Tuesday 03 December 2019 11:42 AM IST : By സ്വന്തം ലേഖകൻ

മണ്ണിൽ അലിയാൻ വിട്ടില്ല, മകളെ മമ്മിയാക്കി അച്ഛൻ; 100 വർഷം കഴിഞ്ഞിട്ടും അവൾ ചിരിക്കുന്നു; വിഡിയോ

rosalia

അച്ഛനമ്മമാർ ജീവിച്ചിരിക്കേ മക്കളുടെ മരണം! ലോകത്ത് അനുഭവിക്കുന്നതിൽ വച്ച് ഏറ്റവും വലിയ വേദനയാണത്. കണ്ടു കൊതിതീരും മുമ്പേ മരണത്തിന്റെ ലോകത്തേക്ക് പ്രിയമകൾ പോയപ്പോൾ മാരിയോ ലൊംബാർഡോ എന്ന അച്ഛൻ അനുഭവിച്ചതും അതേ വേദനയായിരുന്നു. റൊസാലിയ ലൊംബാർഡോ എന്ന പൊന്നുമോളെ രോഗത്തിന്റെ രൂപത്തിൽ വിധി തട്ടിയെടുത്തപ്പോൾ ആ അച്ഛന്റെ നെഞ്ചിൽ ചോരപൊടിഞ്ഞു. പക്ഷേ മണ്ണിൽ അലിയും മുമ്പേ ആ അച്ഛൻ മകളെ അനശ്വരയാക്കി. ആ കാഴ്ചകണ്ട് ലോകം ഇന്നും ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.

ഓർമകൾ മരിക്കാതിരിക്കാൻ മാരിയോ ലൊംബാർഡോ മകളുടെ ഭൗതിക ദേഹത്തെ മമ്മിയാക്കി മാറ്റുകയായിരുന്നു. നൂറുവർഷങ്ങൾക്കിപ്പുറവും റൊസാലിയയുടെ ദേഹം ഒരു കേടുപാടും കൂടാതെ നിലനിൽക്കുന്നു എന്നതാണ് അത്ഭുതം. ‘സ്ലീപ്പിംഗ് ബ്യൂട്ടി’ എന്നറിയപ്പെടുന്ന ഈ മൃതദേഹം ലോകത്തിലെ ഏറ്റവും സുന്ദരവും സുരക്ഷിതവുമായ മമ്മികൂടിയാണ്. സിസിലിയിലെ കപ്പൂച്ചിൻ കാറ്റാകോംബ്സ് ഒഫ് പലേർമോയിലാണ് റൊസാലിയ ലൊംബാർഡോ എന്ന കുട്ടിയുടെ മമ്മി സൂക്ഷിച്ചിരിക്കുന്നത്.

1918 ഡിസംബർ 13നാണ് ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തിൽ റൊസാലിയ ജനിച്ചത്. എന്നാൽ രണ്ടുവയസ് തികയുന്നതിന് മുൻപ്  രോഗം ബാധിച്ച് കുട്ടി മരിച്ചു. മകളുടെ മുഖം എന്നും കണ്ടിരിക്കാൻ റൊസാലിയയുടെ പിതാവ്  മാരിയോ ലൊംബാർഡോ മൃതദേഹം എംബാം ചെയ്ത് വയ്ക്കാൻ തീരുമാനിച്ചു. പ്രത്യേക രാസക്കൂട്ടുകൾ ഉപയോഗിച്ച്  ആൽഫ്രെഡോ സലാഫിയ എന്ന വ്യക്തിയാണ് അന്ന് മൃതദേഹം എംബാം ചെയ്തത്. മരിച്ചിട്ട് നൂറ് വർഷം കഴിഞ്ഞിട്ടും ഇന്നും മൃതദേഹത്ത് കേടുപാടുകളില്ല എന്നതും ശ്രദ്ധേയം.

ഇടയ്ക്ക് റൊസാലിയയുടെ മൃതദേഹം കണ്ണുതുറന്നു എന്ന തരത്തിൽ ഒരു  വിഡിയോ പ്രചരിച്ചിരുന്നു. എന്നാൽ പ്രകാശം റൊസാലിയയുടെ കണ്ണുകളിൽ പതിയ്‌ക്കുമ്പോൾ  ഉണ്ടാകുന്ന തോന്നലാണിതെന്ന് അധികൃതർ അന്ന് വിശദീകരിച്ചിരുന്നു. കൗതുകവും അദ്ഭുതവും നൽകുന്ന സ്നേഹമാണ് സന്ദർശകർക്ക് ഈ മമ്മി.  

Tags:
  • Social Media Viral