Wednesday 07 August 2019 03:07 PM IST

‘ഒറ്റയ്ക്ക് പോയി വന്നാൽ എന്തുതരും?’ ഞാൻ ചോദിച്ചു; പന്തയത്തിൽ ഉണർന്ന ആ യാത്രയെക്കുറിച്ച് റിയ വർഗീസ്!

Roopa Thayabji

Sub Editor

riya-varghese1 ഫോട്ടോ: ബേസിൽ പൗലോ

‘അപ്പയുടെ കോളജ് കാലത്തെ ഒരു കഥ എപ്പോഴും വീട്ടിൽ പറയുന്നത് കേൾക്കാം. അപ്പയും കൂട്ടുകാരും കൂടി കൈയിൽ യാതൊരു കരുതലുമില്ലാതെ നേപ്പാളിലേക്ക് യാത്ര പോയത്രേ. മൂന്നുമാസം അവിടെയൊക്കെ കറങ്ങിനടന്ന ശേഷമാണ് അവർ തിരികെ വന്നത്. ഈ കഥ കേട്ട് കുട്ടിക്കാലത്ത് ഞാൻ എക്സൈറ്റഡ് ആകുമായിരുന്നു. വിനു എന്നു വിളിപ്പേരുള്ള അപ്പയുടെ ശരിക്കുള്ള പേര് പി.ജെ. വർഗീസ് എന്നാണ്, ബിസിനസുകാരനായിരുന്നു അപ്പ. അമ്മ റോണയ്ക്കും സ്വന്തമായി ബിസിനസ് ഉണ്ടായിരുന്നു. അവരുടെ യാത്രളാകാം എന്നെ സ്വാധീനിച്ചത്.

എറണാകുളത്ത് ഭവൻസിലും ചിന്മയയിലുമൊക്കെയായിരുന്നു എന്റെ സ്കൂൾ കാലം. പിന്നീട് മദ്രാസ് സ്റ്റെല്ലാ മേരീസിൽ ബികോം, അതിനു ശേഷം ബെംഗളൂരുവിൽ നിന്ന് സിഎഫ്എ. പഠിത്തം കഴിഞ്ഞതോടെ ഷിപ്പിങ് കമ്പനിയിൽ മറൈൻ സൂപ്രണ്ടന്റായ ജോസഫുമായി വിവാഹവും കഴിഞ്ഞു. ട്രെയിനിങ്ങിനു വേണ്ടി ജോസഫ് യുകെയിൽ പോയപ്പോൾ ഞാനും കൂടെ പോയി. ആയിടെ യുകെയിൽ നിന്ന് ഞങ്ങൾ രണ്ടുമൂന്നു പേർ ചേർന്ന് സ്കോട്‌ലൻഡിലേക്ക് റോഡ് ട്രിപ് പോയി. ലേക്ക് ഡിസ്ട്രിക്ടിലെ അഡ്വഞ്ചർ ഗെയിമുകളിൽ റിവേഴ്സ് ബഞ്ചീ എന്നൊരു ഐറ്റമുണ്ട്. സ്പ്രിങ് പോലെയൊരു ബെൽറ്റ് റിലീസ് ചെയ്യുമ്പോൾ അതിന്റെ ശക്തിയിൽ നമ്മൾ മുകളിലേക്കും താഴേക്കും കുതിക്കും. സ്പ്രിങ്ങിന്റെ ശക്തി കുറഞ്ഞു ചലനം തീരുമ്പോഴേ അതു ഓഫ് ആകൂ. കയറിയ പാടേ ഞാൻ നിലവിളിക്കാൻ തുടങ്ങി. അതിനു ശേഷം അത്തരം ഗെയിമുകളൊന്നും പരീക്ഷിച്ചിട്ടില്ല.

അന്നും ഇന്നും യാത്ര ചെയ്യുമ്പോൾ ഉയരങ്ങളിലേക്ക് പോകുന്നത് പേടിയാണ്, റോളർ കോസ്റ്ററും ബഞ്ചീ ജംപുമൊക്കെ വലിയ പേടി. ട്രെക്കിങ്ങിനു പോകുമ്പോഴും കാലു നിലത്തു കുത്തിയാണല്ലോ നിൽക്കുന്നത് എന്നതാണ് ധൈര്യം. പക്ഷേ, ജോസഫ് നേരേ തിരിച്ചാണ്, ഇതുപോലെയുള്ള അ‍ഡ്വഞ്ചർ ഗെയിമിലൊന്നും യാതൊരു പേടിയുമില്ല.

