Saturday 25 January 2020 04:00 PM IST : By സ്വന്തം ലേഖകൻ

മന്ത്രവാദത്തിലൂടെ വെങ്കിട്ടരമണ സമ്പാദിച്ചത് ലക്ഷങ്ങൾ! മൃതദേഹവുമായി ഭാര്യയോടൊപ്പം കാർ യാത്ര, ഹോട്ടലിൽ നിന്നു ഭക്ഷണം: ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ

roopa-1

വിവാഹ വാർഷികം ആഘോഷിക്കാൻ ഒരുങ്ങി നിന്ന വീട്ടിലേക്ക് പ്രിയപ്പെട്ടവളുടെ ജീവനില്ലാത്ത ശരീരവും ഏറ്റുവാങ്ങി എത്തുമ്പോള്‍ ചന്ദ്രശേഖരയുടെ ഹൃദയം പൊട്ടിയൊഴുകി. തങ്ങളുടെ ഇരുപതാം വിവാഹവാർഷികം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പിലായിരുന്നു ഇരുവരും. ഈ മാസം 28നാണ് രൂപശ്രീയുടെ 42–ാം പിറന്നാളും. എല്ലാം കൊണ്ടും സന്തോഷം അലതല്ലിയിരുന്ന വീടാണ് വേദനയുടെ പര്യായം പോലെ ഇപ്പോൾ മരവിച്ച് നിൽക്കുന്നത്.

മഞ്ചേശ്വരത്ത്, അധ്യാപികയായ ബി.കെ.രൂപശ്രീയെ (42) കൊലപ്പെടുത്തിയ കേസിൽ രൂപശ്രീയുടെ സഹപ്രവർത്തകൻ കെ.വെങ്കിട്ടരമണ കാരന്തർ (42), അയൽവാസി നിരഞ്ജൻ കുമാർ (23) എന്നിവർ പൊലീസ് പിടിയിലായ വാർത്തയുടെ ഞെട്ടലിലാണ് കേരളം. സംഭവവുമായി ബന്ധപ്പെട്ട്, കൃത്യമായ ആസൂത്രണത്തിന്റെയും പകയുടെയും കഥയാണ് ഇപ്പോൾ ചുരുളഴിയുന്നത്.

കാസർകോട് മഞ്ചേശ്വരം മീയ്യപദവ് വിദ്യാവർധക സ്കൂളിലെ അധ്യാപകരാണ് ബി.കെ.രൂപശ്രീയും കെ.വെങ്കിട്ടരമണ കാരന്തരും. ചിത്രകല അധ്യാപകനാണ് വെങ്കിട്ടരമണ. സൗഹൃദത്തിലും സാമ്പത്തിക ഇടപാടിലുമുണ്ടായ തർക്കങ്ങളെ തുടർന്ന് രൂപശ്രീയെ വെങ്കിട്ടരമണ തന്റെ വീട്ടിലേക്കു വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്:

തർക്കങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിൽ 16നു രൂപശ്രീയെ വെങ്കിട്ടരമണ വീട്ടിലേക്കു വിളിച്ചു വരുത്തി. ദുർഗിപള്ളത്ത് സ്കൂട്ടർ നിർത്തി കാറിലാണു രൂപശ്രീ വെങ്കിട്ടരമണയുടെ വീട്ടിലെത്തിയത്. സംസാരത്തിനിടെ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. അടുക്കളവാതിലിലൂടെ ഇറങ്ങിയോടാൻ ശ്രമിച്ച രൂപശ്രീയെ വെങ്കിട്ടരമണയും, പൂജാമുറിയിൽ ഒളിച്ചിരുന്ന നിരഞ്ജൻ കുമാറും ചേർന്നു തടഞ്ഞു. ശേഷം കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ചു കൊലപ്പെടുത്തി. മൃതദേഹം ചാക്കിൽ കെട്ടി കാറിന്റെ ഡിക്കിയിൽ കയറ്റി.

