Tuesday 11 December 2018 05:21 PM IST : By സ്വന്തം ലേഖകൻ

ഭാര്യയുടെ വഞ്ചനയ്ക്ക് പ്രതികാരം; പൊലീസ് വേഷത്തിലെത്തി ഭർത്താവ് കൊലപ്പെടുത്തിയത് 78 സ്ത്രീകളെ!

mikhail-popkov

എട്ടു വര്‍ഷത്തിനിടെ 78 സ്ത്രീകളെ കൊലപ്പെടുത്തിയ മുന്‍ റഷ്യന്‍ പൊലീസുകാരന് ജീവപര്യന്തം തടവുശിക്ഷ. റഷ്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സീരിയല്‍ കില്ലറായ മിഖായേല്‍ പോപ്കോവിന് സൈബീരിയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. അമേരിക്കയില്‍ 30 വര്‍ഷത്തിനിടെ 90 കൊലപാതകങ്ങള്‍ നടത്തിയ സാമുവേല്‍ ലിറ്റിലിന്റെ കഥ കേട്ട് ലോകം ‍ഞെട്ടിത്തരിച്ചിരിക്കുന്നതിനു പിന്നാലെയാണ് സമാന സ്വഭാവമുള്ള മറ്റൊരു വാര്‍ത്ത പുറത്തുവരുന്നത്.

ഇത്തവണ സംഭവം റഷ്യയിലാണ്.1992 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ 78 പേരാണ് 56 കാരനായ മിഖായേല്‍ പോപ്കോവ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ  ക്രൂരതയ്ക്ക് ഇരയായത്. കൊല്ലപ്പെട്ടവരെല്ലാം സ്ത്രീകളാണ്. 56 സ്ത്രീകളെ െകാലപ്പെടുത്തിയ കേസിലാണ് ഇയാളെ കോടതി ശിക്ഷിച്ചത്. 22 സ്ത്രീകളെ കൊന്ന കേസിൽ ഇയാളെ നേരത്തെ തന്നെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

ഇർകുട്സ്കിലെ പൊലീസുകാരനായ പോപ്കോവ് വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമാണ്. ഭാര്യയ്ക്കു മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന സംശയമാണു സ്ത്രീകളെ കൊല്ലുന്നതിലേക്ക് ഇയാളെ നയിച്ചത്. ഇക്കാര്യം ശരിയായിരുന്നുവെന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭാര്യയും പൊലീസ് ഡിപ്പാര്‍ട്മെന്റിൽത്തന്നെയാണു പ്രവർത്തിച്ചിരുന്നത്. പോപ്കോവിന്റെ ഇരകളിൽ കൂടുതലും വേശ്യകളോ കുടിച്ചു ബോധം കെട്ട നിലയിൽ നടന്ന ചെറുപ്പക്കാരികളോ ആയിരുന്നു. നേരായ വഴിക്കല്ല നടക്കുന്നതെന്നു പോപ്കോവിനു തോന്നുന്നവരായിരുന്നു ഇരകളെല്ലാം. മിക്കവരുടെയും പ്രായം 17 നും 50 നും ഇടയിലാണ്.

രക്ഷപ്പെടുന്ന ഇരകളിൽനിന്നുള്ള വിവരങ്ങളും മറ്റുമായി വിശദമായ അന്വേഷണം നടത്തിയെങ്കിലും രണ്ടു ദശകത്തോളം പോപ്കോവ് പൊലീസിനെ കബളിപ്പിച്ചു നടന്നു. എന്നാൽ എല്ലാ പരമ്പരക്കൊലയാളികൾക്കും പറ്റുന്ന പറ്റുന്ന അബദ്ധം പോപ്കോവിനും പറ്റി. തുടർക്കൊലപാതകങ്ങളിൽ പൊലീസ് ചില സമാനതകൾ കണ്ടെത്തി. നിയമപാലകർ ഉപയോഗിക്കുന്ന തരത്തിലുള്ള ഓഫ് റോഡ് വാഹനത്തിന്റെ ടയർപാടുകൾ കുറ്റകൃത്യം നടന്നിടത്തെല്ലാം ഒരുപോലെ കണ്ടെത്തിയതു വഴിത്തിരിവായി

തുടർന്ന് 2012 ൽ, ഇർകുട്സ്ക് പൊലീസിൽ നിലവിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ നിരവധിപ്പേരെ ചോദ്യം ചെയ്തു. ഡിഎൻഎ പരിശോധനകൾ നടത്തി. ഒടുവിൽ അതേവർഷം തന്നെ പോപ്കോവിനെ പിടികൂടുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിക്കുന്ന കത്തി, കോടാലി തുടങ്ങിയവ താൻ ജോലി ചെയ്ത സ്റ്റേഷനിലെ ‘തെളിവു ശേഖരണ’ വിഭാഗത്തിൽനിന്നാണ് ഇയാൾ എടുത്തിരുന്നത്. അതിനാൽത്തന്നെ ആയുധങ്ങളുടെ ലഭ്യതക്കുറവ് ഒരിക്കലും പോപ്കോവിനെ അലട്ടിയിരുന്നില്ല. കൊലപാതകശേഷം ആയുധങ്ങളിൽനിന്ന് വിരലടയാളം ഉൾപ്പെടെയുള്ള തെളിവുകൾ മായ്ച്ച് കൊലപാതക സ്ഥലത്തു ഉപേക്ഷിക്കുമായിരുന്നു. പക്ഷേ ഒളിഞ്ഞിരുന്ന ഇതേ തെളിവുകൾ തന്നെയാണ് അയാളെ കുടുക്കിയതും!

ഭൂരിഭാഗം സ്ത്രീകളെയും ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയത്. രാത്രിയില്‍ പൊലീസ് വേഷത്തില്‍ കാറില്‍ സ്ത്രീകള്‍ക്കടുത്തെത്തുന്ന പോപ്കോവ് സൗജന്യ യാത്ര വാഗ്ദാനം ചെയ്യും. ഇങ്ങനെ കയറുന്ന സ്ത്രീകളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയാണ് ഇയാളുടെ രീതി. കത്തിയും, കോടാലിയും പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം. കൊലപാതകം നടത്തുന്ന രീതി പൊലീസിന് മിഖായേല്‍ ഡമ്മി ഉപയോഗിച്ച് കാണിച്ചുകൊടുക്കുകയുണ്ടായി. ഇരകളെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം വികൃതമാക്കുന്നതും ഇയാളുടെ രീതിയാണ്. റഷ്യന്‍ മാധ്യമങ്ങള്‍ വികൃതജന്തു എന്ന വിശേഷിപ്പിച്ച, രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറുടെ ഇനിയുള്ള ജീവിതം തടവറയിലാണ്.

more...