Saturday 25 April 2020 11:46 AM IST : By Shyama

ദേശീയപാതയോരത്ത്‌ ചപ്പുചവറുകളുടെ സ്ഥാനത്ത്‌ പൂന്തോട്ടങ്ങൾ; ഇത് ചന്ദ്രേട്ടനൊരുക്കിയ മാജിക്!

shyama-final

കണ്ണൂർ തളിപ്പറമ്പിനടുത്ത്‌ കുറ്റിക്കോൽ ഭാഗത്ത്‌ കൂടെ പോകുന്ന മിക്കവാറും പേരുടെയും കണ്ണുടക്കുന്ന പൂന്തോട്ടങ്ങൾ നട്ടുനനച്ചു വളർത്തിയത് ചന്ദ്രൻ ചേട്ടനാണ്. ഗാർഡ്നറും കൂടാതെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ വൈൽഡ് ലൈഫ് റെസ്ക്യൂവറുമായ ചുറുചുറുക്കുള്ള ചന്ദ്രൻ ചേട്ടൻ പറയുന്നു...

"മുൻപ് ഈ പൂന്തോട്ടം നിന്നിരുന്ന സ്ഥലങ്ങളെല്ലാം ആരും ശ്രദ്ധിക്കാതെ കിടക്കുന്ന, ആളുകൾ ചപ്പും ചവറും കൊണ്ടുവന്നിടുന്ന ഇടങ്ങളായിരുന്നു. 2016 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ, ഞങ്ങൾ നാട്ടുകാരിൽ ചിലരുടെയും അവിടുത്തെ കൗൺസിലർമാരുടെയും ശ്രമഫലമായിട്ടാണ് ഈ പൂത്തോട്ടം ദേശിയ പാതയ്ക്കരികിൽ നിർമിക്കാൻ തീരുമാനിക്കുന്നത്. കൂടിക്കിടന്ന മാലിന്യങ്ങളെല്ലാം മാറ്റി, അതൊക്കെ വൃത്തിയാക്കിയിട്ടാണ് ചെടിവെക്കാൻ പാകത്തിനാക്കിയത്. അന്ന് മുതൽ ചെടികൾ ഭംഗിയായി വെച്ച് പിടിപ്പിച്ചു. അത് കൊണ്ട് മാത്രം തീരുന്നില്ല, അതിന്റെ കട്ടിംഗ്, വളം ഇടീൽ, വെള്ളമൊഴിക്കൽ എല്ലാം കൃത്യമായി ചെയ്ത് ഞാൻ പോന്നു... എന്റെ സ്വന്തം പോലെയാണ് ഈ ചെടികളെ ഒക്കെ നോക്കുന്നത്. പൂന്തോട്ടം തുടങ്ങിയ ശേഷം ആളുകൾ ഇങ്ങോടേക്ക് മാലിന്യം വലിച്ചെറിയുന്നതും നിർത്തി.നൂറു മീറ്ററിനുള്ളിൽ ഇപ്പൊ നാലു പൂന്തോട്ടങ്ങൾ ഉണ്ട്. എല്ലാത്തിന്റെയും കാര്യങ്ങൾ നോക്കുന്നതും പ്രൂണിങ് ചെയ്യുന്നതും ഒക്കെ ഞാനാണ്. പല ആളുകളും ഇവ കണ്ട് വണ്ടി നിർത്തി ഫോട്ടോ ഒക്കെ എടുത്ത്‌ പോകും. ചിലർ അഭിനന്ദിക്കും...

shyama-final-2-

കുറ്റിക്കോൽ തന്നെയാണ് എന്റെ വീട്. ഭാര്യയും രണ്ട് പെൺമക്കളും, രണ്ടാളുടെയും കല്യാണം കഴിഞ്ഞു.എനിക്കീ കൃഷിയിലും ഗ്രാഫ്റ്റിങ്ങിലും ഒക്കെ നല്ല കമ്പമുണ്ട്. പല തരം വാഴയും മാവും ഉണ്ടാക്കും. ഒരു മാവിൽ തന്നെ പലതരം മാങ്ങ ഉണ്ടാക്കുന്നതൊക്കെ ഇഷ്ടമാണ്. ഒരു മാവിൽ നിന്ന് ആറു തരം മാങ്ങകൾ കഴിഞ്ഞ സീസണിൽ കിട്ടി. ശരിക്കുള്ള പണി ഗാർഡനിങ് ആണ്, വീടുകളിലൊക്കെ തോട്ടം നിർമിച്ച് പരിപാലിച്ചിരുന്നു. ഇപ്പൊ ലോക്ക്ഡൗൺ ആയപ്പോ വീട്ടിലെ ചെടികളുടെ ഗ്രാഫ്റ്റിങ്, പറമ്പ് വൃത്തിയാക്കൽ, തോട് വൃത്തിയാക്കൽ ഒക്കെ ഉണ്ട്. വീടിന്റെ പരിസരത്ത് രണ്ട് തോടുണ്ട്. മഴക്ക് മുൻപേ അതൊക്കെ കോരി വൃത്തിയാക്കി ഇടുന്നു. മഴവെള്ളം വെള്ളം പാഴാവാതെ അതിലേക്ക് ഇറങ്ങട്ടെ... കൂട്ടത്തിൽ അൽപ്പം കൃഷിയുമുണ്ട്...വാഴ, മാവ് അങ്ങനെയൊക്കെ... ഒരു ചെടിയിൽ 10തരം പൂക്കൾ വിരിയിക്കുന്നതും ഒരു ബൊഗൈൻ വില്ലയിൽ പലതരം പൂക്കൾ ഉണ്ടാക്കുന്നതും... അങ്ങനെ പലതും ചെയ്ത് നോക്കാറുണ്ട്.

വനം വകുപ്പിന്റെ റാപിഡ് റെസ്ക്യൂ ടീം മെമ്പർ കൂടിയാണ് ആണ്. ഇവിടൊക്കെ വീടിനകത്ത്‌ പാമ്പോ മറ്റ് ജന്തുക്കളോ കയറിയെന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയാൽ പോയി പിടിക്കാറുണ്ട്. അവയെ എടുത്ത്‌ കാട്ടിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് വിടും. അല്ലാതെ ലോക്ക്ഡൗൺ തെറ്റിച്ച് വെറുതെ പോക്കില്ല...

Tags:
  • Spotlight