കൊലപാതകത്തിനു ശേഷം ഇരുവരും കിലോമീറ്ററുകളോളം കാറിൽ കറങ്ങി. കൊലപാതകം നടന്ന ദിവസം വൈകുന്നേരം 5 മണിയോടെ വെങ്കിട്ടരമണയുടെ ഭാര്യ മംഗളൂരുവിൽ നിന്ന് ഹൊസങ്കടിയിലെത്തിയിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന അതേ കാറിലാണ് ഭാര്യയെയും കൂട്ടി വെങ്കിട്ടരമണ വീട്ടിലെത്തിയത്. ഭാര്യയെ വീട്ടിലെത്തിച്ച ശേഷം വിട്ട്ലയിൽ പൂജയുണ്ടെന്ന് പറഞ്ഞാണ് നിരഞ്ജൻകുമാറിനോടൊപ്പം വെങ്കിട്ടരമണ ഇറങ്ങിയത്. ആദ്യം വീട്ട്ലയിലെത്തി. മേൽക്കരയിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം മൃതദേഹം തള്ളാൻ സ്ഥലം തേടി ഇറങ്ങി.

മംഗളൂരുവിലും പരിസരത്തും നേത്രാവതി പാലത്തിലും തള്ളാൻ ശ്രമിച്ചെങ്കിലും വെളിച്ചമുള്ളതിനാൽ സാധിച്ചില്ല. ഒടുവിൽ രാത്രി വൈകി മഞ്ചേശ്വരം കണ്വതീർഥ കടപ്പുറത്തെത്തി മൃതദേഹം കടലിൽ തള്ളി.

കൊലനടന്ന് രണ്ടുദിവസത്തിനുശേഷം ജനുവരി 18നു പുലർച്ചെ ആറുമണിയോടെയാണ് അഴുകിയ നിലയിൽ കുമ്പള കോയിപ്പാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾ രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്. തല മുക്കിയ വെള്ളത്തിൽ രാസവസ്തു കലർത്തിയിരുന്നതു കൊണ്ടാണു മൃതദേഹത്തിൽ നിന്നു തലമുടി എളുപ്പം അറ്റു പോയതെന്നു കരുതുന്നു.

roopa-2

നിർണായക മൊഴി

സഹപ്രവർത്തകൻ തന്നെ ശല്യപ്പെടുത്തുന്നതായി രൂപശ്രീ പറഞ്ഞുവെന്ന ബന്ധുക്കളുടെ മൊഴിയാണ് അന്വേഷണത്തിനു സഹായകമായത്. സി.സി.ടിവി ദൃശ്യങ്ങളും നിർണായകമായി. കാണാതായ ദിവസം സ്വന്തം സ്കൂട്ടറില്‍ രൂപശ്രീ മഞ്ചേശ്വരം ഭാഗത്തേക്കു പോകുന്നതിന്റെ സി.സി.ടിവി ദൃശ്യം പോലീസിനു ലഭിച്ചിരുന്നു. രൂപശ്രീയെ അധ്യാപകന്‍ വെങ്കിട്ട രമണ കെ.എല്‍.14 എല്‍.22 44 കാറില്‍ പിന്തുടരുന്നതും ദൃശ്യങ്ങളിലുണ്ട്‌.
തുടര്‍ന്നു നടത്തിയ അന്വേഷണമാണു സംഭവം കൊലപാതകമാണെന്നും പിന്നില്‍ വെങ്കിട്ട രമണയാണെന്നുമുള്ള സംശയത്തിലേക്കു പോലീസിനെ നയിച്ചത്. പൊലീസിന്റെ ചോദ്യംചെയ്യലിൽ താൻ ദുർഗിപ്പള്ളയിൽവെച്ച് രൂപശ്രീയെ കണ്ടെന്നും പിന്നീട് കണ്ടില്ലെന്നുമാണ് വെങ്കിട്ടരമണ ആദ്യം പറഞ്ഞത്. നിങ്ങളുടെ കാറിൽ പോകുന്നത് കണ്ടവരുണ്ടെന്നു പറഞ്ഞപ്പോൾ രൂപശ്രീയെ വീട്ടിൽ കൊണ്ടുവന്നശേഷം തിരികെ ദുർഗിപ്പള്ളയിൽ കൊണ്ടുവന്നു വിട്ടെന്ന് മാറ്റിപ്പറഞ്ഞു. അവിടെ നിന്നു കടപ്പുറംവരെ 10 കിലോമീറ്ററോളമുണ്ട്. അത്രയും ദൂരം രൂപശ്രീ നടന്നുപോയി കടലിൽ ചാടാനിടയില്ലെന്ന നിഗമനത്തിൽ വീണ്ടും വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കുറ്റം സമ്മതിച്ചത്. തുടർന്ന് നിരഞ്ജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ നിരഞ്ജനും കുറ്റം സമ്മതിച്ചു. പ്രതിയുടെ കാറിൽ നിന്നു രൂപശ്രീയുടെ തലമുടി കണ്ടെത്തിയിരുന്നു. ഡിക്കിയിലെ ടയറിന്റെ പാടുകൾ ദേഹത്തുണ്ടായിരുന്നതായും ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തി.

