഒരു മുറിയിൽ പ്രത്യേകമായി കഴിയുന്നതിനെ ഹോം ക്വാറന്റീൻ എന്നാണ് വിളിക്കാറുള്ളത്.  

മറ്റു ചില സാഹചര്യങ്ങളിൽ രോഗികളെ  ആ ശുപത്രിയിലും ക്വാറന്റീനിൽ പാർപ്പിക്കാറുണ്ട്. അപൂർവമായി കപ്പലുകൾ, വിമാനം, ട്രെയിൻ, മോട്ടോർ വാഹനങ്ങൾ തുടങ്ങിയവയിലും യാത്രക്കാരായ രോഗികളെ ക്വാറന്റീനിൽ നിർത്താറുണ്ട്. സാധാരണയായി രോഗത്തിന്റെ  ഇൻക്യുബേഷൻ പീരീഡിന്റെ ഏറ്റവും ദൈർഘ്യമേറിയ കാലയളവിലേക്കാണ്  ക്വാറന്റീൻ നിർദേശിക്കാറുള്ളത്.  

കോവിഡ് 19ന് ശരാശരി 14 ദിവസവും കൂടുതൽ സങ്കീർണമായ കേസുകളിൽ 28 ദിവസവും വരെയാണ് ക്വാറന്റീൻ കാലയളവ്.

കേരളത്തിന്റെ വെല്ലുവിളി

റിവേഴ്സ് ക്വാറന്റീൻ ഫലപ്രദമാണെങ്കിലും പൂർണമായ അർഥത്തിൽ നടപ്പാക്കുക കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത് ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ രോഗവ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.ജനസംഖ്യയിൽ 40 ലക്ഷമാണ് കേരളത്തിൽ വയോജനങ്ങൾ. വിദേശത്തു നിന്നും രോഗബാധിത പ്രദേശങ്ങളിൽ നിന്നും ലക്ഷക്കണക്കിനു പേരാണ് വീടുകളിലേക്ക് എത്തുന്നത്.

ലഘു ലക്ഷണങ്ങളുള്ള കോവിഡ് ബാധിതനെ വീട്ടിൽ തന്നെ പാർപ്പിച്ച് ചികിത്സിക്കാനുള്ള കേന്ദ്രസർക്കാൻ നിർദ്ദേശവും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ, പ്രതിരോധശേഷി കുറഞ്ഞവരിലേക്ക് രോഗമെത്തുന്ന വഴിയടക്കാൻ ഇപ്പോൾ നമുക്ക് മുന്നിൽ മാർഗമൊന്നേയുള്ളൂ, റിവേഴ്സ് ക്വാറന്റീൻ.

reqq5566

ക്വാറന്റീൻ പലതരം

ക്വാറന്റീൻ, റിവേഴ്സ് ക്വാറന്റീൻ എന്നീ വാക്കുകൾ എ ല്ലാവർക്കും പരിചിതമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട ചില പ്രയോഗങ്ങൾ പലർക്കും അറിയില്ല. ഇതിൽ പ്രധാനപ്പെട്ടവ പരിചയപ്പെടുത്താം.

. അബ്സല്യൂ‍ട്ട് ക്വാറന്റീൻ

യാതൊരു തരത്തിലുള്ള യാത്രാസ്വാതന്ത്ര്യവും അനുവദിക്കാതെ പൂർണമായും മാറ്റി പാർപ്പിക്കുന്നതാണ് അ ബ്സല്യൂട്ട് ക്വാറന്റീൻ.

. മോഡിഫൈഡ് ക്വാറന്റീൻ

ചില പ്രത്യേക സാഹചര്യത്തിനു മാത്രമായി വിലക്കേൽപ്പിക്കുന്നു.  കുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാതെയിരിക്കുന്നത് ഉദാഹരണം.

. ഐസൊലേഷൻ

രോഗം സ്ഥിരീകരിച്ച വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനായി കർശന നിയന്ത്രണത്തോടെ മാറ്റിപാർപ്പിക്കുന്ന അവസ്ഥ.

പകർച്ച സാധ്യത ആർക്കൊക്കെ? 

പ്രായമായവരെ മാത്രമാണ് കോവിഡ് പെട്ടെന്ന് കീഴ്പെടുത്തുന്നത് എന്ന ധാരണ ശരിയല്ല. പ്രതിരോധ ശേഷി കുറഞ്ഞവർ, കുട്ടികൾ എന്നിവരുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം.

കോവിഡ് പെട്ടെന്നു പിടികൂടുന്നതും ന്യൂമോണിയ, സെപ്സിസ്, ഷോക്ക് പോലെയുള്ള ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകുന്നതും പ്രായമേറിയവരിലും മറ്റ് ദീർഘകാല രോഗങ്ങളെ തുടർന്ന് ശരീരത്തിന്റെ  പ്രതിരോധ ശേഷി കുറഞ്ഞവരിലുമാണ്.  

നമ്മുടെ വീട്ടിലുള്ള മുതിർന്ന കുടുംബാംഗങ്ങളെയും മറ്റു രോഗബാധിതരെയും കീമോ തെറപ്പി, ഡയാലിസിസ് പോലെയുള്ള ചികിത്സകൾ ചെയ്യുന്നവരെയും കോവിഡ് ബാധയിൽ നിന്നു സംരക്ഷിക്കേണ്ടതുണ്ട്. തുടർച്ചയായി കൈ കഴുകുകയും ശ്വസന ശുചിത്വം പാലിക്കുകയും ചെയ്യുന്നതിനൊപ്പം അവരെ വീട്ടിൽത്തന്നെ പ്രത്യേകമായി  മാറ്റി പാർപ്പിക്കേണ്ടതുണ്ട്.  

അടിസ്ഥാന ആരോഗ്യപ്രശ്നങ്ങളായ പ്രമേഹം, ഹൈപ്പർടെൻഷൻ, ദീർഘകാലരോഗങ്ങൾ എന്നിവ നിയന്ത്രി ക്കണം. മരുന്നുകളും പരിശോധനയും മുടങ്ങരുത്.                       

Tags:
  • Spotlight