പിന്നീട് ജോസഫിനു ഓയിൽ ടാങ്കറുകളുടെ ചുമതല കിട്ടി. ആ യാത്രകളിലും ഞാൻ ജോസഫിനൊപ്പം കൂടും. വലിയ ഓയിൽ ടാങ്കറുകൾ തീരത്തേക്ക് അടുപ്പിക്കാനാകില്ല. പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിൽ നിന്ന് ബോട്ടിൽ കരയിലേക്ക് പോകാം. അങ്ങനെ പോയി പകൽ മുഴുവൻ ഒറ്റയ്ക്ക് ചുറ്റിയടിച്ച ശേഷം വൈകിട്ട് കപ്പലിലേക്ക് തിരികെ വരുന്നതായിരുന്നു എന്റെ പ്രധാന ഹോബി. സിംഗപ്പൂർ പോലെയുള്ള വലിയ നഗരങ്ങൾക്കു പുറമേ പോർച്ചുഗലിലും മഡഗാസ്കറിലും ബ്രസീലിലെ സാന്റ്സെബാസ്റ്റ്യനോയിലും മൊസാംബിക്കിലുമൊക്കെ ഇങ്ങനെ കറങ്ങിയിട്ടുണ്ട്. ഒറ്റയ്ക്കുള്ള യാത്രകളുടെ ഏക അനുഭവവും ഇതാണ്. നിഹാൽ ജനിച്ചതോടെ അങ്ങനെയുള്ള കറക്കമൊക്കെ പതിയെ നിന്നു.

ഗോവയിലെ വഴിത്തിരിവ്

അങ്ങനെയിരിക്കേ ഭർത്താവിന്റെ അമ്മയുടെ (രേണു) അറുപതാം പിറന്നാൾ ആഘോഷിക്കാൻ കുടുംബസമേതം ഞങ്ങൾ ഗോവയിൽ പോയി. ആ രാത്രി ഞാനും ഭർത്താവും ഭർത്താവിന്റെ അനിയൻ ജോർജും കൂടി പുറത്തുപോയി. റസ്റ്റോറന്റിൽ വച്ച് എന്റെ സ്കൂൾകാല സുഹൃത്തായ തൃപ്തിയെ കണ്ടു. അന്നത്തെ തമാശകളൊക്കെ പറയുന്നതിനിടെ സംസാരം യാത്രകളെ കുറിച്ചായി. വാരണാസിയിലേക്കും ഗോൾഡൻ ടെമ്പിളിലേക്കുമൊക്കെ ഒറ്റയ്ക്ക് യാത്ര പോകണമെന്നത് വലിയ ആഗ്രഹമാണെന്നു തൃപ്തിയോടു പറയുന്നത് ജോസഫും ജോർജും കേട്ടു.

തിരികെ പോരുമ്പോൾ അവരെന്നെ കളിയാക്കി, വലിയ പ്ലാനൊക്കെ ഉണ്ടാക്കും. പക്ഷേ, സമയമാകുമ്പോൾ എല്ലാം വിടും എന്നൊക്കെ. അതുകേട്ടപ്പോൾ വാശിയായി. ‘പറഞ്ഞതുപോലെ ഒറ്റയ്ക്ക് യാത്ര പോയി വന്നാൽ എന്തുതരു’മെന്ന് ചോദിച്ചു. ‘പോയിട്ടുവന്നാൽ ബെറ്റ് തുകയായ അയ്യായിരം രൂപ തരാ’മെന്നായി അവർ. പക്ഷേ, അത്ര ചെറിയ തുകയൊക്കെ മോശമല്ലേ. ‘ഒരു ലക്ഷം രൂപ തന്നാൽ പോകാ’മെന്നു ഞാൻ. അപ്പോഴത്തെ ആവേശത്തിനു പറഞ്ഞതാണെങ്കിലും നാട്ടിലെത്തിയ ശേഷം അതെല്ലാം മറന്നു. പക്ഷേ, ഇടയ്ക്കിടയ്ക്ക് അവർ ബെറ്റിനെ കുറിച്ചുപറഞ്ഞു കളിയാക്കും. സമ്മർ വെക്കേഷന് ഹിമാചൽ പ്രദേശിലെ കരേരി ലേക്കിലേക്ക് ട്രക്ക് ചെയ്തെങ്കിലും സോളോ ട്രിപ് ആല്ലാത്തതിനാൽ അത് ബെറ്റിനു പരിഗണിക്കാനാകില്ലെന്ന് അവർ പറഞ്ഞു. അതോടെ ഞാൻ സീരിയസായി സോളോ ട്രിപ് പ്ലാൻ ചെയ്തുതുടങ്ങി.