രൂപശ്രീയുടെ ബാഗും ഐഡന്റിറ്റി കാര്‍ഡും ഒരു സ്മാര്‍ട് ഫോണും കാണാതായിരുന്നു. ഇത് കേസന്വേഷണം വഴിതിരിച്ചുവിടാനായി ഇത് പലഭാഗങ്ങളിലായി വെങ്കിട്ട രമണ ഉപേക്ഷിക്കുകയായിരുന്നു. ഇത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാണാതായ സ്മാര്‍ട് ഫോണ്‍ രൂപശ്രീയുടെ ബെഡ്‌റൂമില്‍ നിന്നും കണ്ടെത്തി.

ആസൂത്രണം ഇങ്ങനെ

രൂപശ്രീയെ കൊലപ്പെടുത്താൻ വെങ്കിട്ടരമണ ദിവസങ്ങൾക്കു മുൻപേ പദ്ധതിയിട്ടെന്നാണ് സൂചന. ഇതിനായി കണ്ടെത്തിയതു മറ്റൊരു സഹപ്രവർത്തകയുടെ ബന്ധുവിന്റെ കല്യാണ ദിവസമായിരുന്നു. ഹൊസങ്കടിയിലെ കല്യാണത്തിൽ വെങ്കിട്ടരമണയെ കാണാത്തതിനെ തുടർന്നു രൂപശ്രീ ഫോണിൽ വിളിച്ചു. എന്നാൽ ചടങ്ങിനു വരുന്നില്ലെന്നും വീട്ടിലേക്ക് വരണമെന്നുമായിരുന്നു മറുപടി.

മകൾ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്കൂളിലെത്തിയ രൂപശ്രീ അവിടെ നിന്നു ദുർഗിപ്പള്ളയിലേക്കു പോയി. സ്കൂട്ടർ അവിടെ നിർത്തിയ ശേഷം വെങ്കിട്ടരമണയുടെ കാറിൽ കയറി. ആരും കാണാതിരിക്കാൻ കാറിന്റെ പിൻ സീറ്റിൽ രൂപശ്രീ കിടക്കുകയായിരുന്നു.

ഇരുവരും കാറിൽ വീട്ടിലെത്തുമ്പോൾ സിറ്റൗട്ടിന്റെ ഇടത്തേമുറിയിൽ നിരഞ്ജൻ കാത്തിരിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം രൂപശ്രീയും വെങ്കിട്ടരമണയും തമ്മിൽ തർക്കമായി. വലത്തുഭാഗത്തുള്ള സ്വീകരണമുറിയിലേക്കും അവിടെ നിന്നു മറ്റൊരു മുറിയിലേക്കും പോയി സംസാരിച്ചിരിക്കുന്നതിനിടെ വഴക്കുണ്ടായി. തുടർന്നായിരുന്നു കൊലപാതകം.

