Tuesday 13 April 2021 03:04 PM IST

ഗർഭത്തിന്റെ എട്ടാം മാസത്തിൽ കോവിഡ് ബാധിച്ച് അപകടാവസ്ഥയിൽ; റോസും കുഞ്ഞും ജീവിതത്തിലേക്കു മടങ്ങിയെത്തിയ വഴികൾ

Sujith P Nair

Sub Editor

vabbbcovvbb

ഗർഭത്തിന്റെ എട്ടാം മാസത്തിൽ കോവിഡ് ബാധിച്ച് അപകടാവസ്ഥയിലായ റോസും കുഞ്ഞും ജീവിതത്തിലേക്കു മടങ്ങിയെത്തിയ വഴികൾ..

കൂടെ കളിക്കാനും കുറുമ്പുകാട്ടാനും ഒരു കുഞ്ഞനിയത്തി വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഫെബിനും ഫെലിക്സും ഫ്രെഡിയും. ബ്രിട്ടനിലെ സ്കന്തോർപ്പ് ജനറൽ ആശുപത്രിയിലെ തിയറ്റർ സ്റ്റാഫ് നഴ്സായ റോസിനും ഭർത്താവ് ജിമ്മിച്ചനും ആ കുഞ്ഞ് മൂന്ന് ആൺതരികൾക്കു ശേഷം പിറക്കാൻ പോകുന്ന പെൺമണിയാണ്.

ഇനി ഒരു ഡ്യൂട്ടി കൂടി കഴിത്താൽ 28 ആഴ്ച മുതൽ റോസിന് പ്രസവാവധിയെടുക്കാം. പക്ഷേ, സന്തോഷം തുളുമ്പി നിന്ന ആ വീട്ടിലേക്കു വിളിക്കാതെ വന്ന കോവിഡ് എന്ന അതിഥി ആഹ്ലാദങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുമെന്ന് അവർ പ്രതീക്ഷിച്ചേയില്ല. ഐസിയുവിലും വെന്റിലേറ്ററിലുമായി നീണ്ട നാളുകൾ പിന്നിട്ട് സന്തോഷത്തോടെ കുഞ്ഞുമായി വീട്ടിലേക്കു മടങ്ങിയ കഥ റോസ് തന്നെ പറയട്ടെ.

സ്വന്തം മെൻസ് ഹോസ്റ്റൽ

‘‘പത്തു വർഷം മുൻപാണ് കോട്ടയം മുക്കൂട്ടുതറയിൽ നിന്നു സ്കന്തോർപ്പിലേക്ക് ഞാനും ജിമ്മിച്ചനും ചേക്കേറിയത്. നോർത്ത് ലിങ്കൻ ഷർ കൗണ്‍സലിലെ സർ ജോൺ മേസ ൺ ഹാസിലെ കാറ്ററിങ് മാനേജരാണ് ജിമ്മിച്ചൻ. മക്കളടക്കം നാല് ആണുങ്ങളുള്ള ഈ വീട് ചെറിയ മെൻസ് ഹോസ്റ്റലാണ്. പത്തു വയസ്സുകാരൻ ഫെബിനും അഞ്ചു വയസ്സുകാരൻ ഫെലിക്സും മൂന്നു വയസ്സുകാരൻ ഫ്രെഡിയുമായി എപ്പോഴും  ബഹളമാണ് വീട്ടിൽ. താലോലിക്കാന്‍ ഒരു പെൺകുഞ്ഞു വേണം എന്ന ആഗ്രഹം അപ്പോഴും ബാക്കിയുണ്ടായിരുന്നു.