ഗോൾഡൻ ടെമ്പിൾ, വാരണാസി, കുംഭമേള ഒക്കെ വളരെക്കാലമായി കാണാൻ ആഗ്രഹമുള്ള കാര്യങ്ങളാണ്. വാരണാസിയിൽ കുംഭമേള നടക്കുന്ന സമയമായതിനാൽ ഒറ്റയ്ക്കു പോകാനൊരു ഭയം. അമൃത്‌സറിലേക്ക് പോകാൻ ടിക്കറ്റു ബുക്ക് ചെയ്തതും ഹോട്ടൽ ഓൺലൈനിൽ കണ്ടുപിടിച്ചതുമെല്ലാം ഒറ്റയ്ക്ക്. പോകുന്നതിനു തൊട്ടുമുമ്പു മാത്രമേ എല്ലാവരോടും കാര്യം പറയൂ എന്നു ഉറപ്പിച്ചിരുന്നു.

യാത്രയ്ക്കു മുമ്പ്...

റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ പിറ്റേ ദിവസം പത്രമെടുത്തു നോക്കിയ ഞാൻ ഞെട്ടിപ്പോയി, പുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്ന് പ്രത്യാക്രമണം നടത്തിയ ഇന്ത്യൻ സൈന്യത്തിലെ വൈമാനികൻ അഭിനന്ദൻ വർദ്ധമാനെ പാക് സൈന്യം പിടികൂടിയിരിക്കുന്നു. അമൃത്‌സറും പഞ്ചാബും വാഗാ അതിർത്തിയുമെല്ലാം വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. എന്റെ ടെൻഷനും അമ്പരപ്പും കണ്ട് പലർക്കും സംശയം. അവസാനം ഞാൻ കാര്യം തുറന്നുപറഞ്ഞു. ടിക്കറ്റും ഹോട്ടലുമെല്ലാം ബുക്ക് ചെയ്തെങ്കിലും യാത്ര തത്കാലം മാറ്റി വയ്ക്കാൻ എല്ലാവരും ഉപദേശിച്ചു.

ജോസഫിന്റെ ഒരു സുഹൃത്ത് പൈലറ്റാണ്. അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ അമൃത്‌സർ വിമാനത്താവളമൊക്കെ അടച്ചിട്ടിരിക്കുകയാണെന്നു വിവരം കിട്ടി. അതോടെ പേടിയായി. സ്ഥിതിഗതികൾ ശാന്തമായില്ലെങ്കിൽ യാത്ര മാറ്റിവയ്ക്കാമെന്നു തന്നെ തീരുമാനിച്ചു. പക്ഷേ, ദൈവം എന്റെ കൂടെയായിരുന്നു. അടുത്തയാഴ്ച തന്നെ വാഗാ അതിർത്തി വഴി അഭിനന്ദനെ ഇന്ത്യയിലേക്ക് പാകിസ്ഥാൻ മടക്കിയയച്ചു. അങ്ങനെ ഇക്കഴിഞ്ഞ മാർച്ച് അഞ്ചിന് കൊച്ചിയിൽ നിന്ന് ഞാൻ അമൃത്‌സറിലേക്ക് പറന്നു.

shutterstock_1035381202

പൈതൃകനഗരത്തിൽ...

