Friday 19 July 2024 11:32 AM IST : By സ്വന്തം ലേഖകൻ

പോളിയോയിൽ തളർന്ന കാലുകൾ, ആരോരുമില്ലാത്ത ജീവിതം: റുഖിയയുടെ ജീവിതത്തിൽ ഒടുവിൽ ഹൈ വോൾട്ടേജ് തിളക്കം

rukkiya 1. ലൈൻമാ‍ൻ സജീഷും റുഖിയയും. അകത്തു കത്തിനിൽക്കുന്ന ബൾബും കാണാം. 2. റുഖിയയുടെ വീട്ടിലേക്കുള്ള വൈദ്യുതലൈൻ ശരിയാക്കാൻ കാക്കത്തോട് നീന്തിക്കടക്കുന്ന ലൈൻമാൻ സജീഷ്.

ഇരു കൈകളും മുകളിലേക്കുയർത്തി, കണ്ണുകളിൽ നിറയെ വെളിച്ചവുമായി റുഖിയ സജീഷിനെ നോക്കി. ‘ പെരുത്ത് നന്ദിയുണ്ട്. പടച്ചവന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകും’. രണ്ടു പേരുടെയും കണ്ണുകളിൽനിന്നു വീണ ആനന്ദക്കണ്ണീരിന് നന്മയുടെ ഹൈ വോൾട്ടേജ് തിളക്കം. വാണിയമ്പലം കെഎസ്ഇബി സെക്‌ഷൻ ഓഫിസിലെ ലൈൻമാനാണു സജീഷ്. ഓഫിസിൽനിന്ന് 7 കിലോമീറ്റർ അകലെ തോട്ടിന്റെ അക്കരെ ഒറ്റയ്ക്കു താമസിക്കുകയാണ് റുഖിയ. കഴിഞ്ഞ ദിവസം കനത്ത മഴയിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ട വീടുകളിലൊന്ന് റുഖിയയുടേതായിരുന്നു.

ഒറ്റയ്ക്കു താമസിക്കുന്ന അറുപത്തഞ്ചുകാരിക്കു കൂട്ടായി വൈദ്യുതി വെളിച്ചമെങ്കിലും വേണമെന്ന് വാണിയമ്പലം കെഎസ്ഇബി സെക്‌ഷൻ ഓഫിസിലെ ജീവനക്കാർ തീരുമാനിച്ചു. ഇരുവശത്തും കരകവിഞ്ഞൊഴുകുന്ന  തോടും വെള്ളം മൂടിയ പാടവും പറമ്പുമൊന്നും അവരുടെ കർത്തവ്യബോധത്തിനു തടസ്സമായില്ല.  പ്രതിബന്ധങ്ങളെല്ലാം നീന്തിക്കടന്ന് വൈദ്യുതിതടസ്സം നീക്കിയ സജീഷിനെ റുഖിയ ആദ്യമായി കണ്ടപ്പോഴാണ് വികാരനിർഭര രംഗങ്ങൾ.

rukkiya-2

സ്നേഹത്തിന്റെ കണക്‌ഷൻ

താളിയംകുണ്ട് നനമുണ്ടപ്പാടത്തിനപ്പുറത്ത് തനിച്ചു താമസിക്കുന്ന മഠത്തിൽ റുഖിയയുടെ വീട്ടിലേക്കുള്ള വൈദ്യുതി  കണ‌ക്‌ഷൻ ബില്ലടയ്ക്കേണ്ടാത്ത പരിധിയിൽ വരുന്നതാണ്. ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ വൈദ്യുതി വെളിച്ചം കൂടിയില്ലാതെ അനുഭവിക്കുന്ന പ്രയാസം മനസ്സിലാക്കിയാണ് ലൈൻമാൻമാരായ നടുവത്ത് കണ്ടോളത്ത് സജീഷ്, കാപ്പിൽ പെരിക്കാത്ര പ്രകാശ്, ചിറയ്ക്കൽ ഗിരീഷ് എന്നിവർ താളിയംകുണ്ടിലേക്കു തിരിച്ചത്. സബ് എൻജിനീയർ പി.സഹീറലിയും പിന്നാലെയെത്തി. സ്ഥലത്തെത്തിയപ്പോൾ തോട് കരകവിഞ്ഞൊഴുകുന്നു. മറ്റു ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ സജീഷ് തോടിനു കുറുകെ നീന്തി. നീണ്ട സാഹസത്തിനൊടുവിൽ പൊട്ടിവീണ വൈദ്യുതക്കമ്പി കണ്ടെത്തി മറുവശത്തെത്തിച്ചു കണക്‌ഷൻ ശരിയാക്കി.

