ചൈനീസ് പോട്ടറിയിലെ തനി മലയാളി ടച്ചാണ് ‘കൊ സാ വ’
തിരുവനന്തപുരം നന്തൻകോട്ടെ കൊ സാ വ സെറാമിക് പോട്ടറി സ്റ്റുഡിയോയിലെത്തുന്നവർ ആദ്യമൊന്നു ഞെട്ടും, ശ രിക്കും ചൈനീസ് സ്റ്റോറാണോ ഇത്. പക്ഷേ, കുശവൻ എന്ന മലയാളം പദത്തിൽ നിന്നാണു കൊ സാ വ പിറന്നതെന്നു പറഞ്ഞു ചിരിക്കുന്നു റോസ എബ്രഹാം.
സ്കൂളിലേക്കു പോകുന്ന കാലത്തു നെയ്യാറ്റിൻകരയിലെ മൺപാത്ര നിർമാണ തൊഴിലാളികളുടെയടുത്ത് ചക്രം ഉപയോഗിക്കാൻ പോകുന്നത് റോസയുടെ ശീലമായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരുതരം അലർജി വന്നതോടെ ആ പരിപാടി നിർത്തേണ്ടി വന്നു. പിന്നീടു കളിമണ്ണു കൈകൊണ്ടു തൊടുന്നതു ജയ്പൂരിലെ മാസ്റ്റേഴ്സ് പഠനത്തിനിടെ ആണെന്നു റോസ പറയുന്നു.
‘‘അച്ഛൻ എബ്രഹാമിനു ബിസിനസ്സാണ്, അമ്മ ബെറ്റി എബ്രഹാമും അനിയനും എനിക്കും അത്യാവശ്യം ആർടും ക്രാഫ്റ്റുമൊക്കെ ഇഷ്ടമാണ്. അമ്മ നന്നായി ഡിസൈ ൻ ചെയ്യും. ഗോവയിൽ ഡിസൈൻ സ്റ്റുഡിയോ നടത്തുന്ന കസിനുമുണ്ട്. ടെക്സ്റ്റൈൽ ഡിസൈൻ മാസ്റ്റേഴ്സ് പഠിക്കാനാണു ജയ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിൽ ചേർന്നത്. പിന്നെയാണു സെറാമിക്സിലേക്കു ചുവടുമാറ്റിയത്. പഠനം കഴിഞ്ഞു ബെംഗളൂരുവിലെ ഒരു പോട്ടറി സ്റ്റുഡിയോയിൽ സെറാമിക് പോട്ടുകളുടെ നിർമാണം പഠിപ്പിക്കുന്ന ജോലി കിട്ടി.
കുഴച്ചെടുത്ത സ്വപ്നം
കോളജ് കാലത്തേ പോട്ടറി സ്റ്റുഡിയോ തുടങ്ങണമെന്ന സ്വപ്നമുണ്ടായിരുന്നു. പല സ്ഥലങ്ങളിൽ ജോലി ചെയ്ത അനുഭവ പരിചയം സഹായകരമായി. പലതരം ക്ലേ കൈകൊണ്ടു കുഴച്ചു രൂപങ്ങളുണ്ടാക്കാനും, ചക്രത്തിൽ ചുറ്റിച്ചു പോട്ടുകളും മറ്റും ഉണ്ടാക്കാനും പഠിച്ചു.
പ്രൊഡക്‌ഷൻ യൂണിറ്റിലെ ജോലിക്കാലത്താണു ചൂളയുടെ പ്രവർത്തനവും മറ്റും പരിശീലിച്ചു കൈ തെളിച്ചത്. ആ സമയത്തു തന്നെ സ്വന്തം സ്റ്റുഡിയോയിലേക്കു വേണ്ട ക്ലേയും മറ്റും ലഭിക്കുന്ന സ്ഥലങ്ങളെ കുറിച്ച് അന്വേഷിച്ചു. പല തരം സാംപിളുകൾ വരുത്തി ടെസ്റ്റ് ചെയ്ത് സോഴ്സിങ് തീരുമാനിച്ചു. ആ ആത്മവിശ്വാസത്തിൽ നാട്ടിലേക്കു വണ്ടി കയറി.
ക്ലേയിൽ നിർമിച്ചെടുക്കുന്ന വസ്തുക്കൾ ഒന്നുണങ്ങിയ ശേഷമാണു ചൂളയിൽ വയ്ക്കുക. വൈദ്യുതി കൊണ്ടാണിതു പ്രവർത്തിക്കുന്നത്. ആദ്യത്തെ ചൂടാക്കലിനു ശേഷം പാത്രങ്ങളിലെല്ലാം ഗ്ലേസിങ് പൂശിയെടുക്കും. വീണ്ടും ചൂള യിലേക്ക്. അപ്പോഴാണു ചൈനീസ് പാത്രങ്ങളെ പോലെ തിളക്കവും മിനുസവും വരുന്നത്.
ബജറ്റ് ഉണ്ടാക്കിയ പിറകേ കയ്യിലുള്ള സമ്പാദ്യത്തിൽ നിന്നു വീലും കുറച്ചു സാധനങ്ങളും വാങ്ങി. ബാക്കി നിക്ഷേപം അച്ഛനും നൽകി. ലോൺ എടുത്തില്ല. ആദ്യം ഉണ്ടാക്കിയവ വിറ്റുപോകുന്നതിനനുസരിച്ച് ആളുകളുടെ ആവശ്യം പഠിച്ചാണ് അടുത്ത ചുവടു വച്ചത്.
കുറേശ്ശേയായി ഉത്പന്നങ്ങൾ നിർമിച്ചു മാർക്കറ്റ് ചെയ്ത് ഓർഡർ സ്വീകരിക്കുന്ന രീതിയാണ് കൊ സാ വയിൽ. പാത്രങ്ങളും കപ്പുകളും വിവിധ രൂപങ്ങളും കീ ഹോൾഡറുകളും ടേബിൾ ലാംപുമൊക്കെ നിർമിച്ചു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്നതും ഓർഡറുകൾക്കു റിപ്ലൈ കൊടുക്കുന്നതും പാക്ക് ചെയ്ത് അയക്കുന്നതുമൊക്കെ തനിച്ചാണ്. ഇതിനിടയിൽ പോട്ടറി ക്ലാസുകളും എടുക്കുന്നുണ്ട്. സ്റ്റുഡിയോ വിപുലീകരിക്കാൻ പ്ലാനുണ്ട്, ഒന്നോ രണ്ടോ സഹായികളെയും വയ്ക്കണം.’’