നെറ്റിയിൽ വലിയ കുങ്കുമപൊട്ടും കഴുത്തിൽ മംഗൾസൂത്രയുമൊക്കെയിട്ട് വരുന്ന പഞ്ചാബി സ്ത്രീകളെ എനിക്ക് വലിയ ആരാധനയായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളുടെ അയൽക്കാരായി ഒരു പഞ്ചാബി കുടുംബമുണ്ടായിരുന്നു. അതൊക്കെ കൊണ്ടാകും ഗോൾഡൻ ടെമ്പിൾ കുട്ടിക്കാലം മുതലേ എന്നെ ആകർഷിച്ചത്. പിന്നെ പഴയ കെട്ടിടങ്ങളൊക്കെ കാണുന്നത് എനിക്കു ഇഷ്ടമാണ്. വലിയ ഷോപ്പിങ് മാളൊക്കെയുണ്ടെങ്കിലും അമൃത്സർ ഇപ്പോഴും പ്രാചീനബിംബങ്ങൾ നിറഞ്ഞ ഒരു ദൈവീക നഗരമാണ്.

ആദ്യ ദിവസം നേരേ പോയത് അനുഗ്രഹ സാഫല്യം തേടി ഗോൾഡൻ ടെമ്പിളിലേക്കാണ്. വെളുപ്പിന് നാലുമണിക്ക് ഗുരുദ്വാരയിൽ നിന്ന് അമ്പലത്തിനുള്ളിലേക്ക് പല്ലക്കിൽ ‘ഗുരുഗ്രന്ഥം’ കൊണ്ടുവരുന്ന ചടങ്ങുണ്ട്. വളരെ നിശബ്ദമായി എല്ലാവരും ചേർന്നാണ് ദൈവീകഗ്രന്ഥത്തെ സ്വീകരിക്കുന്നത്. പിന്നീട് ഗ്രന്ഥം തുറന്ന് മന്ത്രങ്ങൾ ഉറക്കെ വായിക്കാൻ തുടങ്ങും. ആ വരികളിൽ പ്രാർഥന സമർപ്പിച്ച് നിശബ്ദത പോലും അഹ്ങനെ ലയിച്ചുനിൽക്കും. ക്ഷേത്രത്തിലെ പ്രസാദത്തിന് (ലങ്കാർ) ഒരു പ്രത്യേകത ഉണ്ട്. നമുക്ക് വേണ്ട ഭക്ഷണം എടുത്ത് കഴിക്കാം, പക്ഷേ, ഒട്ടും പാഴാക്കി കളയാൻ പാടില്ല. ലങ്കാറിനുള്ള ഒരുക്കങ്ങളിൽ സഹായിക്കാൻ നമുക്കും വേണമെങ്കിൽ കൂടാം.

അവിടെ നിന്ന് സർദാ പിഞ്ജ് എന്ന മോക് വില്ലേജിലേക്കാണ് പോയത്. കൃഷിപ്പണി, റൊട്ടി നിർമാണം, ചെരുപ്പുകുത്തികൾ, ജ്യോതിഷികൾ, ഫുൽക്കാരി തുണികളുടെ നിർമാണം തുടങ്ങി പഞ്ചാബിന്റെ ചരിത്രത്തിലും സംസ്കാരത്തിലും ഭാഗമായ എല്ലാത്തിന്റെയും ചെറുരൂപങ്ങൾ അവിടെ കാണാം. അവിടെ നിന്നുപോയി ജാലിയൻ വാലാ ബാഗ്, പാർട്ടീഷൻ മ്യൂസിയം തുടങ്ങിയ ഇടങ്ങളും കണ്ടു.

രുചിയുടെ ലോകത്ത്...

വെണ്ണയുടെയും നെയ്യിന്റെയും രുചി ഇഷ്ടമുള്ളവരെ കാത്ത് വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങളുടെ നിര തന്നെ അമൃത്സറിൽ കാത്തിരിപ്പുണ്ട്. വെജിറ്റേറിയൻ വിഭവങ്ങളാണ് ഞാൻ ഏറെയും പരീക്ഷിച്ചത്. പൂരി, ആലൂ, കുൽഛ, ചന എന്നുവേണ്ട ബട്ടർ നിറച്ച ഏതു ഭക്ഷണവും ഇവിടെ രുചികരമാണ്. ഒരിടത്തു ചെന്നപ്പോൾ വലിയ സ്റ്റീൽ ഗ്ലാസിൽ ലെസി കുടിക്കാൻ തന്നു. ഗ്ലാസിനുള്ളിലെ ലെസിയുടെ മുകളിൽ വെളുപ്പു നിറത്തിൽ കുഞ്ഞുകുഞ്ഞു കട്ടകൾ. എന്താണെന്നു എനിക്ക് മനസ്സിലായതേയില്ല. മടിച്ചു നിന്ന എന്നെ കടക്കാരൻ പ്രോത്സാഹിപ്പിച്ചു, അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ തൈര് കടഞ്ഞെടുത്ത് ഉണ്ടാക്കുന്ന വെണ്ണയാണ് അത്. ലെസിക്ക് രുചി കൂട്ടാനായി ചേർക്കുന്നത്. ആ ഒരു ഗ്ലാസ് ലെസി കുടിച്ചാൽ പിന്നെ ഒരു പകൽ മുഴുവൻ വിശപ്പറിയാതെ കറങ്ങിനടക്കാം.