കഴിഞ്ഞ മേയിൽ ആണ് ആ സന്തോഷ വാർത്ത സ്ഥിരീകരിച്ചത്. ഞാൻ നാലാമതും ഗർഭിണിയാണ്. ബ്രിട്ടനിൽ കോവിഡ് വ്യാപനം രൂക്ഷമായ സമയമാണെന്ന് ഓർക്കണം. എനിക്കു കോവിഡ് വാർഡിൽ ഡ്യൂട്ടിയുമുണ്ട്. എല്ലാ സുരക്ഷയും പാലിച്ചാണ് ജോലി ചെയ്യുക. ആദ്യം കോവിഡ് ഐസിയുവിലായിരുന്നു ‍ഡ്യൂട്ടി. ഗർഭം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ യുകെയിൽ നഴ്സിങ് ഫീൽഡിൽ ജോലി ചെയ്യുന്നവരുടെ ‘റിസ്ക് അസസ്മെന്റ്’ നടത്തും. ആരോഗ്യസ്ഥിതി ഒക്കെ വിലയിരുത്തുന്ന സംവിധാനമാണത്. റിസ്കുള്ള ജോലികളിൽ നിന്നു പരമാവധി ഇളവും നൽകും. പക്ഷേ, കോവിഡ് വ്യാപനം വന്നതിനാൽ ഇങ്ങനെ ഇളവ് നൽകാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല.

യുകെയിലെ നിയമം അനുസരിച്ച് ഗർഭിണികൾക്കു 28 ആ ഴ്ച കഴിഞ്ഞാൽ ‘ഷീൽഡിങ്’ ആണ്. അതായതു സർക്കാർ ശമ്പളത്തോടു കൂടിയുള്ള അവധി. എനിക്കു 27 ആഴ്ച വരെ കുഴപ്പമില്ലാതെ പോയി. അപ്പോഴാണ് ജിമ്മിച്ചനു കോവിഡ് പോസിറ്റീവായത്. തൊട്ടുപിന്നാലെ എനിക്കും ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഡിസംബർ ഒന്നിന്, അവസാന ഡ്യൂട്ടിയുടെ തലേന്ന് നടത്തിയ ടെസ്റ്റിന്റെ ഫലം കോവിഡ് പോസിറ്റീവ് എന്നായിരുന്നു. അന്നു ഞാൻ ഏഴു മാസം ഗർഭിണി.

ഗർഭം ധരിച്ചിരിക്കുന്നതിനാൽ കോവിഡ് നിസ്സാരമായി വന്നു പോകില്ല എന്നൊരു ചിന്ത എന്നെ അലട്ടിയിരുന്നു. ബ്രിട്ടനിൽ കോവിഡ് ബാധിച്ചാൽ നേരേ ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറ്റില്ല. രോഗം ഗുരുതരമാണെന്നു പരിശോധിക്കുന്ന ഡോക്ടർ വിധിക്കണം. ആദ്യം ചെറിയ പനിയും ശരീരവേദനയുമേ ഉണ്ടായിരുന്നുള്ളൂ. ആ ആശ്വാസം താൽക്കാലികം മാത്രമായിരുന്നു.

ആശുപത്രിയിലേക്ക്

ഒരു ദിവസം ഉറക്കമുണർന്നപ്പോൾ കടുത്ത മൈഗ്രേൻ. കണ്ണു തുറക്കാൻ പോലും കഴിയുന്നില്ല. ഒപ്പം കടുത്ത ചുമയും. ഉടൻ തന്നെ ആശുപത്രിയിലെത്തി. ഓക്സിജൻ നൽകിയതോടെ അൽപം ആശ്വാസം തോന്നി. വീട്ടിലെത്തിയ ശേഷം സ്വീകരിക്കേണ്ട ചികിത്സാവിധികളും പറഞ്ഞു തന്നു.

IMG_0152

പിറ്റേന്നു രാവിലെ അപ്രതീക്ഷിതമായി കുഴഞ്ഞു വീണു. ജിമ്മിച്ചൻ എമർജൻസി നമ്പറിലേക്കു വിളിച്ചു. ഗർഭിണി ആയതിനാൽ സാധാരണ ആംബുലൻസിനു പുറമേ മിഡ്‌വൈഫറി ടീം അടങ്ങിയ രണ്ടാമതൊരു ആംബുലൻസ് കൂടി അടിയന്തര ചികിത്സയ്ക്ക് സജ്ജരായി എത്തി. ഇസിജി എടുത്തപ്പോൾ ഹാർട്ട് ബീറ്റ് വളരെ കൂടുതൽ. കലശലായ നെഞ്ചുവേദനയുമുണ്ട്. ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കു തന്നെ യാണ് കൊണ്ടുപോയത്. കോവിഡ് രോഗികളുടെ തിരക്കു മൂലം ചികിത്സ കിട്ടാൻ പിന്നെയും വൈകി.