ജീവിതത്തിലെ പവർകട്ടുകൾ’

ഏഴാം വയസ്സിലെത്തിയ പോളിയോയിൽ തളർന്നു പോയതാണു മഠത്തിൽ റുഖിയയുടെ കാലുകൾ. ബാപ്പ മൊയ്തീൻ കുട്ടിയും ഉമ്മയും സഹോദരങ്ങളുമെല്ലാം മരിച്ചതോടെ പട്ടികയും കഴുക്കോലും ദ്രവിച്ച് ഓട് താഴെ വീഴുന്ന പഴയ വീട്ടിൽ റുഖിയ ഒറ്റയ്ക്കായി താമസം. സഹായത്തിന് വല്ലപ്പോഴുമെത്താൻ ഒരു സഹോദരി മാത്രമാണുള്ളത്. വികലാംഗ പെൻഷനായി ലഭിക്കുന്ന 1600 രൂപയാണു ഏക വരുമാനം. വഴികളെല്ലാം കാടുമൂടിയ വീട്ടിലേക്ക് വൈദ്യുതി കണ‌ക്‌ഷന് പ്രശ്നമൊന്നും ഇല്ലെന്നുറപ്പിക്കാനാണ് സജീഷ് ഇന്നലെ സഹപ്രവർത്തകൻ  രാജേഷിനൊപ്പമെത്തിയത്.

കെഎസ്ഇബി ജീവനക്കാർ തോട് നീന്തിക്കടന്നാണ് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതെന്ന് റുഖിയ അറിഞ്ഞിരുന്നു. അവരെ ഇന്നലെ നേരിൽ കണ്ടപ്പോൾ നിലത്തിരുന്ന് കയ്യിലെ നീണ്ട വടികൊണ്ട് സ്വിച്ച് ഓണാക്കിക്കാണിച്ചു. പിന്നെ ഇടറിയ ശബ്ദത്തിൽ പ്രാർഥന. വീട്ടിലേക്കു നേരായ വഴി, അല്ലെങ്കിൽ നല്ല വഴിയുള്ളിടത്ത് ഒരു വീട് എന്നതു മാത്രമാണ് റുഖിയയുടെ ശേഷിക്കുന്ന സ്വപ്നം.

നന്മയുടെ‘സജീഷ്’ മാർഗം

2019ലെ പ്രളയകാലത്ത് വളരാട് പുഴ നിറഞ്ഞൊഴുകി സമീപ പ്രദേശങ്ങൾ മുങ്ങിയപ്പോൾ മുക്കാൽ ഭാഗത്തോളം വെള്ളത്തിലായ വൈദ്യുതി തൂണിൽ നീന്തിയെത്തി കണക്‌ഷൻ പുനസ്ഥാപിച്ച അനുഭവം സജീഷിനുണ്ട്. അന്നു അധികമാരും ഇതറിഞ്ഞില്ല. ഇത്തവണ ഒപ്പമുണ്ടായിരുന്ന സബ് എൻജിനീയർ പി.സഹീറലി മൊബൈലിൽ പകർത്തിയ ചിത്രം പ്രചരിച്ചതോടെയാണു നന്മയുടെ  തെളിച്ചം    നാടറിഞ്ഞത്.