Wednesday 16 September 2020 04:46 PM IST : By സ്വന്തം ലേഖകൻ

‘കേട്ടാലറയ്ക്കുന്ന അശ്ലീലം പറഞ്ഞിട്ടും കേസെടുത്തില്ല, കമന്റ് ചെയ്ത വ്യക്തി ഇന്നും അത് തുടരുന്നു’; സുജിത്തും ശ്വേതയും നേരിട്ടത്

sujith

സോഷ്യൽ മീഡിയ ആക്രമങ്ങൾക്കും വിചാരണയ്ക്കും ഇരയാകുന്നവർക്ക് ലഭിക്കുന്ന നിയമ പരിരക്ഷ എത്രത്തോളം ശക്തമാണ് എന്നത് അന്നും ഇന്നും ചോദ്യ ചിഹ്നമാണ്. സെലിബ്രിറ്റികൾ മുതൽ സാധാരണ പൗരൻമാർ വരെ നേരിടുന്ന കേട്ടാലറയ്ക്കുന്ന തെറികളും സൈബർ ബുള്ളിയിങ്ങുകളുമാണ് ഈ ചോദ്യത്തെ പ്രസക്തമാക്കുന്നത്. എത്രയൊക്കെ നിയമ നടപടികൾ കൈക്കൊണ്ടാലും ആരെയും എന്തും പറയാമെന്ന ഭാവമാണ് പലർക്കും. നടി അനശ്വര രാജനെ സദാചാരം പഠിപ്പിക്കാൻ എത്തിയ സൈബർ ആങ്ങളമാരാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. അനശ്വരയ്ക്ക് പിന്തുണയേകി സിനിമാ ലോകവും സോഷ്യല്‍ മീഡിയയും അണിനിരക്കുമ്പോൾ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് റിജാസ് മുഹമ്മദ്. നമ്മുടെ രാജ്യത്തെ നിയമങ്ങൾ ശക്തവും കർശനവുമാണ് എന്നൊക്കെ തോന്നുമെങ്കിലും ഊരിപോകാൻ സാധിക്കുന്ന വാതിലുകളാണ് അതിൽ അധികവും ഉള്ളതെന്ന് വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി റിജാസ് കുറിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് റിജാസ് കുറിപ്പ് പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഒരു മാസത്തിനു മുൻപാണ് ഫ്‌ളവേഴ്സ് ചാനലിൽ ശ്രീകണ്ഠൻ നായരുടെ ഒരു ടോക്ക് ഷോ കാണുന്നത്. ഒരു ചെറുപ്പക്കാരൻ വളരെ വേദനയോടെ പറയുന്നു അദ്ദേഹം ഒരു ബൈക്ക് ഓടിച്ചു പോകുമ്പോ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചു വന്ന ഒരു കാർ അയാളെ ഇടിച്ചു തെറിപ്പിക്കുന്നു ലക്ഷക്കണക്കിന് രൂപയാണ് ജീവിതത്തിലേക്ക് തിരിച്ചുവരാൻ അയാൾക്ക് ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്നത്. ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് ഒരുപോലീസുകാരൻ ഇദ്ദേഹത്തെ സമീപിക്കുകയും കേസ് ഒത്തു തീർപ്പാക്കാൻ തയാറാണോ എന്ന് ചോദിക്കുകയും ചെയ്യുന്നു. കാർ ഓടിച്ച വ്യക്തി 2500 രൂപ നൽകാൻ തയാറാണത്രേ. ചർച്ചയിൽ പങ്കെടുക്കുന്ന മുൻ റിട്ടയർഡ് ഹൈക്കോടതി ജഡ്ജിയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും ഇത് കേൾക്കുമ്പോ പറയുന്നൊരു കാര്യമുണ്ട് 'നമ്മുടെ നിയമമനുസരിച്ചു അലക്ഷ്യമായി വാഹനമോടിച്ചു ഒരാളെ അപകടപ്പെടുത്തിയാൽ കിട്ടാവുന്ന പരമാവധി പിഴയാണ് ഈ 2500 രൂപ'. ഇനി അപകടത്തിൽ ആൾ മരിച്ചു പോയാൽ അത് പോലും ചിലപ്പോൾ പ്രതീക്ഷിക്കണ്ടത്രേ.

കേരളത്തിലെ പ്രശസ്തനായൊരു ട്രാവൽ വ്ലോഗറാണ് സുജിത്ത് ഭക്തൻ. അദ്ദേഹത്തിന്റെ ഭാര്യ ശ്വേതയെ വളരെ മോശമായ രീതിയിൽ പബ്ലിക്ക് പ്ലാറ്റ്ഫോമിൽ ഒരാൾ സ്ഥിരമായി തെറിയും അശ്ലീലവും വിളിച്ച് അപമാനിക്കാൻ ശ്രമിച്ചത് ഭയങ്കര വാർത്തയും സോഷ്യൽ മീഡിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. അതിനെതിരെ സുജിത്തും ഭാര്യയും സൈബർ സെല്ലിനു പരാതി നൽകുകയും ചെയ്തു എന്നാൽ രണ്ട് ദിവസങ്ങൾക്കു ശേഷം അവർക്ക് കിട്ടിയ മറുപടി അത്ഭുതപ്പെടുത്തി ഇത്തരം കമന്റുകൾക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്നും ഈ വിധത്തിലുള്ള അശ്ലീല കമന്റുകൾ പോലും ഭരണഘടനയുടെ ഫ്രീഡം ഓഫ് എക്സ്പ്രഷന്റെ ഭാഗമാണ് എന്നുമാണ്.' "അതേ, ഏത് സ്ത്രീയേയും തെറിപറയാനുള്ള ഇന്ത്യൻ പൗരന്റെ അവകാശം " അവസാനം ഇനി ഇതിന്റെ പുറകേ പോയിട്ട് കാര്യമില്ലെന്നും കണ്ടില്ല എന്ന് നടക്കലാണ് നല്ലത് എന്നും അവർ തീരുമാനിക്കുന്നു അന്ന് കമന്റ് ചെയ്ത വ്യക്തി ഇന്നും അത് തുടർന്ന് കൊണ്ടേയിരിക്കുന്നു.

നമ്മുടെ രാജ്യത്തെ നിയമങ്ങൾ ശക്തവും കർശനവുമാണ് എന്നൊക്കെ തോന്നുമെങ്കിലും ഊരിപോകാൻ സാധിക്കുന്ന വാതിലുകളാണ് അതിൽ അധികവും അതുകൊണ്ട് തന്നെയാണ് ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരിൽ ചലച്ചിത്ര താരങ്ങളായ അനശ്വര രാജനും, റിമ കല്ലിങ്കലും ഇന്ത്യക്ക് വേണ്ടി പവർ ലിഫ്റ്റിങ്ങിൽ സ്വർണ്ണം വാങ്ങിയ മജ്സിയ ഭാനുവും സ്ഥിരമായി തെറിയും അശ്ലീലവും കേൾക്കേണ്ടി വരുന്നതും കൊല്ലത്തൊരു റംസിയും ഉത്തരയും ഉണ്ടാകുന്നതും ;

നല്ല കാലത്തിനു വേണ്ടി കാത്തിരിക്കാം...