Monday 13 August 2018 04:03 PM IST : By സ്വന്തം ലേഖകൻ

കൈ അറ്റുപോയാലും തളരില്ല ഈ മനസ്സ് ! പട്ടിണി മാറ്റാൻ ഒറ്റ കൈ കൊണ്ട് റിക്ഷ ചവിട്ടുന്ന ഹുസൈന് നൽകാം ഒരു സല്യൂട്ട്

rikshaw

ജീവിതത്തിന്റെ പ്രാരാബ്ദങ്ങളാണ് ഹുസൈന് തന്റെ റിക്ഷയുടെ ചക്രങ്ങളായി ഉരുളുന്നത്. പക്ഷെ ഒറ്റ വ്യത്യാസം മാത്രം. റിക്ഷയുടെ വീൽ എങ്ങനെ കറങ്ങി തിരിഞ്ഞ് വന്നാലും ദുംഖം മാത്രമാണ് ജീവിതം ഹുസൈന് സമ്മാനിച്ചത്. ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും നിറഞ്ഞപ്പോൾ തൊഴില്‍ തേടി, ധാക്കയില്‍ നിന്നും ഷെര്‍പൂരില്‍ എത്തി പന്ത്രണ്ടാം ദിവസമാണ് ഹുസൈനു തന്റെ ഇടത്തെ കൈ നഷ്ടമാകുന്നത്. എങ്കിലും തന്റെ പ്രാണനോളം വിലമതിക്കുന്ന ഭാര്യയ്ക്കും മക്കൾക്കും വേണ്ടി ഹുസൈൻ റിക്ഷ ഓടിക്കുന്നു. 36 വയസ്സാണ് ബംഗ്ലാദേശ് സ്വദേശിയായ ഹുസൈന്റെ പ്രായം.

ഷെര്‍പൂര്‍കാരുടെ നിത്യകാഴ്ചയാണ് ഇടത്തെ കൈ ഇല്ലാതെ, ഒറ്റ കൈ കൊണ്ട് ബാലന്‍സ് ചെയ്തത് സൈക്കിള്‍ റിക്ഷ ചവിട്ടി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ഹുസൈന്‍. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ ഏക ആശ്രയം കൂടിയാണ് ഹുസൈന്‍. പട്ടിണി മാറ്റാനും മകളുടെ പഠനത്തിനും വേണ്ടി രാവും പകലും റിക്ഷ ചവിട്ടിയിരുന്ന ഹുസൈനെ തേടി ആ ദുരന്തം എത്തിയത് വിധിയുടെ രൂപത്തിൽ. ഒരിക്കൽ രാത്രി രണ്ടു മണിവരെ റിക്ഷ ഓടിച്ചശേഷം, വഴിവക്കില്‍ നിര്‍ത്തിയിട്ട റിക്ഷയില്‍ തളര്‍ന്നു കിടന്നു മയങ്ങുകയായിരുന്നു അദ്ദേഹം. പെട്ടന്നാണ് നിയന്ത്രം വിട്ട ഒരു പച്ചക്കറി വാന്‍ റിക്ഷയിലേക്ക് ഇടിച്ചു കയറിത്. പിന്നീട്, ഹുസൈനു ബോധം തെളിയുന്നത് 25 ദിവസങ്ങള്‍ കഴിഞ്ഞിട്ടാണ്. അപകടം നടന്നു രക്തത്തില്‍ കുളിച്ചു കിടന്ന അയാളെ സമീപത്തെ മാര്‍ക്കറ്റിലുള്ള തൊഴിലാളികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കായി പണം നല്‍കിയതും അവര്‍ തന്നെ. ബോധം തെളിഞ്ഞപ്പോഴാണ് തന്റെ ഇടതു കൈ നഷ്ട്ടപ്പെട്ട കാര്യം ഹുസൈന്‍ അറിയുന്നത്.

കൈ ഇല്ലാതെ എങ്ങനെ തന്റെ ജോലി ചെയ്യുമെന്ന് ഹുസൈന് യാതൊരു രൂപവുമുണ്ടായിരുന്നില്ല. എന്നാൽ ഭാര്യയും മക്കളും പട്ടിണികിടക്കുന്നതോ അവരുടെ പഠനം മുടങ്ങുന്നതോ ഒന്നും ചിന്തിക്കാന്‍ പോലും തനിക്ക് കഴിയുമായിരുന്നില്ല. ചികിത്സയ്ക്കായി തങ്ങളുടെ മൂന്നു വര്‍ഷത്തെ മുഴുവൻ സമ്പാദ്യവും ഭാര്യയുടെ സ്വര്‍ണവും ആകെ ഉണ്ടായിരുന്ന രണ്ടു പശുക്കളെയും എല്ലാം വിറ്റിരുന്നു. ഏതു വിധേനയും ജീവിക്കാന്‍ പണം കണ്ടെത്താതെ വേറെ മാര്‍ഗം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഒറ്റക്കൈകൊണ്ട് സൈക്കിള്‍ റിക്ഷ ബാലന്‍സ് ചെയ്ത് ഓടിക്കാന്‍ പഠിച്ചത്.

ദിവസം 6 മണിക്കൂര്‍ മാത്രമേ അങ്ങനെ തൊഴില്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. കൂടുതല്‍ ആയാസപ്പെട്ടാല്‍ ശരീരം തളരും, പേശികള്‍ വേദനിക്കും. എന്നാലും, തൊഴില്‍ തുടരുന്നു. വാടകയാണ് ഓടിക്കുന്ന റിക്ഷാ പോലും എങ്കിലും അധ്വാനിച്ച് കുടുംബം പോറ്റുന്നതിന്റെ അഭിമാനമാണ് ഹുസൈന്.