നെഞ്ചിൽ ആരോ കല്ലുവച്ച് അമർത്തുന്ന പോലെ വേദന. ഒപ്പം തലവേദനയും ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടും ചുമയും കടുത്ത പനിയും. ശരീരമാകെ തണുത്തുറയുന്ന പോലെ. ശ്വാസകോശത്തെ കൊറോണ വൈറസ് ഗുരുതരമായി ബാധിച്ചിരുന്നു. മണിക്കൂറുകൾ കഴിയും തോറും ഞാൻ കൂടുതൽ ദുർബലയായി. ഇതിനിടെ ഡോക്ടർമാരുടെ ഒരു സംഘം എ ത്തി കുഞ്ഞിന്റെ അനക്കവും മറ്റും പരിശോധിച്ചു. പിന്നാലെ എന്നെ ഡെലിവറി സ്വീറ്റിലേക്ക് മാറ്റി. അതോടെ ജിമ്മിച്ചനും മക്കളുമായുള്ള കമ്യൂണിക്കേഷൻ മുറിഞ്ഞു. ഫോൺ എടുത്ത് വിളിക്കാനുള്ള ആരോഗ്യം എനിക്ക് ഇല്ലായിരുന്നു.

ആന്റിബയോട്ടിക്കുകൾ സ്റ്റാർട്ട് ചെയ്യുകയും ഓക്സിജൻ നൽകുകയും ചെയ്തതോടെ അവസ്ഥ മെച്ചപ്പെട്ടു. ആ രാത്രി അൽപം ഉറങ്ങി. പിറ്റേന്ന് വീണ്ടും സ്ഥിതി വഷളായി. ചുമച്ച് രക്തം തുപ്പി. അതോടെ എന്നെ ഐസിയുവിലേക്ക് മാറ്റാൻ തീരുമാനിച്ചു. എന്നെ ബാധിച്ച രോഗം കുഞ്ഞിനെ ബാധിക്കരുതേ എന്ന പ്രാർഥനയായിരുന്നു മനസ്സു നിറയെ. പിറ്റേന്നു സ്ഥിതി വീണ്ടും വഷളായി. ശ്വാസം എടുക്കാൻ പോലും പറ്റാത്ത സാഹചര്യം. ഉടൻ തന്നെ എമർജൻസി സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 1. 240 കിലോഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞിന്റെ മുഖം പുകമറയിലെന്ന പോലെ ഒന്നു കണ്ടു. ഭാരം കുറവാണെന്നതൊഴിച്ചാൽ അവൾക്കു കാര്യമായ കുഴപ്പം ഒന്നുമില്ല. ആദ്യം വെന്റിലേറ്ററിലായിരുന്ന കുഞ്ഞിനെ സ്വയം ശ്വസിക്കാൻ തുടങ്ങിയപ്പോഴേക്കും നിയോനാറ്റൽ ഐസിയുവിലേക്ക് കൊണ്ടുപോയി. കുഞ്ഞു സുരക്ഷിതയായി എന്ന ചിന്ത എന്റെ മനസ്സിന് കൂടുതൽ കരുത്ത് പകർന്നു.

സിസേറിയനു പിന്നാലെ എന്റെ അവസ്ഥ കൂടുതൽ ഗുരുതരമായി. ഐസിയുവിൽ നിന്ന് അടിയന്തരമായി വെന്റിലേറ്ററിലേക്കു മാറ്റി. അവിടെ ബോധത്തിനും അബോധാവസ്ഥയ്ക്കും ഇടയിലൂള്ള നൂൽപ്പാലത്തിലൂടെ ഒറ്റയ്ക്കുള്ള യാത്ര.

തിരിച്ചുവരവിന്റെ ദിനങ്ങൾ

എക്സ്റേ പരിശോധനയിൽ എന്റെ ശ്വാസകോശം ഏറെക്കുറേ പ്രവർത്തനരഹിതമായതായി ഡോക്ടർമാർ വിധിയെഴുതി. ശ്വാസം കിട്ടാൻ ബുദ്ധിമുട്ടായതോടെ എന്നെ കമഴ്ത്തി കിടത്തി. സിസേറിയന്റെ പിറ്റേ ദിവസം എന്നെ കമഴ്ത്തി കിടത്താൻ ഡോക്ടർമാർക്കു ഭയമായിരുന്നു, തുന്നലുകൾ പൊട്ടി അപകടമായാലോ? പക്ഷേ, ദൈവാനുഗ്രഹം കൊണ്ട് അങ്ങനെയൊന്നും സംഭവിച്ചില്ല.

ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിലൂടെയുള്ള യാത്ര തുടങ്ങി ഒരു മാസം പിന്നിട്ടപ്പോൾ ശരീരം മരുന്നുകളോട് പ്രതികരിച്ചു. ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ ‘മിറക്കിൾ’. ശ്വാസം കിട്ടിത്തുടങ്ങിയപ്പോൾ തോന്നിയ ആശ്വാസം വിവരിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. മെല്ലെ എനിക്കും തോന്നിത്തുടങ്ങി, ഞാൻ വീണ്ടും ജീവിതത്തിലേക്ക് മടങ്ങുകയാണന്ന്. കുഞ്ഞിന്റെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു.  

പല രോഗികളും ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ചിലർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. എന്നാൽ അതേ അനുഭവം എനിക്കും നേരിടേണ്ടി വരുമെന്ന് അപ്പോഴൊന്നും കരുതിയിരുന്നില്ല. ആശുപത്രിവാസത്തിന്റെ 33 നാളുകൾ പിന്നിട്ട് ഇക്കഴിഞ്ഞ ജനുവരി ഒൻപതിന് ഞാൻ വീട്ടിലേക്കു മടങ്ങി. അപ്പോൾ എന്റെ കയ്യിൽ പുഞ്ചിരി തൂകി കുഞ്ഞു കാതറീനും ഉണ്ടായിരുന്നു.’’

പ്രാർഥനയോടെ മലയാളി സമൂഹം

‘‘ജിമ്മിച്ചനും കുട്ടികളും ഇടയ്ക്കിടെ ഹോസ്പിറ്റലിലേക്ക് വിളിച്ചു കാര്യങ്ങൾ അന്വേഷിക്കും. സിസേറിയനു മുൻപ് എന്നെ കണ്ടു സംസാരിക്കാനും ആശുപത്രി അധികൃതർ അവസരം ഒരുക്കി. അമ്മ കുഴഞ്ഞു വീണ് ആശുപത്രിയിൽ പോകുന്നതാണ് മക്കൾ അവസാനമായി കണ്ടത്. അവരെ സമാധാനിപ്പിക്കാൻ ജിമ്മിച്ചൻ ഏറെ ബുദ്ധിമുട്ടി. ആശ്വാസമായി നിന്നത് ബ്രിട്ടനിലെ സുഹൃത്തുക്കളും മലയാളികളുമാണ്. ജിമ്മിച്ചനും മക്കൾക്കും ഭക്ഷണം നൽകാനും ചേർത്തു നിർത്താനും സുഹൃത്തുക്കൾ ഒപ്പം നിന്നു.

ഇവിടെയുള്ള മലയാളി കുടുംബങ്ങളിൽ എനിക്കു വേണ്ടി പ്രത്യേക പ്രാർഥന നടന്നു. സീറോ മലബാർ സഭയുടെ യുകെയിലെ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ജിമ്മിച്ചനെ നേരിൽ വിളിച്ച് ആശ്വസിപ്പിക്കുകയും പ്രാർഥിക്കുകയും ചെയ്തത് വലിയ ആത്മവിശ്വാസം നൽകി. യുകെയിലുള്ള സീറോ മലബാർ സഭയുടെ അച്ചൻമാരെല്ലാം  ഞങ്ങളുടെ വേദനയിൽ പങ്കാളികളായി. ആശുപത്രിയിൽ ഇംഗ്ലിഷുകാരും ഇന്ത്യക്കാരുമായ ഡോക്ടർമാരിൽ മലയാളികളായ ഡോ. ജോർജ്, ഡോ. രഞ്ജിത്ത്, ഡോ. ഷിബു തുടങ്ങിയവരുടെ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. സഹപ്രവർത്തകരായ നഴ്സുമാരുടെ പരിചരണവും മറക്കാൻ കഴിയില്ല.

Tags:
  • Spotlight