കുളിമുറിയിലെ ബക്കറ്റിൽ വെള്ളം നിറച്ച് രാസവസ്തു ചേർത്ത ശേഷം തല അതിൽ മുക്കിവച്ചായിരുന്നു കൊലപാതകം. വെള്ളത്തിൽ രാസവസ്തു കലക്കിവച്ചത്, കൊലപാതകം നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നതിനു തെളിവായി പൊലീസ് കരുതുന്നു. ബക്കറ്റിൽ തല മുക്കിയപ്പോൾ ബക്കറ്റ് പൊട്ടി. പിന്നീട് വലിയ വീപ്പയിൽ നിന്ന് വെള്ളം മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. മരണമുറപ്പാക്കിയശേഷം മൃതദേഹം വലിച്ചിഴച്ച് സിറ്റൗട്ടിലെത്തിച്ചു. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടടെുത്ത് സിറ്റൗട്ടിലേക്ക് ചേർത്തുനിർത്തി. മൃതദേഹം അതിൽ കയറ്റിയപ്പോഴേക്കും വെങ്കിട്ടരമണയുടെ ഭാര്യയുടെ ഫോൺ വന്നു.

roopa-3

മറ്റു സാമ്പത്തിക ഇടപാടുകൾ ഇല്ല

നേരത്തേ താനുമായി നല്ല അടുപ്പമുണ്ടായിരുന്ന രൂപശ്രീ മറ്റുചിലരുമായി അടുത്തിടപഴകുകയും തന്നിൽനിന്നകലുകയും ചെയ്തതായുള്ള തോന്നലാണ് വെങ്കിട്ടരമണയെ കൊലപാതകത്തിലേക്കുനയിച്ചതത്രേ. ഇതിനായി ജനുവരി 13 മുതൽ ഇയാൾ അവധിയെടുത്തു. ജനുവരി പതിനഞ്ചിന് നിരഞ്ജനെ കണ്ടു. പിന്നീടായിരുന്നു ആസൂത്രണം. വെങ്കിട്ടരമണയുടെ ബാങ്ക് വായ്പയ്ക്ക് രൂപശ്രീ ജാമ്യംനിന്നതല്ലാതെ മറ്റു സാമ്പത്തിക ഇടപാടുകൾ ഇവർതമ്മിലുണ്ടായിരുന്നതായി തെളിവില്ലെന്ന് പോലീസ് പറഞ്ഞു.

പൂജയും മന്ത്രവാദവും വഴി ലക്ഷങ്ങൾ

2003 ലാണ് വെങ്കിട്ടരമണ മിയാപദവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനാകുന്നത്. 2014 ലാണ് രൂപശ്രീ ഈ സ്കൂളില്‍ ചരിത്ര അധ്യാപികയായി എത്തുന്നത്. സ്കൂളിലെ പ്രദര്‍ശനങ്ങളില്‍ മോഡലിങ്ങിന് രൂപശ്രീക്ക് സമ്മാനം ലഭിച്ചിരുന്നു. ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണയാണ് മോഡലിങ്ങില്‍ രൂപശ്രീയെ സഹായിച്ചത്. അതോടെയാണ് ഇവർക്കിടയിൽ സൗഹൃദം വളർന്നത്.

പൂജയും മന്ത്രവാദവും നടത്തിയിരുന്ന വെങ്കിട്ടരമണയ്ക്ക് അതു വഴി ധാരാളം പണം ലഭിച്ചിരുന്നത്രേ. വെങ്കിട്ടരമണ രൂപശ്രീയെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍, രൂപശ്രീയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന തരത്തിലുമുള്ള സംശയം വെങ്കിട്ട രമണയ്ക്ക് ഉണ്ടാകുകയും അതിന്റെ പേരില്‍ അവരെ വല്ലാതെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് കുടുംബാംഗങ്ങളോട് രൂപശ്രീ പറഞ്ഞിരുന്നു.