അമൃത്‌സറിലെ പ്രശസ്തമായ കേസർ ദ ദാബായിലെ താലി ഫൂഡ് മറക്കാനാകില്ല. വിഭവസമൃദ്ധമായ ഒരു ഫുൾ പ്ലേറ്റ് വാങ്ങിയാൽ അത്ര പെട്ടെന്നൊന്നും കഴിച്ചു തീർക്കാനേയാകില്ല.

പക്ഷേ, ടേസ്ര്റ് കാരണം പാത്രം കാലിയാക്കാതെ ഇറങ്ങാനുമാകില്ല.

അഭിമാനത്തോടെ മടക്കം

യാത്രയുടെ അവസാന ദിനത്തിലാണ് ഇന്ത്യ– പാക് അതിർത്തിയിലേക്ക് പോയത്. വാഗാ അതിർത്തിയിൽ ‘ലോവറിങ് ദി ഫ്ലാഗ്, ബീറ്റിങ് ദി റിട്രീറ്റ് സെറിമണി’ കണ്ടുകൊണ്ടിരിക്കുമ്പോൾ അവിടെ കൂടിയ ഇന്ത്യാക്കാരുടെയെല്ലാം മനസ്സിൽ ദിവസങ്ങൾക്കുമുമ്പ് വാഗാ വഴി തലയുയർത്തി പിടിച്ചുനടന്നുവന്ന അഭിനന്ദന്റെ മുഖമായിരുന്നു. അന്നു രാത്രി റൂമിലെത്തി കിടക്കുമ്പോൾ ആദ്യ സോളോ ട്രിപ്പിന്റെ അഭിമാനം മാത്രമല്ല, അടുത്ത യാത്രയുടെ പ്ലാനിങ്ങും ഞാൻ തുടങ്ങിയിരുന്നു.

സുഹൃത്തിനൊപ്പം ട്രെക്കിങ്ങാണ് അടുത്ത പ്ലാൻ. ട്രെക്കിങ്ങിനു ഒറ്റയ്ക്ക് പോകാൻ അത്ര ധൈര്യമില്ല, ഫോണിനു റേഞ്ച് പോലുമില്ലാത്ത സ്ഥലത്തൊക്കെ വച്ച് വല്ല അപകടവും പറ്റിയാൽ വലിയ റിസ്കാണ്. അതല്ലെങ്കിൽ പൂനെയിലുള്ള അനിയത്തി നാട്ടിലെത്തുമ്പോൾ മറ്റൊരു യാത്രയും പ്ലാൻ ഉണ്ട്. ഊണ ലവ് (Oona Love) എന്ന പേരിൽ ഇവന്റുകൾക്ക് വേണ്ടി ഡെക്കറേഷൻ ജോലികൾ ഏറ്റെടുത്ത് ചെയ്യുന്ന ബിസിനസാണ് ഇപ്പോൾ ഞാൻ ചെയ്യുന്നത്. അതിന്റെ തിരക്കുകളും യുകെജിക്കാരനായ നിഹാലിന്റെ കുസൃതികളുമൊഴിയുമ്പോൾ വീണ്ടും ബാഗ് പാക്ക് ചെയ്തിറങ്ങും. ബെറ്റു വച്ചുകിട്ടിയ പണം മാത്രമല്ല, സ്വപ്നം കണ്ടതുപോലെ പറന്നുനടക്കാനുള്ള ധൈര്യവും ഇപ്പോഴുണ്ട്.’

Tags:
  • Spotlight
  • Inspirational Story